പാരാ അത്‌ലറ്റിന് ട്രെയിനില്‍ ദുരിത യാത്ര; പരാതിപ്പെട്ടിട്ടും ടി.ടി.ആര്‍ ഗൗനിച്ചില്ല

single-img
11 June 2017

ടി.ടി.ആറിന്റെ വാശി കാരണം പാരാ അത്‌ലറ്റിന് ട്രെയിനില്‍ ദുരിത യാത്ര. ഇന്ത്യക്കായി ടേബിള്‍ ടെന്നീസില്‍ മെഡല്‍ നേടിയിട്ടുള്ള സുവര്‍ണ രാജിനാണ് ഗരീബ്‌രഥ് എക്‌സ്പ്രസിന്റെ നിലത്തുകിടന്ന് യാത്ര ചെയ്യേണ്ടി വന്നത്. വീല്‍ചെയറിന്റെ സഹായത്തോടെ മാത്രം ചലിക്കാന്‍ കഴിയുന്ന, 90% ശാരീരിക വെല്ലുവിളി നേരിടുന്ന സുവര്‍ണക്ക് നാഗ്പൂര്‍-ന്യൂഡല്‍ഹി ഗരീബ്‌രഥ് എക്‌സ്പ്രസില്‍ അപ്പര്‍ ബെര്‍ത്താണ് നല്‍കിയിരുന്നത്. താഴെ ബെര്‍ത്തിലേക്ക് ടിക്കറ്റ് മാറ്റി നല്‍കണമെന്ന് ടി.ടി.ആറിനോട് നിരന്തരം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം ചെവിക്കൊണ്ടില്ലെന്നും സുവര്‍ണ പറയുന്നു.

നാഗ്പൂര്‍-ന്യൂഡല്‍ഹി ഗരീബ്‌രഥ് എക്‌സ്പ്രസില്‍ ശനിയാഴ്ച്ച രാത്രി 8.45ന് ട്രെയ്‌നില്‍ കയറിയ സുവര്‍ണ 12 മണിക്കൂറിലേറെയാണ് യാത്ര ചെയ്തത്. പത്തിലേറെ തവണ ടി.ടി.ആറിനെ വിളിച്ചു. പക്ഷേ ടിക്കറ്റ് നോക്കനോ പരിശോധിക്കാനോ ടി.ടി.ആര്‍ എത്തിയില്ല. അതുകൊണ്ടാണ് നിലത്ത് കിടക്കേണ്ടി വന്നത് എന്ന് സുവര്‍ണ പറയുന്നു. കയ്യില്‍ ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള ടിക്കറ്റ് ആയിരുന്നു. എന്നിട്ടാണ് തന്നോട് ഇങ്ങനെ പെരുമാറിയത് എന്നും സുവര്‍ണ പറഞ്ഞു. 2013ല്‍ തായ്‌ലന്‍ഡില്‍ നടന്ന പാരാ ടേബിള്‍ ടെന്നീസ് ഓപ്പണില്‍ സുവര്‍ണ രാജ് മെഡല്‍ നേടിയിരുന്നു. ദക്ഷിണ കൊറിയയില്‍ നടന്ന ഏഷ്യന്‍ പാരാ ഗെയിംസിലും പങ്കെടുത്തിരുന്നു.