കേരളം ഹര്‍ത്താലുകളുടെ നാടോ? ആറുമാസത്തിനിടെ 63 ഹര്‍ത്താലുകളുമായി മുന്നോട്ട്

single-img
10 June 2017

കൊച്ചി: കേരളത്തില്‍ ഇത് ഹര്‍ത്താല്‍ പരമ്പരകളുടെ കാലമാണ്. തുടര്‍ച്ചയായ ഹര്‍ത്താലുകള്‍ ജനജീവിതം താറുമാറാക്കുന്ന സ്ഥിതി വിശേഷം നിലനിന്നിട്ടും ഇത് ഒന്നും കണ്ടില്ലെന്ന് നടിച്ച് മൗനം നടിച്ചിരിക്കയാണ് ജനങ്ങള്‍ അധികാരത്തിലേറ്റിയ സര്‍ക്കാരും ഭരണകൂടവും. ഹര്‍ത്താലുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് സ്ഥാപിച്ചിരിക്കുകയാണ് കേരളം. 2017 ജനുവരി ഒന്നുമുതല്‍ ഇന്നു (2017 ജൂണ്‍ 10 ) വരെയുള്ള 161 ദിവസങ്ങള്‍ക്കിടെ രാഷ്ട്രീയ പാര്‍ട്ടികളും വിവിധ സംഘടനകളും ചേര്‍ന്ന് ചെറുതും വലുതുമായ 63 ഹര്‍ത്താലുകളാണ് നടത്തിയിരിക്കുന്നത്. കോഴിക്കോട് ജില്ലയിലും മൂവാറ്റുപുഴയിലും സംഘപരിവാര്‍ സംഘടനകളും കുമളിയില്‍ കോണ്‍ഗ്രസും ഇതിനിടയില്‍ ഇന്നും ഹര്‍ത്താല്‍ ആചരിക്കുകയാണ്. ഇരുപത്തി അഞ്ചില്‍ അധികം ഹര്‍ത്താലുകള്‍ സംഘടിപ്പിച്ച് ഹര്‍ത്താലുകള്‍ സമ്മാനിക്കുന്നതില്‍ സംഘപരിവാര്‍ സംഘടനകളാണ് മുന്നിലെത്തിയിരിക്കുന്നത്.

ഭരണകക്ഷിയെങ്കിലും സിപിഎമ്മും ഇടതുമുന്നണിയും പതിനൊന്നു ഹര്‍ത്താലുകള്‍ സംഘടിപ്പിച്ച് രണ്ടാം സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്. പ്രതിപക്ഷത്താണെങ്കിലും ഹര്‍ത്താല്‍ വിരുദ്ധരായ യുഡിഎഫും എട്ടു ഹര്‍ത്താലുകള്‍ ഇതിനോടകം സംസ്ഥാനത്ത് നടത്തി കഴിഞ്ഞു. ജിഷ്ണു പ്രണോയിയുടെ അമ്മയ്ക്ക് നേരെ പോലിസ് നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിച്ച് ഏപ്രില്‍ ആറിന് സംസ്ഥാന വ്യാപകമായി നടത്തിയ ഹര്‍ത്താലും യുഡിഎഫ് ഹര്‍ത്താല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുന്നുണ്ട്.

അതേസമയം രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നറിയിപ്പില്ലാതെ പ്രതിഷേധ സൂചകമായി നടത്തിവരുന്ന ഹര്‍ത്താലുകളുടെ എണ്ണം വര്‍ധിച്ചതോടെ കടുത്ത രോഷത്തിലെത്തിയിരിക്കുകയാണ് സംസ്ഥാനത്തെ ജനങ്ങള്‍. കഴിഞ്ഞ രണ്ടു ദിവസമായി കേരളത്തില്‍ പലജില്ലകളിലും ഹര്‍ത്താല്‍ പരമ്പര അരങ്ങേറുകയാണ്. സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ നടന്ന കൈയ്യേറ്റത്തില്‍ പ്രതിഷേധിച്ചുള്ള അക്രമങ്ങളാണ് പലയിടത്തും ഹര്‍ത്താലിലേക്ക് നയിച്ചത്.

ഈ മാസം മാത്രം ഇന്നുവരെ 10 ഹര്‍ത്താലുകളാണ് ഇതുവരെ രാഷ്ട്രീയ പാര്‍ട്ടികളുടെ സംഭാവന. ഇതില്‍ ആറും സംഘപരിവാറിന്റെ വകയാണെന്നതാണ് ശ്രദ്ദേയമായ കാര്യം. ഏഴിന് കാട്ടാക്കടയില്‍ ഹര്‍ത്താല്‍ ആചരിച്ച ബിജെപി എട്ടിന് തിരുവനന്തപുരം ജില്ല, ചേര്‍ത്തല , ബേപ്പൂര്‍ നിയമസഭാ മണ്ഡലം, എന്നിവടങ്ങളില്‍ ഒറ്റ ദിലസം തന്നെ ഹര്‍ത്താല്‍ സംഘടിപ്പിക്കുകയായിരുന്നു. ഇതോടെ സംഘടനയുടെ ശക്തി ജനങ്ങളെ അറിയിക്കാനും രാഷ്ട്രീയ പാര്‍ട്ടികള്‍ ഹര്‍ത്താല്‍ പ്രിയ ആയുധമായി തെരഞ്ഞെടുത്തിയിരിക്കുകയാണെന്ന് കണക്കുകളിലൂടെ വ്യക്തമാകുന്നു.