ഖത്തര്‍ പ്രതിസന്ധിയില്‍ കണ്ണുംനട്ട് ഇന്ത്യ: വരാനിരിക്കുന്നത് തൊഴിലവസരങ്ങളുടെ അനന്ത സാദ്ധ്യതകള്‍

single-img
7 June 2017

ന്യൂഡല്‍ഹി: സൗദി അറേബ്യയടക്കമുള്ള പ്രമുഖ അറബ് രാജ്യങ്ങള്‍ ഖത്തറുമായുള്ള ബന്ധം ഉപേക്ഷിക്കുമ്പോള്‍ ഇന്ത്യയുള്‍പ്പെടെയുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്ക് മുന്നില്‍ തുറക്കുന്നത് തൊഴിലവസരങ്ങളുടെ വലിയ വാതിലുകള്‍. നിലവില്‍ ആറര ലക്ഷത്തോളം ഇന്ത്യക്കാര്‍ ഖത്തറില്‍ തൊഴിലെടുക്കുന്നുണ്ട്. അതില്‍ മൂന്ന് ലക്ഷത്തോളവും മലയാളികളാണ്.

സൗദി, യു.എ.ഇ., ബഹ്‌റിന്‍, ഈജിപ്റ്റ്, ലിബിയ, യെമന്‍, മൗറീഷ്യസ്, മാലിദ്വീപ്, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ നിന്നായി അഞ്ച് ലക്ഷത്തിലേറെപ്പേര്‍ ഖത്തറില്‍ ജോലി ചെയ്യുന്നുണ്ട്. ഉപരോധം മൂലം ഇവര്‍ക്കെല്ലാം സ്വന്തം നാട്ടിലേക്ക് മടങ്ങേണ്ടിവരും. ആളൊഴിയുന്ന ഈ തൊഴിലവസരങ്ങളിലേക്ക് ഏറ്റവുമധികം കടന്നു ചെല്ലാനാവുക ഇന്ത്യക്കാര്‍ക്കാണ്; പ്രത്യേകിച്ച് മലയാളികള്‍ക്ക്. ഖത്തറിന് ഉപരോധം ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്ന് ഖത്തറി പൗരന്മാരും മടങ്ങുമെന്നതിനാല്‍ ആ രാജ്യങ്ങളിലും തൊഴില്‍ സാദ്ധ്യതകള്‍ വര്‍ദ്ധിക്കും.

ഇന്ത്യയും ഖത്തറും തമ്മില്‍ നല്ല ബന്ധം ആയതിനാല്‍ ഖത്തറിലെ ഇന്ത്യക്കാര്‍ക്ക് നിലവില്‍ പ്രശ്‌നങ്ങളില്ല. എന്നാല്‍, ഖത്തറിലുണ്ടാകുന്ന ഭക്ഷ്യക്ഷാമവും വിലക്കയറ്റവും ഇവര്‍ക്ക് തിരിച്ചടിയാകും. ഉപരോധം ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്ക് വ്യോമയാന സര്‍വീസുകള്‍ നിലച്ചത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. പ്രതിസന്ധി തുടരുകയാണെങ്കില്‍ വേനലവധിയും റംസാനും പ്രമാണിച്ചു നാട്ടിലേക്ക് മടങ്ങുന്ന മലയാളികള്‍ക്ക് കനത്ത സാമ്പത്തിക നഷ്ടമുണ്ടായേക്കുമെന്നാണ് സൂചന. ഇന്ത്യയില്‍ നിന്ന് ഈ രാജ്യങ്ങളില്‍ കടക്കാതെ, വിമാനങ്ങള്‍ മറ്റു വഴികളിലൂടെ ഖത്തറിലേക്ക് പോകേണ്ടിവരും. ഇത്, ഖത്തറിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് ഉയര്‍ത്തും.

സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ചുരുങ്ങിയത് ആറോളം വിമാനകമ്പനികളാണ് ഖത്തറിലേക്കും ഖത്തറില്‍ നിന്ന് പുറത്തേക്കുമുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. ദേശീയ വിമാന കമ്പനിയായ ഖത്തര്‍ എയര്‍വെയ്‌സും നാല് രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. വേനലവധിയായതിനാല്‍ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലേക്ക് മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ വഴിയുള്ള കണക്ഷന്‍ ഫ്‌ളൈറ്റുകളെ ആശ്രയിക്കുന്ന ആയിരക്കണക്കിന് യാത്രക്കാരെ ഇത് പ്രതികൂലമായി ബാധിക്കും.

ഈ ഫ്‌ളൈറ്റുകളില്‍ ടിക്കറ്റെടുത്തവരും ബുക്ക് ചെയ്തവരുമായ നിരവധി യാത്രക്കാര്‍ ടിക്കറ്റുകള്‍ റദ്ദാക്കാനും പകരം മറ്റ് വിമാനങ്ങളില്‍ യാത്ര ഉറപ്പാക്കാനുമായി സമീപിക്കുന്നതായി ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ ദോഹയില്‍ നിന്ന് അകത്തേക്കും പുറത്തേക്കുമുള്ള സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നതായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അറിയിച്ചിട്ടുണ്ട്. ഈ റൂട്ടില്‍ എമിറേറ്റ്‌സില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പകരം സംവിധാനം ഒരുക്കുമെന്നും എമിറേറ്റ്‌സ് ഔദ്യോഗിക വെബ്‌സൈറ്റില്‍ അറിയിച്ചു.

