കയ്യില്‍നിന്നും വഴുതിയ ക്യാമറ ഉരുള്‍പൊട്ടി വന്നിട്ടും നെഞ്ചോടടുക്കിപ്പിടിച്ചു മരണത്തെ പുല്‍കിയ വിക്ടര്‍ ജോര്‍ജിന്റെ അനുഭവ പാരമ്പര്യമുള്ളവരാണ് കേരളത്തിലെ ന്യൂസ് ഫോട്ടോഗ്രാഫര്‍മാര്‍….ഫോട്ടോഗ്രാഫറും ലിംക്ക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് ജേതാവുമായ ജോസ്‌കുട്ടി പനക്കല്‍ എഴുതുന്നു…

single-img
11 June 2017

ജോസ്‌കുട്ടി പനക്കല്‍

ജോസ്‌കുട്ടി പനക്കല്‍

വിക്ടര്‍ ജോര്‍ജിന്റെ അനുഭവ പാരമ്പര്യമുള്ളവരാണ് കേരളത്തിലെ ന്യൂസ് ഫോട്ടോഗ്രാഫര്‍മാരെന്ന് ജോസ്‌കുട്ടി പനക്കല്‍. നിങ്ങള്‍ വീഴുമ്പോഴുമുണ്ടാകും ആ ക്യാമറ എന്ന് തുടങ്ങുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ലിംഗ ബുക്ക്‌സ് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ ജോസ്‌കുട്ടി പനക്കല്‍ ഇക്കാര്യം പരാമര്‍ശിക്കുന്നത്. നിങ്ങളുടെ ഇകഴ്ചയും പുകഴ്ചയും ഒരു ഫോട്ടോഗ്രാഫറുടെ ക്യാമറ കണ്ണിലൊതുങ്ങുന്നതാണന്ന് വിളിച്ചു പറയുകയാണ് ജോസ്‌കുട്ടി
തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ.

നിങ്ങള്‍ വീഴുമ്പോഴുമുണ്ടാകും ആ ക്യാമറ!

‘ദാ! ഇതുകൂടി എടുത്തോ’ ഇങ്ങനെ ഒരു ഫൊട്ടോഗ്രഫറോട് പറയാത്തവരായി ഒരു രാഷ്ട്രീയക്കാരനും ഉണ്ടാകില്ല. രാഷ്ട്രീയക്കാരെന്നല്ല ഫൊട്ടോഗ്രഫറെ സ്വന്തം ആവശ്യത്തിനു വിളിച്ചുവരുത്തിയ ഏതൊരാളും ഈ വാക്കുകള്‍ ഒരിക്കലെങ്കിലും ഉപയോഗിച്ചിട്ടുണ്ടാകും. എന്നാല്‍ ഈ വാക്കുകള്‍ക്കുകാത്തുനില്‍ക്കാതെ പൊതുജനത്തിനു കാണാന്‍ താത്പര്യമുള്ളത് നിമിഷാര്‍ദ്ധങ്ങള്‍ക്കുള്ളില്‍ ക്യാമറയില്‍ പകര്‍ത്തുന്നവരാണ് ന്യൂസ് ഫോട്ടോഗ്രാഫര്‍മാര്‍. അങ്ങനെയുള്ളൊരാളുടെ നെഞ്ചോടടുക്കിപ്പിടിച്ച ക്യാമറ പറിച്ചെടുത്ത് എറിഞ്ഞുടയ്ക്കുമ്പോള്‍ ഒന്നോര്‍ക്കുക: നിങ്ങള്‍ പറിച്ചെറിയുന്നത് വെറുമൊരു ഇലക്ട്രോണിക് ഉപകരണം മാത്രമല്ല അവന്റെ മനസും ജീവിതവുമാണ്.

