എറണാകുളം ബി.ജെ.പിയില്‍ ഗ്രൂപ്പിസം മുറുകുന്നു; എ.എന്‍. രാധാകൃഷ്ണനെതിരെ പടയൊരുക്കം

single-img
12 June 2017

കൊച്ചി: എറണാകുളം ജില്ലയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കിടയില്‍ ഒളിഞ്ഞും തെളിഞ്ഞും നിന്നിരുന്ന ഗ്രൂപ്പിസം ശക്തമായി മറനീക്കി പുറത്തുവരുന്നു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി നേതാവ് ജിനീഷിനെ വടുതലയില്‍ വെച്ച് കുത്തിപരുക്കേല്‍പ്പിച്ച കേസില്‍ മണ്ഡലം പ്രസിഡന്റായ സിജി രാജഗോപാലനെ പ്രതിയാക്കിയത് ജില്ലയിലെ മുതിര്‍ന്ന നേതാവും സംസ്ഥാന വൈസ് പ്രസിഡന്റുമായ എ.എന്‍. രാധാകൃഷ്ണനാണെന്നാണ് പുറത്തു വരുന്ന സൂചനകള്‍.

സംഭവം നടക്കുന്ന സമയം സ്ഥലത്തില്ലാതിരുന്ന സിജി ഇപ്പോള്‍ കേസിലെ രണ്ടാം പ്രതിയാണ്. സിജിയുടെ അടുത്ത സുഹൃത്തുക്കളാണ് ഇത് സംബന്ധിച്ച സൂചനകള്‍ നല്‍കുന്നത്. എ.എന്‍. രാധാകൃഷ്ണനും ജില്ലയിലെ സി.പി.എം നേതൃത്വവും സെന്‍ട്രല്‍ സി.ഐയും ചേര്‍ന്നാണ് സിജിയെ കേസില്‍ കുടുക്കിയത്. മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരം നഗരത്തിന്റെ മറ്റൊരു പ്രദേശത്തുണ്ടായിരുന്ന സിജി രാജഗോപാലിനെ സംഭവസ്ഥലത്ത് എത്തിച്ച ശേഷം പൊലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിക്കുകയായിരുന്നു.

വടുതലയില്‍ സംഘര്‍ഷം നടക്കുന്നതറിഞ്ഞ് ഓട്ടോറിക്ഷയില്‍ വന്നിറങ്ങിയ രാജഗോപാലിനെ ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ വടിവാളുമായി ഓടിച്ചു. ജീവന്‍ രക്ഷാര്‍ത്ഥം സെന്‍ട്രല്‍ വനിതാസ്റ്റേഷനില്‍ അഭയം പ്രാപിച്ച രാജഗോപാലിനെ സംരക്ഷണാര്‍ത്ഥം അവിടെയിരുത്തി. പിന്നീട് വെള്ളിയാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍.

പിന്നീട് രണ്ടാം പ്രതിയാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. രാജഗോപാല്‍ ഉള്‍പ്പെടെ ഒന്‍പതു പേരെ വെള്ളിയാഴ്ചയാണ് എറുണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്യുന്നത്. അതേസമയം പ്രധാന പ്രതി അനിലിനെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇയാളാണ് ബിനീഷിനെ കുത്തിയത്. ജിനീഷ് സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മുമ്പ് കേരളത്തിന് പുറത്തുള്ള എഞ്ചിനീയറിംങ് കോളേജുകളില്‍ അഡ്മിഷന്‍ വാഗ്ദാനം ചെയ്ത് പലരില്‍ നിന്നുമായി പത്ത് കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ രാജഗോപാല്‍ ആരോപണം നേരിട്ടിരുന്നു.

തട്ടിപ്പ് കേസിലെ പ്രതികളായ ജയേഷ് ജെ കുമാറും ഭാര്യ രാരിയുമായി കുടുംബസമേതം യാത്രകള്‍ ചെയ്യുന്ന ചിത്രങ്ങളാണ് ആരോപണത്തിന് അടിസ്ഥാനമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാല്‍ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയതോടെ രാജഗോപാലിനെ നിയമനടപടികളില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. ഈ ആരോപണത്തിനു പിന്നിലും എഎന്‍ രാധാകൃഷ്ണനു പങ്കുണ്ടെന്നായിരുന്നു സിജി രാജഗോപാലിന്റെ ആരോപണം. സിജി രാജഗോപാലും എ.എന്‍. രാധാകൃഷ്ണനും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പലപ്പോഴും ചര്‍ച്ചയായിട്ടുള്ളതാണ്.

പലപ്പോഴും ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്. സിജി രാജഗോപാലിന്റെ ഉയര്‍ച്ചയ്ക്ക് പലപ്പോഴും തടസം സൃഷ്ടിച്ചയാളാണ് രാധാകൃഷ്ണന്‍. എ.എന്‍. രാധാകൃഷ്ണന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അനധികൃതമായി ഫണ്ട് പ്രവര്‍ത്തനം നടത്തിയതും ഗുണ്ടകളുമായുള്ള ഇദ്ദേഹത്തിന്റെ ബന്ധവുമെല്ലാം സിജി രാജഗോപാല്‍ സംസ്ഥാന കമ്മിറ്റിക്ക് മുന്‍പില്‍ എത്തിച്ചിരുന്നു. ഇതേ തുടര്‍ന്ന് ജില്ലയിലെ പരിപാടികളില്‍ പങ്കെടുക്കുന്നതിനും വാര്‍ത്താസമ്മേളനങ്ങള്‍ വിളിക്കുന്നതിനും രാധാകൃഷ്ണന് സംസ്ഥാന കമ്മിറ്റി വിലക്കേര്‍പ്പെടുത്തിയിരുന്നു.