പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന നിര്‍ദേശത്തിന് ഭാഗിക സ്റ്റേ; ആധാറില്ലെങ്കിലും ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാം

single-img
9 June 2017

ന്യൂഡല്‍ഹി: ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമില്ലെന്നു സുപ്രീം കോടതി. ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം സുപ്രീംകോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു. ഇക്കാര്യത്തില്‍ ഭരണഘടന ബെഞ്ച് തീരുമാനമെടുക്കുന്നതുവരെയാണ് സ്റ്റേ. ആധാര്‍ കാര്‍ഡുള്ളവര്‍ മാത്രം അത് പാന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചാല്‍ മതിയെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

ആധാര്‍ ഉള്ളവര്‍ക്കേ റിട്ടേണ്‍ നല്‍കാനാകു എന്ന നിബന്ധന കോടതി പിന്‍വലിച്ചു. ആധാറില്‍നിന്നു വ്യക്തികളുടെ വിവരങ്ങള്‍ പുറത്തുപോകുമെന്ന ആശങ്ക വ്യാപകമാണ്. ഇതു തടയാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. ആധാര്‍ ഉള്ളവര്‍ ജൂലൈ ഒന്നിനകം പാന്‍ കാര്‍ഡുമായി ലിങ്ക് ചെയ്യണം. അല്ലെങ്കില്‍ പാന്‍ കാര്‍ഡ് അസാധുവാകും.

ആധാര്‍ ഇല്ലാത്തവരും ആധാര്‍ എടുത്ത് അത് പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കണമോ എന്ന കാര്യം ഭരണഘടനാ ബഞ്ച് തീരുമാനിക്കുമെന്നും കോടതി വ്യക്തമാക്കി. ആധാര്‍ നിര്‍ബന്ധമാക്കിയ ആദായനികുതി നിയമത്തിലെ വകുപ്പിന്റെ ഭരണഘടനാ സാധുത ചോദ്യംചെയ്ത് സി.പി.ഐ. നേതാവ് ബിനോയ് വിശ്വം ഉള്‍പ്പെടെയുള്ളവരാണ് ഹര്‍ജിനല്‍കിയത്.

ജഡ്ജിമാരായ എ.കെ. സിക്രി, അശോക് ഭൂഷണ്‍ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. ആദായനികുതി നിയമത്തിലെ 139എ.എ. വകുപ്പ് പ്രകാരമാണ് ആധാര്‍ നിര്‍ബന്ധമാക്കിയത്. പാന്‍ കാര്‍ഡിന് അപേക്ഷിക്കാനും ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനും ആധാര്‍ നിര്‍ബന്ധമാക്കുന്നതാണ് ഈ വകുപ്പ്. ജൂലായ് ഒന്നുമുതലാണ് ഇത് നിലവില്‍വരുന്നത്.