മഞ്ചേശ്വരം: ഉപതെരഞ്ഞെടുപ്പിനുള്ള ലീഗിന്റെ നീക്കം രാഷ്ട്രീയ പാപ്പരത്തമെന്ന് കെ സുരേന്ദ്രന്‍

single-img
12 June 2017

കോഴിക്കോട്: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിനെച്ചൊല്ലി വിവാദം മുറുകുന്നു. മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് കൊണ്ടുവരാനുള്ള നീക്കം ലീഗിന്റെ രാഷ്ട്രീയ പാപ്പരത്തത്തിന്റെ തെളിവാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ പറഞ്ഞു. കേസില്‍ പരാജയപ്പെടുമെന്ന് കണ്ടാണ് രാജിവെച്ച് ഉപതെരഞ്ഞെടുപ്പ് കൊണ്ടുവരാന്‍ ലീഗ് നീക്കം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് നടത്താന്‍ ലീഗ് ശ്രമിക്കുന്നു എന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു കെ സുരേന്ദ്രന്‍.

രണ്ടും രണ്ടും ചേര്‍ത്താല്‍ നാലാകില്ല, ജനങ്ങള്‍ എല്ലാം കാണുന്നുണ്ട്. മഞ്ചേശ്വരത്ത് മത്സരിച്ച് ലീഗിനെ പരാജയപ്പെടുത്താന്‍ സാധിക്കുമോയെന്ന് നോക്കും. അവിടെ 3000 കള്ളവോട്ട് നടന്നിട്ടുണ്ട്. കേസ് നീണ്ടു പേകാതിരിക്കാന്‍ 299 വോട്ടുകള്‍ സംബന്ധിച്ച വിവരങ്ങളെ കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളു. ലീഗിനു അതില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ പറ്റില്ലെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

മഞ്ചേശ്വരം എംഎല്‍എ അബ്ദുള്‍ റസാഖ് രാജിവെച്ചാല്‍ അത് തങ്ങളുടെ വാദം ശരിവെച്ചതിന് തുല്യമാണ്. ബിജപിക്ക് വലിയ രാഷ്ട്രീയ നേട്ടം തന്നെയാണിത്. കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം വസ്തുതാപരമായിരുന്നു. വിദേശത്തുള്ളവരും മരിച്ചവരും കള്ളവോട്ട് ചെയ്താണ് തന്നെ പരാജയപ്പെടുത്തിയത്. അത് തെളിയിക്കാനാവശ്യമായ എല്ലാ രേഖകളും കോടതിയില്‍ ഹാജരാക്കാന്‍ തനിക്ക് സാധിച്ചതായി സുരേന്ദ്രന്‍ പറഞ്ഞു.

മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് കൊണ്ടുവരാന്‍ മുസ്ലീം ലീഗ് നീക്കം തുടങ്ങിയതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനായി നിലവിലെ എംഎല്‍എ അബ്ദുള്‍ റസാഖിനെ രാജിവെപ്പിക്കാനാണ് ലീഗ് നേതൃത്വം ആലോചിക്കുന്നത്. ഇടതുപക്ഷവുമായി രഹസ്യ ധാരണയോടെ ഉപതിരഞ്ഞെടുപ്പില്‍ വിജയം വരിക്കാമെന്നാണ് ലീഗ് കരുതുന്നത്. മഞ്ചേശ്വരത്ത് കള്ളവോട്ടു നടന്നു എന്നാരോപിച്ച് ബിജെപി സ്ഥാനാര്‍ഥിയായിരുന്ന കെ സുരേന്ദ്രന്‍ നടത്തുന്ന നിയമ പോരാട്ടം എതിരാകുമോ എന്ന ആശങ്കയെ തുടര്‍ന്നാണ് പുതിയ നീക്കം ലീഗ് നേതൃത്വം ആലോചിക്കുന്നതെന്നാണ് വിവരം.