Breaking News

മത്സ്യബന്ധന ബോട്ടിലിടിച്ച കപ്പല്‍ പിടിച്ചെടുത്തു; കപ്പിത്താനെതിരേ നരഹത്യക്കു കേസ്

കൊച്ചിയില്‍നിന്നു മത്സ്യബന്ധനത്തിനുപോയ ബോട്ട് ഇടിച്ചുതകര്‍ത്ത വിദേശ കപ്പല്‍ പിടിച്ചെടുത്തു. പാനമയില്‍ രജിസ്റ്റര്‍ ചെയ്ത ആമ്പര്‍ എല്‍ എന്ന കപ്പലാണ് നേവിയും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് പിടിച്ചെടുത്തത്. സംഭവത്തില്‍ കപ്പലിന്റെ ക്യാപ്റ്റനെതിരെ നരഹത്യയ്ക്ക് കേസെടുക്കുമെന്ന് കോസ്റ്റല്‍ പൊലീസ് എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരി മാധ്യങ്ങളോടു പറഞ്ഞു. കൊച്ചിയിലെ കോസ്റ്റല്‍ പൊലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്താരാഷ്ട്ര നിയമങ്ങള്‍ ബാധകമായ കേസായതിനാല്‍ രാജ്യങ്ങള്‍ തമ്മിലുള്ള ഉടമ്പടികളെ ബാധിക്കാത്ത തരത്തില്‍ കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന്റെ അനുമതിയോടെ നടപടികള്‍ സ്വീകരിക്കുമെന്നും തച്ചങ്കരി വ്യക്തമാക്കി.

ഇന്നു പുലര്‍ച്ചെ രണ്ടുമണിക്കായിരുന്നു അപകടം. തോപ്പുംപടിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ കാര്‍മല്‍ മാത ബോട്ടിലാണ് പുറംകടലില്‍ വെച്ച് കപ്പല്‍ വന്നിടിക്കുന്നത്. രണ്ടു ദിവസം മുമ്പാണ് കാര്‍മല്‍ മാത മല്‍സ്യബന്ധനത്തിന് പോയത്. ഫോര്‍ട്ട്‌കൊച്ചി സ്വദേശി നാസറിന്റെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്. മഴയും കാറ്റും ശക്തമായതിനെ തുടര്‍ന്ന് നങ്കൂരമിട്ട ബോട്ടില്‍ തൊഴിലാളികള്‍ ഉറങ്ങുകയായിരുന്നു.

കപ്പല്‍ ഇടിച്ചതിനെ തുടര്‍ന്ന് ബോട്ട് തലകീഴായി മറിഞ്ഞു. ഇടിയുടെ ആഘാതത്തില്‍ ബോട്ട് പൂര്‍ണമായും തകര്‍ന്നു. അപകട സമയത്ത് സെന്റ് ആന്റണീസ് എന്ന മറ്റൊരു മത്സ്യബന്ധന ബോട്ട് ഇവര്‍ക്ക് സമീപം ഉണ്ടായിരുന്നു. വലിയ ശബ്ദം കേട്ട് എത്തിയ ഈ ബോട്ടിലെ ജീവനക്കാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ജനല്‍ ചില്ല് തകര്‍ത്താണ് രക്ഷപ്പെട്ട തൊഴിലാളികള്‍ ബോട്ടിനുള്ളില്‍ നിന്ന് പുറത്തുവന്നത്. അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. കുളച്ചില്‍ സ്വദേശി തമ്പിദുരൈ, ആസാം സ്വദേശികളായ രണ്ടുപേര്‍ എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി കരയിലെത്തിച്ചു.

കപ്പലുകള്‍ കടന്നു പോകുന്ന വഴിയില്‍ അല്ല ബോട്ട് ഉണ്ടായിരുന്നതെന്ന് തൊഴിലാളികള്‍ പറഞ്ഞു. രക്ഷപ്പെടുത്തിയ 11 പേരെ ഫോര്‍ട്ട് കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമായതിനാല്‍ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഇടിച്ചശേഷം കപ്പല്‍ ലൈറ്റുകള്‍ ഓഫാക്കി അപകടസ്ഥലത്തുനിന്ന് കടന്നുവെന്ന് പരിക്കേറ്റ മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.

കപ്പലുകള്‍ സഞ്ചരിക്കുന്നതിന്റെ റഡാര്‍ സംവിധാനം പരിശോധിച്ചാണ് നാവികസേന ഇടിച്ച കപ്പലിനെ കണ്ടെത്തിയത്. സംഭവം നടന്ന രാത്രി രണ്ടു മണിക്ക് കൊച്ചി തീരത്തിലൂടെ ‘ആംബര്‍എല്‍’ എന്ന ചരക്കു കപ്പല്‍ മാത്രമാണ് കടന്നു പോയതെന്ന് നാവികസേന കണ്ടെത്തുകയായിരുന്നു. ഹെലികോപ്റ്ററിന്റെ നിരീക്ഷണത്തില്‍ ചരക്കുകപ്പലിനെ കൊച്ചി തീരത്ത് വൈകാതെ അടുപ്പിക്കും. കൊച്ചി തീരത്തേക്ക് ചരക്കുകപ്പല്‍ വരുമ്പോഴാണ് ബോട്ടില്‍ ഇടിച്ചതെന്നാണ് പ്രാഥമിക നിഗമനം. കോസ്റ്റ്ഗാര്‍ഡിന് ഇക്കാര്യത്തില്‍ ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ലെന്നും അതുകൊണ്ടാണ് അതിവേഗം കപ്പല്‍ കസ്റ്റഡിയില്‍ എടുക്കാന്‍ കഴിഞ്ഞതെന്നും ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.