ഇറാനിലെ ഇരട്ട ഭീകരാക്രമണം: ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്

single-img
7 June 2017

ടെഹ്‌റാന്‍: ഇറാനില്‍ ഉണ്ടായ ഇരട്ട സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. ഇറാന്‍ പാര്‍ലമെന്റിലും ആയത്തുള്ള ഖുമേനിയുടെ ശവകുടീരത്തിലുമുണ്ടായ ആക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പാര്‍ലമെന്റിനുള്ളില്‍ പ്രവേശിച്ച ആയുധധാരികള്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു.

അതേസമയം ആയത്തുള്ള ഖുമേനിയുടെ ശവകുടീരത്തിനടുത്ത് ചാവേര്‍ പൊട്ടിത്തറിച്ചാണ് ഏഴ് പേര്‍ മരിച്ചത്. പാര്‍ലമെന്റ് ആക്രമണത്തില്‍ മരിച്ചവരില്‍ ഒരാള്‍ സുരക്ഷാ ഉദ്യോഗസ്ഥനാണ്. സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ അറസ്റ്റിലായെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇതിനു പുറമേ ഇറാനില്‍ മെട്രോ സ്റ്റേഷനില്‍ ആക്രമണമുണ്ടായതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തെ തുടര്‍ന്ന് മെട്രോ സര്‍വ്വീസ് നിര്‍ത്തിവച്ചിട്ടുണ്ട്. അക്രമികളില്‍ ഒരു സ്ത്രീയെ സുരക്ഷാ സേന പിടികൂടിയെങ്കിലും പാര്‍ലമെന്റ് വളഞ്ഞ സുരക്ഷാ സേന പാര്‍ലമെന്റില്‍ തിരച്ചില്‍ നടത്തിവരികയാണ്.

ഐഎസിന്റെ വാര്‍ത്താ ഏജന്‍സികളായ അമാഖ്, ടെലിഗ്രാം എന്നിവിടങ്ങളിലാണ് ഐഎസ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. ഇതോടെ ഐഎസിനെതിരെ പോരാടുന്നതില്‍ ഇറാന്‍ പുതിയ തന്ത്രങ്ങള്‍ മെനയുമെന്നുറപ്പാണ്. ഇറാനില്‍ രണ്ടിടങ്ങളിലായി ഉണ്ടായത് ഭീകരാക്രമണമാണെന്ന് ഇറാനിയന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇറാനുമേല്‍ ഐഎസ് അടുത്ത കാലത്ത് നടത്തുന്ന ഏറ്റവും വലിയ ആക്രമണത്തിനാണ് രാജ്യം ബുധനാഴ്ച സാക്ഷ്യം വഹിച്ചിട്ടുള്ളത്. നാല് പേരെ ബന്ദികളാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

മെയ് 27 ന് ശേഷം ലോകത്തുണ്ടായ വലിയ ഭീകരാക്രമണങ്ങളില്‍ എല്ലാ ആക്രമണങ്ങളുടേയും ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തവും ഐഎസ് ഏറ്റെടുത്തിരുന്നു.