തട്ടുകടയല്ല, ബ്രാന്‍ഡഡ് തട്ടുകട: കേരളത്തിലെ തട്ടുകടകള്‍ മുഖംമിനുക്കുന്നു

single-img
12 June 2017

തിരുവനന്തപുരം: നഗരങ്ങളിലെ തട്ടുകടകളും ഇനി ബ്രാന്‍ഡഡ്. തട്ടുകടകള്‍ക്ക് ഒരു ബ്രാന്‍ഡ്, തൊഴിലാളികള്‍ക്ക് ഒരേ വേഷം എന്നിങ്ങനെ തട്ടുകടകളെ നവീകരിക്കാന്‍ ഒരുങ്ങുകയാണ് കേരളം. എല്ലാ നഗരസഭയിലെയും കച്ചവടക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും ലൈസന്‍സും ഏര്‍പ്പെടുത്തും. ഗതാഗതത്തിന് തടസ്സമല്ലെങ്കില്‍ നിലവില്‍ കച്ചവടം ചെയ്യുന്ന സ്ഥലത്തുതന്നെ താത്കാലിക സൗകര്യങ്ങള്‍ ഒരുക്കും. അല്ലാത്തയിടങ്ങളിലെ കച്ചവടക്കാരെ ഒരുമിച്ച് സൗകര്യപ്രദമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റും. ഇതിനായി താത്കാലിക കെട്ടിടങ്ങള്‍ നിര്‍മിക്കും. കുടിവെള്ളം, വൈദ്യുതി എന്നിവയൊക്കെ ഉറപ്പാക്കും. നഗരസഭകള്‍ക്ക് വേണമെങ്കില്‍ ഇവരില്‍നിന്ന് ചെറിയ വാടകയും ഈടാക്കാം.

തെരുവോര കച്ചവടക്കാരുടെ ഉപജീവന സംരക്ഷണത്തിനും നിയന്ത്രണത്തിനുമായി 2014ല്‍ കേന്ദ്രം പാസ്സാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് തട്ടുകടകളെ നവീകരിക്കുന്നത്. കേന്ദ്രത്തിന്റെ ഈ പദ്ധതി കേരളത്തില്‍ നടപ്പാക്കുന്നത് കുടുംബശ്രീ മിഷനാണ്. 93 നഗരസഭ പ്രദേശങ്ങളിലായി പതിനായിരത്തിലധികം കച്ചവടക്കാരുണ്ടെന്നാണ് നിഗമനം. അടിസ്ഥാന സൗകര്യം ഒരുക്കിയും ഭക്ഷണത്തിന് ഗുണനിലവാരം ഉറപ്പാക്കിയും സാധാരണക്കാര്‍ക്ക് ആശ്രയിക്കാവുന്ന ഭക്ഷ്യവിപണനശൃംഖല കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്ന് മിഷന്റെ സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ ബിനു ഫ്രാന്‍സിസ് പറഞ്ഞു. ഭക്ഷ്യവിപണനത്തില്‍ പാലിക്കേണ്ട ശുചിത്വത്തെപ്പറ്റി ഇവര്‍ക്ക് പ്രത്യേകം പരിശീലനവും നല്‍കും. ഈവര്‍ഷം അവസാനത്തോടെ ബ്രാന്‍ഡിങ്ങിന് തുടക്കംകുറിക്കും