റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു; നിരക്കുകളില്‍ മാറ്റമില്ല

single-img
7 June 2017

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു. പലിശ നിരക്കുകളില്‍ മാറ്റംവരുത്താതെയുള്ള വായ്പാനയത്തില്‍ നിലവിലുള്ളതുപോലെ റിപ്പോ നിരക്ക് 6.25 ശതമാനമായും റിവേഴ്‌സ് റിപ്പോ നിരക്ക് 6 ശതമാനമായും തുടരും. ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ നേതൃത്വത്തിലുള്ള മോണിട്ടറി പോളിസി കമ്മിറ്റി റിപോ നിരക്ക് 6.25 ശതമാനമായി നിലനിര്‍ത്തുകയായിരുന്നു. സി.ആര്‍.ആര്‍ 4 ശതമാനത്തിലും തുടരുന്നു. അതേസമയം, സ്റ്റാറ്റിയൂട്ടറി ലിക്വിഡിറ്റി റേഷ്യോ(എസ്എല്‍ആര്‍) 50 ബേസിസ് പോയന്റ് കുറച്ചു. ഇതോടെ എസ്എല്‍ആര്‍ 20 ശതമാനമാകും. ജൂണ്‍ 24 മുതല്‍ ഇത് പ്രാബല്യത്തിലാകും.

നോട്ട് അസാധുവാക്കിയതിനുശേഷം ബാങ്കുകളില്‍ പണലഭ്യത കൂടിയതോതില്‍ ഇപ്പോഴും നിലനില്‍ക്കുന്നതും ഉപഭോക്തൃ വിലസൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്കുകള്‍ നേരിയ തോതിലെങ്കിലും ഉയര്‍ന്നുകൊണ്ടിരിക്കുന്നതുമാണ് റിപ്പോ നിരക്കില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന തീരുമാനത്തിലെത്താന്‍ ആര്‍ബിഐയെ പ്രേരിപ്പിച്ചത്. 2016 ഒക്ടോബറിലാണ് ആര്‍ബിഐ ഗവര്‍വര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ 0.25 ശതമാനം റിപ്പോനിരക്കില്‍ അവസാനമായി കുറവ് വരുത്തിയത്.

സ്വകാര്യ നിക്ഷേപം പുനരുജ്ജീവിപ്പിക്കുക, ബാങ്കിംഗ് മേഖലയെ വീണ്ടെടുക്കുക, അടിസ്ഥാന സൗകര്യങ്ങളുടെ വികസനം മെച്ചപ്പെടുത്തുക തുടങ്ങിയവയുടെ ആവശ്യകതയാണ് ഇപ്പോഴത്തെ സമ്പദ്‌വ്യവസ്ഥ അടിവരയിടുന്നത്. ഈ ഘടകങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മോണിറ്ററി പോളിസിക്ക് കൂടുതല്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാനാകുമെന്നും ആര്‍ബിഐ പറഞ്ഞു.