കശാപ്പ് നിയന്ത്രണത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കി

single-img
8 June 2017

തിരുവനന്തപുരം: കശാപ്പ് നിയന്ത്രിച്ചുള്ള കേന്ദ്ര വിജ്ഞാപനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസ്സാക്കി. വോട്ടെടുപ്പില്ലാതെയാണ് പ്രമേയം നിയമസഭ പാസ്സാക്കിയത്. പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ചു. എന്ത് കഴിക്കണമെന്ന വ്യക്തിയുടെ സ്വാതന്ത്രത്തിനും സംസ്ഥാനങ്ങളുടെ അധികാരത്തിനും മേലുള്ള കടന്നുകയറ്റം അനുവദിക്കില്ലെന്ന് പിണറായി വ്യക്തമാക്കി.

നിയന്ത്രണം കര്‍ഷകര്‍ക്കു തിരിച്ചടിയായി. അതു വിലക്കയറ്റത്തിന് ഇടയാക്കും. കേന്ദ്രത്തിന്റേതു സംസ്ഥാന സര്‍ക്കാരിന്റെ അധികാരത്തിലേക്കുള്ള കടന്നുകയറ്റമാണ്. വിജ്ഞാപനത്തിനുപിന്നില്‍ ഗോവധ നിരോധനമെന്ന രഹസ്യ രാഷ്ട്രീയ അജണ്ടയാണ്. മൃഗശാലയില്‍ മൃഗങ്ങള്‍ക്കു ഭക്ഷണം ലഭിക്കാതെ വരുമെന്നും പ്രമേയം അവതരിപ്പിച്ചു മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര വിജ്ഞാപനം ശുദ്ധ തട്ടിപ്പെന്നു ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്‍ സഭയില്‍ പറഞ്ഞു. വന്‍കിട കച്ചവടക്കാരെ സഹായിക്കുന്നതിനാണു വിജ്ഞാപനം. വിപണിയിലും വര്‍ഗീയത
കലര്‍ത്തുകയാണു കേന്ദ്രസര്‍ക്കാര്‍. ഡാര്‍വിനെ വെല്ലുന്ന സിദ്ധാന്തമാണു ഗോമാതാവിനും കാളപിതാവിനും വേണ്ടി കേന്ദ്രം കൊണ്ടുവന്നതെന്നും വിഎസ് പറഞ്ഞു.

അതേസമയം, ചര്‍ച്ചയെ എതിര്‍ത്തു കേരള കോണ്‍ഗ്രസ് (എം) നേതാവ് കെ.എം. മാണി രംഗത്തെത്തി. കേരളത്തിനു ബാധകമാകാത്ത വിഷയമെന്തിനാണു ചര്‍ച്ച ചെയ്യുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഹൈക്കോടതിയുടെ
പരിഗണനയിലുള്ള വിഷയം ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മും കോൺഗ്രസ്സും രാഷ്ട്രീയമുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് കുറ്റപ്പെടുത്തി ബിജെപി അംഗം ഒ.രാജഗോപാൽ പ്രമേയത്തെ എതി‍ർത്തു. മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തെ പ്രതിപക്ഷം പിന്തുണച്ചു. കശാപ്പ് നിയന്ത്രിച്ചുള്ള കേന്ദ്ര നടപടിക്കെതിരെ രാജ്യത്ത് ആദ്യമായാണ് ഒരു നിയമസഭ പ്രത്യേക സമ്മേളനം വിളിച്ച് പ്രമേയം പാസ്സാക്കുന്നത്.