ഇതിനു പുറമെ ഖത്തറില്‍ നിന്നും ദുബായ് വഴി പോകുന്ന എല്ലാ വിമാനങ്ങള്‍ക്കും ദുബായിയുടെ വ്യോമമേഖലയില്‍ നിരോധനം ഏര്‍പെടുത്തിയതിനാല്‍ ജെറ്റ് എയര്‍വേയ്‌സ് ഉള്‍പ്പെടെ ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ ഇറാന്റെ വ്യോമമേഖല വഴിയാണ് ഇന്ത്യയിലേക്ക് പറക്കുന്നത്. ദുബായ് വഴിയുള്ള എളുപ്പ വഴി ഒഴിവാക്കി ടെഹ്‌റാന്‍ വഴി പോകുന്നതിനാല്‍ യാത്രാസമയം 30 മിനുട്ടോളം വര്‍ധിക്കുന്നതിന് പുറമെ അധിക ഇന്ധനം ആവശ്യമായി വരുന്നതായും ജെറ്റ് എയര്‍വേയ്‌സ് വക്താവ് അറിയിച്ചു.

അതേസമയം അയല്‍ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് ഖത്തര്‍ മന്ത്രിസഭ ഉറപ്പുനല്‍കിയിട്ടുണ്ട്. ഖത്തറിന് 33,500 കോടി ഡോളറിന്റെ കരുതല്‍ ധനശേഖരമുണ്ട്. ഉപരോധം നീണ്ടാലും സാമ്പത്തികമായി പിടിച്ചുനില്‍ക്കാന്‍ ഇതുവഴി കഴിയും.

ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ആളോഹരി വരുമാനമായ 1.38 ലക്ഷം ഡോളറാണ് ഖത്തറിന്റെ ആളോഹരി വരുമാനം. സാമ്പത്തിക വളര്‍ച്ച 2016ല്‍ 2.7 ശതമാനവും മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പിത് 4.4 ശതമാനവും ആയിരുന്നു. യു.എ.ഇയാണ് അറബ് രാജ്യങ്ങളില്‍ ഖത്തറിന് ഏറ്റവുമധികം വ്യാപാര പങ്കാളിത്തമുള്ള രാജ്യം. എന്നാല്‍, ഖത്തറിന് വ്യാപാര പങ്കാളിത്തമുള്ള രാജ്യങ്ങളില്‍ അഞ്ചാംസ്ഥാനം മാത്രമാണ് യു.എ.ഇയ്ക്ക്.

പ്രമുഖ ആഗോള ബിസിനസ് ബ്രാന്‍ഡുകളില്‍ നിക്ഷേപമുള്ള രാജ്യമാണ് ഖത്തര്‍. ഫോക്‌സ്വാഗണില്‍ 17 ശതമാനമാണ് ഓഹരി പങ്കാളിത്തം. എംപയര്‍ സ്റ്റേറ്റ് ബില്‍ഡിംഗ്, ഡോയിചെ ബാങ്ക്, ബര്‍ക്‌ളെയ്‌സ്, ക്രെഡിറ്റ് സ്വിസ്, ബ്രിട്ടനിലെ പ്രമുഖ റീട്ടെയില്‍ ശൃംഖലയായ സെയിന്‍ബെറി തുടങ്ങിയവയിലും നിക്ഷേപമുണ്ട്. ബ്രിട്ടനില്‍ ഖത്തറിന്റെ മൊത്തം നിക്ഷേപം 5,100 കോടി ഡോളര്‍ മതിക്കും. അതുപോലെ ഫ്രാന്‍സിലെ പ്രമുഖ ഫുട്‌ബോള്‍ ക്ലബ്ബായ പി.എസ്.ജിയുടെ ഉടമസ്ഥര്‍ ഖത്തറാണ്. അല്‍ ജസീറ ചാനലിന്റെ ഉപസ്ഥാപനമായി ബിഇന്‍ എന്ന സ്‌പോര്‍ട്‌സ് ചാനലും ഫ്രാന്‍സിലുണ്ട്.

അതേ സമയം ഖത്തര്‍ റിയാലിന്റെ മൂല്യം ഡോളറിനെതിരെ ഇന്നലെ 3.64 ആയിരുന്നു. 2016 ജൂണിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ മൂല്യമാണിത്. ഖത്തര്‍ റിയാല്‍ വിറ്റൊഴിയാന്‍ സൗദി അടക്കമുള്ള അറബ് രാജ്യങ്ങളും ശ്രീലങ്കയും തങ്ങളുടെ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.