കയ്യില്‍നിന്നും വഴുതിയ ക്യാമറ ഉരുള്‍പൊട്ടിവന്നിട്ടും നെഞ്ചോടടുക്കിപ്പിടിച്ചു മരണത്തെ പുല്‍കിയ വിക്ടര്‍ ജോര്‍ജിന്റെ അനുഭവ പാരമ്പര്യമുള്ളവരാണ് കേരളത്തിലെ ന്യൂസ് ഫോട്ടോഗ്രാഫര്‍മാര്‍. തന്റെ കുടുംബത്തിനോ വീട്ടുകാര്‍ക്കോ യാതൊരു ബന്ധവുമില്ലാത്ത സംഭവങ്ങളിലേക്കും ഓരോ ദിവസവും ന്യൂസ് ഫോട്ടോഗ്രാഫര്‍ ആവേശപൂര്‍വം എടുത്തുചാടുന്നത് മാസാവസാനം അക്കൗണ്ടില്‍ എത്തിച്ചേരുന്ന തുകയുടെ അക്കങ്ങളുടെ എണ്ണം അനുസരിച്ചല്ല. മറിച്ച് ജനത്തിനു അറിയേണ്ടുന്നതും കാണേണ്ടുന്നതുമായ സംഭവത്തില്‍ അവരുടെ കണ്ണായി മാറുകയെന്ന ബോധ്യത്തില്‍ നിന്നുമാണ്.

പാര്‍ട്ടിക്കും കൊടിക്കുമൊക്കെ അപ്പുറം മനുഷ്യനായുള്ള ഒരുവനും ചെയ്യാന്‍ കഴിയാത്ത സംഭവമാണ് കഴിഞ്ഞദിവസം കോഴിക്കോട് നടന്നത്. തന്റെ സമ്പാദ്യം സ്വരുക്കൂട്ടിയതും ബാങ്ക് ലോണുമൊക്കെ ഉപയോഗപ്പെടുത്തി വാങ്ങിയ ക്യാമറ ചിലരുടെ അന്യായങ്ങള്‍ക്കു സാക്ഷിയാകേണ്ടിവന്നതിനാല്‍ തകര്‍ക്കാന്‍ വിധിക്കപ്പെടുകയായിരുന്നു. ഈ ക്യാമറ തകര്‍ത്താലും ഒന്നിനു പത്തായി വേറെയും ക്യാമറകള്‍ നിങ്ങള്‍ക്കുചുറ്റും ഉണ്ടാകുമെന്ന് എപ്പോഴും ഓര്‍മ്മിക്കുക, അതിന്റെ തെളിവാണ് ഇന്നലെയും ഇന്നുമായി നിങ്ങള്‍ മാധ്യമങ്ങളില്‍ കണ്ടതൊക്കെയും.

അവനവന്‍ ചെയ്യുന്നതില്‍ തെറ്റുണ്ടെന്ന് തോന്നുന്ന നിമിഷം ക്യാമറ ശത്രുവായി മാറും അല്ലാത്തപ്പോള്‍ മിത്രവും. അങ്ങനൊരു തെറ്റ് പൊതുജന മധ്യത്തില്‍ ചെയ്ത നിമിഷം പകര്‍ത്താനൊരുങ്ങിയ ‘ദ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്’ പത്രത്തിന്റെ ന്യൂസ് ഫോട്ടോഗ്രാഫര്‍ സനേഷിനെയാണ് നിങ്ങള്‍ സംഘബലത്തില്‍ അടിച്ചമര്‍ത്താന്‍ നോക്കിയത്. ഓര്‍മ്മിക്കുക പൊതുനിരത്തിലോ സമൂഹത്തിലോ ഒരിക്കല്‍ നിങ്ങളും നിരായുധനായി നില്‍ക്കുന്ന അവസരം വരും, അപ്പോഴും ഇതുപോലൊരു ക്യാമറ നിങ്ങളുടെ ചെയ്തികള്‍ പകര്‍ത്തിക്കൊണ്ടേയിരിക്കും.

