തെരേസ മേയുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടി; ബ്രിട്ടനില്‍ തൂക്ക് സഭ

single-img
9 June 2017

ലണ്ടന്‍: ഇടക്കാല തിരഞ്ഞെടുപ്പിലൂടെ ഭൂരിപക്ഷം നേടാമെന്ന പ്രധാനമന്ത്രി തെരേസ മേയുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി ബ്രിട്ടീഷ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തൂക്കുസഭ. വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ തേരേസ മെയ് നയിക്കുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കോ ജെറമി കോര്‍ബിന്‍ നയിക്കുന്ന ലേബര്‍പാര്‍ട്ടിക്കോ വ്യക്തമായ ഭൂരിപക്ഷം നേടാനായില്ല. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 310 സീറ്റും ലേബര്‍ പാര്‍ട്ടി 258 സീറ്റും നേടി. സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി 34 സീറ്റും ലിബറല്‍ ഡെമോക്രാറ്റുകള്‍ 12 സീറ്റും നേടിയിട്ടുണ്ട്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വലിയ ഒറ്റകക്ഷിയായെങ്കിലും 650 അംഗ പാര്‍ലമെന്റില്‍ കേവലഭൂരിപക്ഷം തികക്കാന്‍ 326 സീറ്റുകള്‍ വേണം.

കാലാവധി തീരാന്‍ മൂന്നു വര്‍ഷം ശേഷിക്കെയാണ് തെരേസ മേ തിരഞ്ഞെടുപ്പ് നേരിട്ടത്. പ്രചാരണത്തിന്റെ ആദ്യഘട്ടങ്ങളില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഏറെ മുന്നിലായിരുന്നെങ്കിലും തിരഞ്ഞെടുപ്പ് അടുത്തതോടെ കാര്യങ്ങള്‍ മാറി. നേരിയ മുന്‍തൂക്കം ലഭിക്കുമെങ്കിലും വ്യക്തമായ ഭൂരിപക്ഷം കണ്‍സര്‍വേറ്റീവുകള്‍ക്ക് ലഭിക്കില്ലെന്നാണ് പ്രീപോള്‍ സര്‍വേകള്‍ വ്യക്തമാക്കിയത്. സമീപകാലത്ത് മാഞ്ചസ്റ്ററിലും ലണ്ടനിലുമുണ്ടായ സ്‌ഫോടന പരമ്പരകളാണ് തെരേസ മേയ്ക്ക് തിരിച്ചടി നേരിട്ടതില്‍ ഒരു പ്രധാന കാരണം. ലേബര്‍ പാര്‍ട്ടി നേതാവ് ജെറെമി കോര്‍ബിന്‍ പ്രചാരണത്തിന്റെ അന്തിമ ഘട്ടത്തില്‍ ദേശീയ സുരക്ഷ പ്രധാന വിഷയമാക്കിയാണ് പ്രചാരണം നയിച്ചത്. തിരിച്ചടി നേരിട്ട തെരേസ മേ രാജിവെക്കണമെന്ന് ലേബര്‍ പാര്‍ട്ടി ആവശ്യപ്പെട്ടു.

അതേസമയം തെരഞ്ഞെടുപ്പില്‍ നേട്ടം ഉണ്ടാക്കിയത് പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയാണ്. കഴിഞ്ഞ തവണത്തെതിനേക്കാള്‍ 30 സീറ്റ് അധികം നേടാന്‍ ലേബര്‍ പാര്‍ട്ടിക്കായി. കാലാവധി അവസാനിക്കുന്നതിന് മുന്‍പെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തെരേസ മേയുടെ അമിത ആത്മവിശ്വാസത്തിന് തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം. ബ്രക്‌സിറ്റ് നടപ്പാക്കുന്നതിന് ശക്തി പകരുന്നതിനായിരുന്നു തെരേസ മേ അപ്രതീക്ഷിതമായി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് തെരേസ മേ ബ്രിട്ടീഷ് പ്രധാനമന്ത്രിയായത്. ബ്രെക്‌സിറ്റ് ഹിത പരിശോധനയില്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടു പോകാന്‍ ബ്രിട്ടീഷ് ജനത വോട്ടു ചെയ്തതിനെ തുടര്‍ന്ന് ഡേവിഡ് കാമറൂണ്‍ രാജിവെച്ചപ്പോഴായിരുന്നു തെരേസ മേ കാമറൂണിന്റെ പിന്‍ഗാമിയായി എത്തിയത്‌.