ഫസല്‍ വധക്കേസില്‍ ബിജെപി വെട്ടില്‍; കൊലയ്ക്കു ശേഷം ബിജെപി നേതാവുമായി സുബീഷ് നടത്തിയ ഫോണ്‍ സംഭാഷണം പുറത്ത്

single-img
10 June 2017

കണ്ണൂര്‍: തലശ്ശേരി ഫസല്‍ വധക്കേസിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് തെളിയിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഫസലിനെ കൊലപ്പെടുത്തിയ ശേഷം സുബീഷ് ആര്‍.എസ്.എസ് നേതാവുമായി നടത്തിയ ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. ഫസലിനെ എങ്ങനെയാണ് കൊലപ്പെടുത്തിയത്, എത്ര പേര്‍ കൊലപാതകത്തില്‍ ഉള്‍പ്പെട്ടിരുന്നു എന്നുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിവരിക്കുന്ന ഫോണ്‍ സംഭാഷണമാണ് പുറത്ത് വന്നിരിക്കുന്നത്. ഫസലിനെ വെട്ടിയത് താനാണെന്ന് സുബീഷ് സംഭാഷണത്തില്‍ വ്യക്തമാകുന്നു.

സുബീഷ് പോലീസിന് മുന്നില്‍ നല്‍കിയ കുറ്റസമ്മത മൊഴി ഇന്നലെ പുറത്തുവന്നിരുന്നു. എന്നാല്‍, ഇത് ഭീഷണിപ്പെടുത്തിയും മര്‍ദ്ദിച്ചും പറയിച്ചതാണെന്ന വിശദീകരണവുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സുബീഷിന്റെ ഫോണ്‍ സംഭാഷണവും പുറത്ത് വന്നത്. ഇപ്പോള്‍ പുറത്തുവന്ന ടെലഫോണ്‍ സംഭാഷണം സുബീഷ് പോലീസ് കസ്റ്റഡിയില്‍ ആവുന്നതിനു മുമ്പ് നടത്തിയതാണ്. ഇതോടെ ബിജെപി നേതൃത്വം വെട്ടിലായിരിക്കുകയാണ്.

ഫസല്‍ വലിയ അഭ്യാസിയായിരുന്നെന്നും കൊലപ്പെടുത്താന്‍ എത്തിയവരെ കണ്ട് ഫസല്‍ ഓടിയപ്പോള്‍ പിന്നാലെ ഓടിയാണ് വെട്ടിയത്. ഒരു വലിയ വീടിന്റെ ഗേറ്റില്‍ പിടിച്ച് ചാടാന്‍ നോക്കിയപ്പോഴേക്കും കൊടുവാള്‍ കൊണ്ട് വെട്ടി. അപ്പോഴേക്കും കാര്യം കഴിഞ്ഞിരുന്നു. വണ്ടിയെടുത്ത് സ്ഥലത്ത് നിന്ന് പോകാന്‍ നോക്കിയിട്ടും പിന്നീട് തിരികെ വന്ന് ഒരു വെട്ട് കൂടി വെട്ടി മരണം ഉറപ്പാക്കിയെന്നും ഇയാള്‍ പറയുന്നുണ്ട്.

കൊലപാതകത്തില്‍ പങ്കെടുത്ത മറ്റുള്ളവരുടെ പേരുകളും ഇയാള്‍ പറയുന്നുണ്ട്. ആര്‍.എസ്.എസിന്റെ കൊടിമരവും ബോര്‍ഡും സ്ഥിരമായി നശിപ്പിച്ചതിലുള്ള വിരോധമായിരുന്നു കൊലയ്ക്ക് കാരണമെന്നും കൊലപാതകത്തിന് ശേഷം കൊലയ്ക്കുപയോഗിച്ച ആയുധങ്ങള്‍ വാങ്ങിവെച്ചത് മാഹിയിലെ തിലകന്‍ ചേട്ടനാണെന്നും സുബീഷ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.