അമ്മ ഹാപ്പിയായിരുന്നു, അച്ഛന്‍ ആദ്യം എതിര്‍ത്തു; നവീനുമായുള്ള പ്രണയത്തെ കുറിച്ച് ഭാവന

single-img
11 June 2017

സൗഹൃദത്തില്‍ തുടങ്ങി ഇപ്പോള്‍ വിവാഹത്തിലെത്താന്‍ പോകുന്ന പ്രണയം പങ്കുവെക്കുകയാണ് ഭാവന. ഭാവന നായികയായ റോമിയോ എന്ന ചിത്രത്തിന്റെ നിര്‍മാതാവായിരുന്നു നവീന്‍. കഥ പറയാനായി നവീനും ചിത്രത്തിന്റെ സംവിധായകനും കൊച്ചിയില്‍ വന്നപ്പോഴാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്. ”അന്നേ അദ്ദേഹത്തില്‍ കണ്ട ഗുണം, സിനിമയെ കുറിച്ചല്ലാതെ മറ്റൊന്നിനെ കുറിച്ചും അദ്ദേഹം സംസാരിക്കാറില്ല എന്നതാണ്” ഭാവന പറയുന്നു.

റോമിയോയുടെ ഷൂട്ടിങിനിടെ ഒരു ദിവസം നവീന്‍ റൂമിലേക്ക് വന്നു. അമ്മ റൂമിലുണ്ടായിരുന്നു. അവര്‍ തമ്മില്‍ അര മണിക്കൂറോളം സംസാരിച്ചു. നവീന് മലയാളം ഒഴികെ മറ്റെല്ലാ സൗത്ത് ഇന്ത്യന്‍ ഭാഷയും അറിയാം. അമ്മയ്ക്ക് മലയാളമല്ലാതെ മറ്റൊരു ഭാഷയും അറിയില്ല താനും. എന്നിട്ടും അര മണിക്കൂര്‍ അവര്‍ എന്താണ് സംസാരിച്ചത് എന്ന് എനിക്കൊരു പിടിയുമില്ല. നവീന്‍ പോയപ്പോള്‍ അമ്മ പറഞ്ഞു, ഞങ്ങളുടെയൊക്കെ മനസ്സില്‍ മക്കളെ കല്യാണം കഴിക്കാന്‍ വരേണ്ടത് ഇങ്ങനെയുള്ള പയ്യന്മാരാണ് എന്നാണ്.

അപ്പോള്‍ അമ്മ അങ്ങനെ പറഞ്ഞെങ്കിലും, ഞാനത് കാര്യമാക്കി എടുത്തില്ല. പിന്നെയും കുറേക്കാലം സുഹൃത്തുക്കളായി ഞങ്ങള്‍ തുടര്‍ന്നു. വിളിക്കുമ്പോള്‍ സംസാരിച്ചത് മുഴുവന്‍ സിനിമയെ കുറിച്ച് മാത്രമായിരുന്നു. തിരക്കുള്ള ആളാണെങ്കിലും ലൊക്കേഷനില്‍ സുരക്ഷിതത്വ ബോധം തരാന്‍ നവീന് കഴിഞ്ഞു. വീട്ടില്‍ വന്ന് എനിക്കൊരു പ്രണയമുണ്ടെന്നും കക്ഷി നവീനാണെന്നും പറഞ്ഞപ്പോള്‍ അമ്മയ്ക്ക് സന്തോഷം. മലയാളി അല്ല എന്ന് പറഞ്ഞപ്പോള്‍ അച്ഛന് താത്പര്യക്കുറവുണ്ടായിരുന്നു. പക്ഷെ നവീനോട് സംസാരിച്ച് കഴിഞ്ഞപ്പോള്‍, നമുക്ക് ഇത് മതി എന്ന് അച്ഛനും സമ്മതിക്കുകയായിരരുന്നു.

വിവാഹ നിശ്ചയം വളരെ സ്വകാര്യമായും ലളിതമായുമാണ് നടത്തിയത്. എന്നാല്‍ വിവാഹം ആര്‍ഭാടമായിരിയ്ക്കും എന്ന് ഭാവനയും നവീനും അറിയിച്ചിട്ടുണ്ട്. പക്ഷെ വിവാഹ തിയ്യതി ഇതുവരെ തീരുമാനിച്ചിട്ടില്ല.