ഇറാനില്‍ ഇരട്ട ഭീകരാക്രമണം: രണ്ടുപേര്‍ കൊല്ലപ്പെട്ടു; നിരവധി പേരെ ബന്ദികളാക്കിയതായി സൂചന

single-img
7 June 2017

ഇറാന്‍ പാര്‍ലമെന്റിലും തീര്‍ഥാടന കേന്ദ്രമായ ഖൊമേനി ശവകുടീരത്തിലും ആക്രമണം. പാര്‍ലമെന്റിനുള്ളില്‍ പ്രവേശിച്ച അക്രമി സുരക്ഷ ഗാര്‍ഡുകള്‍ക്കു നേരെ വെടിയുതിര്‍ത്തു. ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. മൂന്നു പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ സുരക്ഷാ ഉദ്യോഗസ്ഥനാണ്. പാര്‍ലമെന്റിനുള്ളില്‍ ചിലരെ ബന്ദിയാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഏറ്റുമുട്ടല്‍ തുടരുകയാണ്. ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് ഇറാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.

രാവിലെ 10.45 ഓടെയാണ് പാര്‍ലമെന്റിന്റെ കവാടത്തിനു സമീപത്തുനിന്ന് വെടിവയ്ക്കുന്നതിന്റെ ശബ്ദം കേട്ടത്. ഗാര്‍ഡിനെ വെടിവച്ചതിനുശേഷം അക്രമി അവിടെനിന്നും ഓടി രക്ഷപെട്ടു. ആക്രമണത്തെ തുടര്‍ന്ന് പാര്‍ലമെന്റ് ഹാളിന്റെ അകത്തേക്കും പുറത്തേക്കുമുള്ള കവാടങ്ങളടച്ചു. മൂന്നു അക്രമികളാണുണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തെ തുടര്‍ന്ന് സുരക്ഷാസേന പാര്‍ലമെന്റ് വളഞ്ഞു. അക്രമികളില്‍ ഒരാളെ സുരക്ഷാസേന പിടികൂടിയിട്ടുണ്ട്. മറ്റുള്ളവര്‍ക്കുവേണ്ടിയുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. ആക്രമണത്തിനു പിന്നിലെ കാരണം വ്യക്തമായിട്ടില്ല.