ഗാന്ധിജിയെയും, നെഹ്‌റുവിനെയും തഴഞ്ഞ് സവര്‍ക്കര്‍ക്ക് പ്രാധാന്യം; രാജസ്ഥാന്‍ പാഠപുസ്തകം വിവാദത്തില്‍

single-img
9 June 2017

ജയ്പുര്‍: ഗാന്ധിജിയെയും, നെഹ്‌റുവിനെയും തഴഞ്ഞ് വിദ്യര്‍ത്ഥികള്‍ക്കിടയില്‍ ദേശീയതയുടെ അളവ് വര്‍ധിപ്പിക്കാനൊരുങ്ങി രാജസ്ഥാന്‍ സര്‍ക്കാര്‍. രാജസ്ഥാന്‍ സ്‌കൂള്‍ ബോര്‍ഡ് തയാറാക്കിയ പുതിയ പുസ്തകങ്ങളാണ് വിവാദമാകുന്നത്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു എന്നിവരേക്കാള്‍ പ്രാധാന്യം ഹിന്ദുത്വ സൈദ്ധാന്തികന്‍ വീര്‍ സവര്‍ക്കര്‍ക്ക് നല്‍കിയാണ് പാഠപുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

10,11,12 ക്ലാസുകളുടെ പരിഷ്‌കരിച്ച പുസ്തകങ്ങളില്‍ ഏകീകൃത സിവില്‍കോഡ്, രാഷ്ട്രഭാഷയായ ഹിന്ദി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ നയം, പാകിസ്താന്‍ പരാമര്‍ശങ്ങള്‍ തുടങ്ങിയ വിഷയങ്ങളാണ് ഉള്‍കൊള്ളിച്ചിരിക്കുന്നത്. പത്താം ക്ലാസിലെ സാമൂഹ്യ ശാസ്ത്രത്തില്‍ നിന്ന് ജവഹര്‍ലാല്‍ നെഹ്‌റുവിനെ കുറിച്ചുള്ള പാഠഭാഗം ഒഴിവാക്കുകയും ഗാന്ധിജിയെ കുറിച്ചുള്ള ഭാഗം പേരിന് മാത്രമാക്കുകയും ചെയ്തിട്ടുണ്ട്. അതേ സമയം ഈ പുസ്തകത്തില്‍ സവക്കര്‍ക്കായി കൂടുതല്‍ പേജുകള്‍ ഒഴിച്ചിടുകയും ചെയ്തിട്ടുണ്ട്. രാജ്യത്തെ സ്വാതന്ത്യ സമരത്തെ പോലും ഹിന്ദുത്വവല്‍ക്കരിക്കുകയാണെന്ന് വിദ്യാഭ്യാസ വിദഗ്ദ്ധര്‍ കുറ്റപ്പെടുത്തുന്നു.

പാഠഭാഗങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കളെ നിരന്തരമായി താറടിക്കാനുള്ള ശ്രമങ്ങളുണ്ട്. ബ്രിട്ടീഷ് ഭരണം അവസാനിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആഗ്രഹിച്ചിരുന്നില്ല എന്നുമുതല്‍ ബ്രിട്ടീഷ് അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ രൂപീകരിച്ച പാര്‍ട്ടിയായും കോണ്‍ഗ്രസിനെപ്പറ്റി വിശദീകരിച്ചിരിക്കുന്നു. വീര്‍ സവര്‍ക്കര്‍ വലിയ വിപ്ലവകാരിയായിരുന്നുവെന്നും മഹാനായ ദേശസ്‌നേഹിയിയാണെന്നും മികച്ച സംഘാടകനായിരുന്നുവെന്നുമാണ് പത്താം ക്ലാസിലെ പാഠപുസ്തകം വിശേഷിപ്പിക്കുന്നത്.

രാജ്യത്തിന്റെ സ്വാതന്ത്രത്തിനായി സവര്‍ക്കര്‍ സഹിച്ച ത്യാഗം വാക്കുകള്‍ക്കപ്പുറമാണെന്നും പുസ്തകം പറയുന്നു. ക്വിറ്റ് ഇന്ത്യാ സമരത്തില്‍ ഗാന്ധിജിക്കുള്ള പങ്ക് തരം താഴ്ത്തി കാണിക്കുന്നുമുണ്ട് പുസ്തകത്തില്‍. സ്വാമി ദയാനന്ദ സരസ്വതിയാണ് ഏറ്റവും മുകളില്‍. സ്വാമി വിവേകാനന്ദന്‍, മഹര്‍ഷി അരവിന്ദ് ഘോഷ്, മഹാത്മാഗാന്ധി, വീര്‍ സവര്‍ക്കര്‍, സര്‍ദാര്‍ വല്ലാഭായ് പട്ടേല്‍, ബി.ആര്‍.അംബേദ്ക്കര്‍, ജവഹര്‍ലാല്‍ നെഹ്‌റു, ദീന്‍ ദയാല്‍ ഉപധ്യായ് എന്നിങ്ങനെയാണ് പുസ്തകത്തിന്റെ ഒരു പാഠ ഭാഗത്തില്‍ ഇന്ത്യന്‍ സ്വതന്ത്ര്യ സമരനേതാക്കളുടെ പട്ടിക ക്രമപ്പെടുത്തിയിട്ടുള്ളത്.

അതേസമയം കഴിഞ്ഞ വര്‍ഷം എട്ടാം ക്ലാസിലെ പുസ്തകത്തില്‍ നിന്നും ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി നെഹ്‌റുവിനെ തഴഞ്ഞിരുന്നു. നെഹ്‌റുവിനെ കുറിച്ച് 9ാം ക്ലാസിലെ പുസ്തകത്തില്‍ ധാരാളം പരാമര്‍ശങ്ങളുണ്ടെന്നും എല്ലാ നേതാക്കളെയും എല്ലാ പുസ്തകത്തിലും ഉള്‍പ്പെടത്താനാവില്ലെന്നുമാണ് ഇതിനെ കുറിച്ച് രാജാസ്ഥാന്‍ വിദ്യാഭ്യാസമന്ത്രി വാസുദേവ് ദേവ്‌നാനി അന്ന് പ്രതികരിച്ചത്.