ഒരു കണ്ണ് തല്ലിപ്പൊട്ടിച്ചിട്ടു ‘സാരമില്ല വേറെ കണ്ണുനമുക്ക് വച്ചുപിടിപ്പിക്കാം’ എന്നു പറയുന്നതുപോലെയാണ് ക്യാമറയുടെ തകരാര്‍ പരിഹരിച്ചുതരാം മാറ്റിവാങ്ങാം എന്നെല്ലാം ഓരോ ഫോട്ടോഗ്രാഫറെയും ആശ്വസിപ്പിക്കുന്നത്. അക്രമം അഴിച്ചുവിടുന്നവരെ അമര്‍ച്ചചെയ്യാനെത്തുന്ന പൊലീസും അക്രമികളും അവരവരുടെ സ്വന്തം ജോലിയില്‍ മാത്രം ശ്രദ്ധിക്കുമ്പോള്‍ ഇരുകൂട്ടരില്‍ നിന്നും തന്റെ ശരീരവും ക്യാമറയും സംരക്ഷിച്ചുപിടിക്കാന്‍ ബദ്ധപ്പെടുന്നവരാണ് ഓരോ ന്യൂസ് ഫോട്ടോഗ്രാഫറും. അക്രമികളുടെ കയ്യില്‍ നിന്നും വരുന്ന കല്ലും അവര്‍ക്കുനേരെ പോകുന്ന പൊലീസിന്റെ ഷെല്ലും ഇതിനിടയിലുള്ള വാര്‍ത്താചിത്രകാരന്മാരെ കടന്നാണ് യാത്രചെയ്യുന്നത്. ഇതിനിടയില്‍ ഒരു കണ്ണടച്ചുനില്‍ക്കുന്ന ഇവരെ തുണയ്ക്കാന്‍ ദൈവത്തിന്റെ കരം മാത്രമാണുള്ളത്.

കല്ലേറുകൊണ്ട പൊലീസുകാരനു ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ പരുക്കേറ്റവനെന്ന ആനുകൂല്യവും, ഷെല്ലില്‍ പരുക്കേറ്റ അക്രമിക്ക് പാര്‍ട്ടിതണലില്‍ ഹീറോ പരിവേഷവും കിട്ടുമ്പോള്‍ ‘സീറോ’യാകുന്നത് ഇതിനിടയില്‍ കുരുങ്ങിയ മാധ്യമപ്രവര്‍ത്തകന്‍ മാത്രം. ‘ആവശ്യമില്ലാത്ത സ്ഥലത്ത് എന്തിനു ചെന്നുചാടുന്നുവെന്ന്’ നാട്ടുകാരും വീട്ടുകാരും ചോദിക്കുകയും, ‘മറ്റവരെ കണ്ടില്ലേ അവര്‍ക്ക് കുഴപ്പമൊന്നുമില്ലല്ലോ’യെന്ന് ഭാഗ്യത്തില്‍ രക്ഷപെട്ട സഹപ്രവര്‍ത്തകരെ നോക്കി ഓഫിസിലുള്ളവര്‍ ചോദിക്കുകയും ചെയ്യുമ്പോള്‍ തകരുന്നത് അവന്റെ മനസാണ്. ആ മനസിനെ തൃപ്തിപ്പെടുത്താന്‍ രണ്ടുകോളം ചിത്രത്തിനടിയില്‍ ‘ബൈലൈന്‍’ എന്ന് ഓമനപ്പേരിട്ടുവിളിക്കുന്ന അക്ഷരങ്ങള്‍ക്കു കരുത്തുണ്ടാകില്ല. ആ കരുത്തില്ലായ്മയിലും അവന്‍ പരുക്കോ മാനസീക സമ്മര്‍ദ്ദമോ വകവയ്ക്കാതെ ആശുപത്രിയില്‍ക്കിടക്കുന്ന പൊലീസുകാരന്റെയും അക്രമിയുടെയും ചിത്രം എടുക്കാന്‍ ഓടും; വാര്‍ത്തയുടെ ഇരുവശവും ജനത്തെ അറിയിക്കുന്നതിനായി.

പിറ്റേന്ന് ഇതുകണ്ട് രാഷ്ട്രീയനേതാക്കള്‍ പരുക്കേറ്റ കുട്ടിനേതാവിനെ കാണാനെത്തുമ്പോഴും പൊലീസ് ഉദ്യോഗസ്ഥനു പ്രമോഷന്‍ സാധ്യതയേറുമ്പോഴും തന്റെ മുറിവില്‍ ചെറുലേപനം പോലും പുരട്ടാനാവാതെ അടുത്ത വാര്‍ത്തയിലേക്ക് ഓടിയിട്ടുണ്ടാകും ആ ന്യൂസ് ഫോട്ടോഗ്രാഫര്‍. അതുകൊണ്ട് ക്യാമറ ഒരിക്കല്‍കൂടി നെഞ്ചോടു ചേര്‍ത്തുപറയട്ടെ സാധ്യമാണ് ഈ ക്യാമറയില്‍ത്തന്നെ നിങ്ങളുടെ ഇകഴ്ചയും പുകഴ്ചയും.