തന്നെ മദ്യപനാക്കാൻ ശ്രമമെന്ന് ആര്‍ച്ച് ബിഷപ്പ് സൂസെപാക്യം;വൈന്‍ ആവശ്യപ്പെട്ട് എക്‌സൈസിന് നല്‍കിയ അപേക്ഷ മാധ്യമങ്ങള്‍ക്ക് നല്‍കി അവഹേളിച്ചു

single-img
12 June 2017

കൊച്ചി : കുര്‍ബാന ആവശ്യത്തിന് വൈന്‍ ആവശ്യപ്പെട്ട് എക്‌സൈസിന് നല്‍കിയ അപേക്ഷ മാധ്യമങ്ങള്‍ക്ക് നല്‍കി അവഹേളിച്ചുവെന്ന് കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് സൂസെപാക്യം. കുര്‍ബാന ആവശ്യത്തിനായി വളരെ നിസ്സാരമായ അളവില്‍ വൈന്‍ നല്‍കാനാണ് താന്‍ ആവശ്യപ്പെട്ടത്. ഈ അപേക്ഷയുടെ മറവില്‍ തന്നെ മദ്യപാനിയായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നിലവില്‍ നടക്കുന്നതെന്നും അളവ് കുറയ്ക്കണമെന്ന് പറഞ്ഞിരുന്നെങ്കില്‍ താന്‍ അതിനും തയ്യാറായിരുന്നുവെന്നും സൂസപാക്യം ആരോപിച്ചു.

മദ്യത്തിന്റെ ലഭ്യത കുറച്ചു കൊണ്ടുവന്നാണ് മദ്യവര്‍ജനം നടപ്പിലാക്കേണ്ടത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മദ്യശാലകള്‍ വെട്ടിക്കുറച്ചത് ഗുണം ചെയ്തിരുന്നെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ലത്തീന്‍ അതിരൂപത വൈന്‍ ഉത്പാദനത്തില്‍ 900 ശതമാനം വര്‍ദ്ധനവ് വരുത്താന്‍ അനുമതി തേടി എക്‌സൈസ് വകുപ്പിന് നൽകിയ അപേക്ഷ പുറത്ത് വന്നിരുന്നു.നിലവില്‍ 250ലിറ്റര്‍ വൈന്‍ നിര്‍മ്മിക്കാനാണ് ലൈസന്‍സ് ഉള്ളത്. എന്നാല്‍ ഇത് 2500ലിറ്റര്‍ ആയി വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണു തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് സൂസെപാക്യം എക്‌സൈസ് ജോയിന്റ് കമ്മീഷണറെ സമീപിച്ചത്. എന്നാല്‍ എക്‌സൈസ് ജോയിന്റ് കമ്മീഷ്ണര്‍ രൂപതയുടെ ആവശ്യം തള്ളി.

വൈദികരുടെ എണ്ണത്തില്‍ 77 ശതമാനം ഉയര്‍ച്ചയാണ് ഉണ്ടായതെന്നാണ് സൂസെപാക്യം അവകാശപ്പെടുന്നത്. അതേസമയം വൈന്‍ നിര്‍മ്മാണത്തില്‍ 900 ശതമാനം വര്‍ധനവാണ് ആവശ്യപ്പെടുന്നത്. ഈ പൊരുത്തക്കേടുകളില്‍ വ്യക്തത വരുത്തണമെന്നും എക്‌സൈസ് വകുപ്പ് ആവശ്യപ്പെട്ടത്.