കൊച്ചിയില്‍ മത്സ്യബന്ധനബോട്ടില്‍ കപ്പലിടിച്ചു; രണ്ടു മരണം

single-img
11 June 2017

കൊച്ചിയില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ച് കാണാതായ തൊഴിലാളികളില്‍ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. കുളച്ചില്‍ സ്വദേശി തമ്പിദുരൈയുടെയും അസം സ്വദേശിയുടെയും മൃതദേഹമാണ് ലഭിച്ചത്. ഉത്തരേന്ത്യയില്‍ നിന്നുള്ള മറ്റൊരു തൊഴിലാളിക്കായി തിരച്ചില്‍ തുടരുകയാണ്. ഇന്നു പുലര്‍ച്ചെ രണ്ടുമണിക്കായിരുന്നു അപകടം.

തോപ്പുംപടിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടിലാണ് പുറംകടലില്‍ വെച്ച് കപ്പല്‍ വന്നിടിക്കുന്നത്. പളളുരുത്തി സ്വദേശിയുടെ കാര്‍മല്‍മാത എന്ന ബോട്ടാണിത്. ബോട്ടിലുണ്ടായിരുന്ന 14 പേരില്‍ 11 പേരും രക്ഷപ്പെട്ടു. പുതുവൈപ്പിനില്‍ നിന്നും 20 നോട്ടിക്കല്‍മൈല്‍ അകലെയാണ് അപകടമുണ്ടായത്.

അതിനിടെ, ബോട്ടില്‍ ഇടിച്ച് അപകടമുണ്ടാക്കിയ കപ്പല്‍ തിരിച്ചറിഞ്ഞു. പനാമയില്‍ നിന്നുള്ള ചരക്കുകപ്പല്‍ ആംബര്‍ ആണ് അപകടമുണ്ടാക്കിയത്. ഈ കപ്പല്‍ കൊച്ചിയില്‍ നിന്നും എട്ടു നോട്ടിക്കല്‍മൈല്‍ ദൂരം മാത്രമാണ് പോയത് എന്നാണ് വിവരം. നാവികസേനയും തീരസംരക്ഷണസേനയും പ്രശ്‌നത്തില്‍ ഇടപെട്ടിട്ടുണ്ട്.

പുലര്‍ച്ചെ അപകടമുണ്ടായപ്പോള്‍ മറ്റൊരു ബോട്ട് ഇവര്‍ക്ക് സമീപം ഉണ്ടായിരുന്നു. വലിയ ശബ്ദം കേട്ട് എത്തിയ ഈ ബോട്ടിലെ ജീവനക്കാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തില്‍ മത്സ്യബന്ധന ബോട്ട് പൂര്‍ണമായും തകര്‍ന്നു. രക്ഷപ്പെടുത്തിയ 11 പേരെ ഫോര്‍ട്ട് കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമായതിനാല്‍ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.