ബാധ ഒഴിപ്പിക്കാന്‍ ബിജെപി മന്ത്രിമാര്‍; രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം

single-img
12 June 2017

ഗുജറാത്തില്‍ 100 മന്ത്രവാദികള്‍ പങ്കെടുത്ത ബാധ ഒഴിപ്പിക്കല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ ഗുജറാത്ത് മന്ത്രിമാര്‍ വിവാദത്തില്‍. ഗുജറാത്ത് വിദ്യാഭ്യാസ-റവന്യൂ മന്ത്രി ഭൂപേന്ദ്ര സിങ് ചുടാസമ, സാമൂഹ്യനീതി വകുപ്പു മന്ത്രി ആത്മറാം പാര്‍മാര്‍ എന്നിവരാണ് ബാധ ഒഴിപ്പിക്കല്‍ ചടങ്ങില്‍ പങ്കെടുത്തത്. ബോട്ടഡ് ജില്ലയിലെ ഗദാഹഡ ഗ്രാമത്തിലായിരുന്നു ബാധയൊഴിപ്പിക്കല്‍ ചടങ്ങ്. രണ്ടു മന്ത്രവാദികള്‍ ഗുജറാത്തി സംഗീതത്തിന്റെ പശ്ചാത്തലത്തില്‍ ചങ്ങല ഉപയോഗിച്ച് സ്വന്തം ശരീരത്തില്‍ അടിക്കുന്നതും വിഡിയോയില്‍ ദുശ്യമാണ്. ചടങ്ങിന് ശേഷം മന്ത്രവാദികള്‍ മന്ത്രിമാര്‍ക്ക് ഹസ്തദാനവും ചെയ്യുന്നുണ്ട്. ബിജെപിയുടെ പ്രാദേശിക ഘടകമാണ് പരിപാടി സംഘടിപ്പിച്ചത്. ആ മേഖലയിലെ എംഎല്‍എമാരും ചടങ്ങില്‍ പങ്കെടുത്തിട്ടുണ്ട്.

സംഭവം പുറത്തായതോടെ മന്ത്രിമാര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി നിരവധി നേതാക്കള്‍രംഗത്തെത്തി. അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്ന ഇത്തരം പരിപാടികളില്‍ നിന്നും മന്ത്രിമാരെ വിലക്കണമെന്ന് ആവശ്യപ്പെട്ട്, മുഖ്യമന്ത്രി വിജയ് രൂപാനിക്ക് നേതാക്കള്‍ കത്തയച്ചു. അതേസമയം, ദിവ്യശ്കതിയെ ആരാധിക്കുന്ന ഒരു വിശുദ്ധ ചടങ്ങില്‍ പങ്കെടുക്കുക മാത്രമേ ചെയ്തുള്ളൂവെന്നായിരുന്നു മന്ത്രി ഭൂപേന്ദ്ര സിങ് ചുടാസമയുട പ്രതികരണം. അവര്‍ അന്ധവിശ്വാസത്തെ പ്രചരിപ്പിക്കുന്നവര്‍ അല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.