എല്‍ഡിഎഫ് മദ്യനയത്തെ പിന്തുണച്ച് ഷിബു ബേബി ജോണ്‍; യുഡിഎഫില്‍ ഭിന്നത

single-img
9 June 2017

എല്‍ഡിഎഫ് മദ്യനയത്തെ സ്വാഗതം ചെയ്ത് ആര്‍എസ്പി(ബി) നേതാവ് ഷിബു ബേബി ജോണ്‍. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മദ്യനയത്തിന് അനുകൂലമായി ഷിബു ബേബി ജോണ്‍ പ്രതികരിച്ചിരിക്കുന്നത്. ഇടത് സര്‍ക്കാര്‍ മദ്യനയം സ്വാഗതാര്‍ഹവും അനിവാര്യതയുമാണെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ മദ്യനയത്തെ മുന്‍ തൊഴില്‍ വകുപ്പ് മന്ത്രി വിമര്‍ശിക്കുകയും ചെയ്തു. ബാര്‍ പൂട്ടല്‍ നയം തികച്ചും വൈകാരികമായ, അസമയത്തെ അപക്വമായ രാഷ്ട്രീയ നിലപാടായിരുന്നു. അതുകൊണ്ടാണ് കേരള വികസനത്തിന് അനിവാര്യമായിരുന്ന യുഡിഎഫ് തുടര്‍ ഭരണം ഇല്ലാതായതെന്നും ഷിബു ബേബി ജോണ്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അതേസമയം ഇന്ന് വൈകിട്ട് മദ്യനയത്തില്‍ പ്രതിഷേധപരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ യുഡിഫ് തീരുമാനിച്ചിരിക്കെ മദ്യനയത്തിനെ സ്വാഗതം ചെയ്ത് ഷിബുബേബി ജോണ്‍ രംഗത്ത് വന്നത് യുഡിഎഫില്‍ അഭിപ്രായ ഭിന്നതക്ക് ഇടയാക്കിയിട്ടുണ്ട്. എന്നാല്‍ അഭിപ്രായം തള്ളിക്കളഞ്ഞ് പാര്‍ട്ടി നേതൃത്വം രംഗത്ത് വന്നു. ഷിബുവിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്നും ആര്‍എസ്പി വ്യക്തമാക്കി.