കണിയാപുരം കെഎസ്ആര്‍ടിസി ബസ് ഡിപ്പോക്ക് മുന്‍വശം ചോരക്കളമാകുന്നു; അപകടങ്ങള്‍ തുടര്‍ക്കഥ

single-img
11 June 2017

കണിയാപുരം കെഎസ്ആര്‍ടിസി ബസ് ഡിപ്പോക്കു മുന്‍വശം അപകടങ്ങള്‍ പെരുകുന്നു. ഇതുമൂലം ആറ്റിങ്ങല്‍ ഭാഗത്തേക്കും തിരുവനന്തപുരം ഭാഗത്തേക്കുമുള്ള റോഡില്‍ ഗതാഗത കുരുക്കും പതിവാണ്. ഡിപ്പോക്കു മുന്‍വശം സുരക്ഷാ ജീവനക്കാരനെ നിയോഗിക്കാത്തതാണ് അപകടങ്ങള്‍ക്ക് പ്രധാന കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന് ഇറങ്ങി വരുന്ന ബസ്സുകള്‍ ഇരുവശങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങളെ വകവെക്കാതെ മുന്നോട്ടെടുക്കുന്നതാണ് പല അപകടങ്ങള്‍ക്കും ഇടയാക്കുന്നത്.

അപകടങ്ങള്‍ മുഴുവനും കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ അശ്രദ്ധ കൊണ്ടാണെങ്കിലും അപകടത്തില്‍പ്പെട്ട വാഹനത്തിന്റെ ഡ്രൈവര്‍മാരെ പഴിചാരി രക്ഷപ്പെടുകയാണ് പതിവ്. അപകടങ്ങള്‍ നാട്ടുകാര്‍ ചോദ്യംചെയ്താല്‍ ഡിപ്പോയിലുള്ള മറ്റ് ജീവനക്കാരും ഉദ്യോഗസ്ഥരും സംഘടിച്ച് ഭീഷണിപ്പെടുത്തുകയാണ് പതിവെന്ന് നാട്ടുകാര്‍ പറയയുന്നു. നിരന്തരം അപകടങ്ങള്‍ പതിവാകുമ്പോല്‍ ഈ റോഡില്‍ മണിക്കൂറുകളോളം ചിലപ്പോള്‍ ഗതാഗത കുരുക്കും ഉണ്ടാകാറുണ്ട്.

എന്നാല്‍ പോലീസ് ഇക്കാര്യം കണ്ടില്ലെന്ന് നടിക്കുകയാണ്. പരാതിപ്പെട്ടാലും ഇവിടത്തെ വാഹന ഗതാഗതം നിയന്ത്രിക്കാന്‍ പോലീസ് എത്താറില്ലെന്നും നാട്ടുകാര്‍ പറയുന്നു. കഴക്കൂട്ടം ഭാഗത്ത് ഓടയുടെ ജോലികള്‍ കൂടി നടക്കുന്നതിനാല്‍ ചില ദിവസങ്ങളില്‍ മണിക്കൂറുകളോളമാണ് കഴക്കൂട്ടം ആറ്റിങ്ങല്‍ റോഡില്‍ ഗതാഗത കുരുക്ക്.