രാഹുല്‍ കോണ്‍ഗ്രസിന്റെ അമരത്തേക്ക്; സ്ഥാനാരോഹണം ഒക്ടോബറില്‍

single-img
7 June 2017

ന്യൂഡല്‍ഹി: സോണിയഗാന്ധി ഒക്ടോബറോടെ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിയുമെന്ന് റിപ്പോര്‍ട്ട്. ഇതോടെ സംഘടനാതിരഞ്ഞെടുപ്പ് നടക്കുന്ന ഒക്ടോബര്‍ 15ന് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് എത്തുമെന്നാണ് സൂചന. ഹിമാചല്‍, ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായിരിക്കും ഇത്. ചൊവ്വാഴ്ച ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗം സംഘടനാ തിരഞ്ഞെടുപ്പിന്റെ സമയക്രമത്തിന് അംഗീകാരം നല്‍കിയിരുന്നു. ബൂത്ത് തലം മുതല്‍ എ.ഐ.സി.സി അദ്ധ്യക്ഷ പദവിയിലേക്ക് വരെ നടക്കുന്ന തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 30ന് മുന്‍പ് പൂര്‍ത്തിയാക്കും. ഡിസംബര്‍ 31 വരെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ സമയം അനുവദിച്ചിട്ടുണ്ട്.

പാര്‍ട്ടിയുടെ സംഘടനാ അടിത്തറ ശക്തിപ്പെടുത്തണമെന്നും സംഘടനാ തിരഞ്ഞെടുപ്പ് വേഗത്തിലും സുതാര്യമായും നടത്തുന്നതിനും സോണിയ യോഗത്തില്‍ ആഹ്വാനം ചെയ്തിരുന്നു. അതേസമയം രാഹുലിനെ അദ്ധ്യക്ഷനാക്കുന്ന കാര്യം ചര്‍ച്ച ചെയ്‌തോ എന്ന ചോദ്യത്തിന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് വ്യക്തമായ മറുപടി പറഞ്ഞില്ല.

സംഘടനാ തിരഞ്ഞെടുപ്പ് നടത്താന്‍ പ്രവര്‍ത്തക സമിതി അനുമതി നല്‍കിയെന്നും രാഹുലിന്റെ കാര്യം പ്രത്യേകമായി ചര്‍ച്ച ചെയ്തില്ലെന്നുമായിരുന്നു ആസാദ് പറഞ്ഞത്. കഴിഞ്ഞ നവംബറില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ അംഗങ്ങള്‍ ഒറ്റക്കെട്ടായി രാഹുല്‍ നേതൃത്വം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സംഘടനാ തിരഞ്ഞെടുപ്പിലൂടെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് വരുകയെന്നാണ് രാഹുലും ആഗ്രഹിക്കുന്നത്.

കഴിഞ്ഞ വര്‍ഷം നവംബറില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗം, രാഹുലിനെ അദ്ധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, മുതിര്‍ന്ന നേതാവ് എ.കെ.ആന്റണി എന്നിവരും ഈ ആവശ്യത്തെ ശക്തമായി പിന്തുണച്ചിരുന്നു. അതേസമയം, പദവി ഏറ്റെടുക്കാന്‍ അന്നൊക്കെ രാഹുല്‍ വിസമ്മതിക്കുകയായിരുന്നു. 1998 മുതല്‍ 19 വര്‍ഷമായി സോണിയയാണ് പാര്‍ട്ടി അധ്യക്ഷ സ്ഥാനം വഹിച്ചുവരുന്നത്. കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ഇത് റെക്കോഡാണ്. 2013ല്‍ ജയ്പൂരില്‍ ചേര്‍ന്ന ചിന്തന്‍ ശിബിരത്തിലാണ് പാര്‍ട്ടി ഉപാദ്ധ്യക്ഷനായി രാഹുലിനെ നിയമിച്ചത്.