ഖത്തര്‍ പ്രതിസന്ധിയിൽ ആശങ്കയോടെ ഇന്ത്യയും;ക്രൂഡോയിൽ വില ഉയരുന്നത് ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില വർദ്ധിക്കാനും ഇടവരുത്തും;പ്രവാസികൾക്ക് ഭക്ഷ്യക്ഷാമത്തിന് സാധ്യത.

single-img
6 June 2017

ന്യൂഡൽഹി: സൗദി അറേബ്യ ഉൾപ്പെടെ ആറ് രാജ്യങ്ങൾ ‘തീവ്രവാദ’ വിഷയം ചൂണ്ടിക്കാട്ടി ഖത്തറിനെ ഒറ്റപ്പെടുത്തിയതിനെ തുടർന്ന് ക്രൂഡോയിൽ വില ഉയർന്നു. ഇന്ത്യ വൻതോതിൽ ഇറക്കുമതി ചെയ്യുന്ന ബ്രെന്റ് ക്രൂഡ് വില ഇന്നലെ ഒരു ശതമാനം വരെ വില വർദ്ധിച്ചു.ബാരലിന് 35 സെന്റ് വർദ്ധിച്ച് 50.30 ഡോളറിലായിരുന്നു ഇന്നലെ വ്യാപാരം. ബ്രെന്റ് ക്രൂഡ് വില ഉയരുന്നത് ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില വർദ്ധിക്കാൻ ഇടവരുത്തും. ഇക്കഴിഞ്ഞ മേയ് 31ന് പൊതുമേഖലാ എണ്ണക്കമ്പനികൾ പെട്രോൾ വില ലിറ്ററിന് 1.23 രൂപയും ഡീസലിന് 89 പൈസയും ഉയർത്തിയിരുന്നു.

പ്രതിദിനം ആറ് ലക്ഷം ബാരൽ ക്രൂഡോയിലാണ് ഖത്തർ ഉത്‌പാദിപ്പിക്കുന്നത്. ഒപെക്കിലെ മറ്റ് രാജ്യങ്ങളുടെ ഉത്‌പാദനവുമായി താരതമ്യം ചെയ്യുമ്പോൾ ഖത്തറിന്റെ പങ്ക് കുറവാണ്. എങ്കിലും, ഖത്തറിൽ നിന്നുള്ള വിതരണം തടസപ്പെട്ടാൽ ക്രൂഡോയിൽ വിലയിൽ മുന്നേറ്റമുണ്ടാകും. അതേസമയം, ഖത്തറിൽ നിന്ന് ഇന്ത്യയിലേക്കുള്ള എൽ.എൻ.ജി വിതരണം തടസ്സപ്പെടില്ലെന്നാണ് പ്രതീക്ഷയെന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ഗ്യാസ് ഇറക്കുമതിക്കാരായ പെട്രോനെറ്ര് എൽ.എൻ.ജി പ്രതികരിച്ചു. ഖത്തറിൽ നിന്ന് ഗ്യാസ് നേരിട്ടാണ് ഇന്ത്യയിലെത്തുന്നത്. പ്രതിവർഷം 85 ലക്ഷം ടൺ ഗ്യാസിന്റെ ഓർഡർ ഖത്തറിന് ഇന്ത്യ നൽകിയിട്ടുണ്ട്.
അതിനിടെ ഖത്തറില്‍ ഭക്ഷ്യക്ഷാമത്തിന് സാധ്യതയെന്ന് വിലയിരുത്തല്‍. സൗദിയുമായുള്ള റോഡ് മാര്‍ഗ്ഗമുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടതാണ് ഇതിന് പ്രധാനകാരണം.മലയാളികൾ അടക്കമുള്ള പ്രവാസി ഇന്ത്യക്കാരെയാകും ഭക്ഷ്യക്ഷാമമുണ്ടായാൽ അത് രൂക്ഷമായി ബാധിയ്ക്കുക.ഭക്ഷ്യവസ്തുക്കളുടെ വന്‍ വിലക്കയറ്റവും ഖത്തറില്‍ ഉടന്‍ ഉണ്ടാകുമെന്നും വിലയിരുത്തലുണ്ട്.

അതേസമയം തിങ്കളാഴ്ച ഖത്തറിലെ ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ റംസാന്‍കാലത്ത് സാധാരണ ഉണ്ടാകാറുള്ളതിലധികം തിരക്കനുഭവപ്പെട്ടു. ഭക്ഷ്യസാധനങ്ങള്‍ക്ക് വില കുതിച്ചുയര്‍ന്നേക്കുമെന്ന ആശങ്ക പരന്നതിനാലാണത്.
ഖത്തറിലേക്കുള്ള പച്ചക്കറിയും പാലും മുട്ടയും ഇറച്ചിയും ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളില്‍ അധികവും വരുന്നത് സൗദിയില്‍നിന്നോ സൗദിവഴിയോ ആണ്.

ഖത്തറിലെ 27 ലക്ഷത്തോളം വരുന്ന മൊത്തം ജനസംഖ്യയില്‍ ആറേമുക്കാല്‍ ലക്ഷത്തോളം വരും ഇന്ത്യക്കാര്‍. ഇതില്‍ മൂന്നുലക്ഷത്തോളം പേര്‍ മലയാളികളാണ്.

അതിനിടെ ഖത്തറുമായുളള ബന്ധം ആറു രാജ്യങ്ങള്‍ വിച്ഛേദിച്ചത് ഗള്‍ഫ് മേഖലയിലെ ആഭ്യന്തരവിഷയമാണെന്നും ഇന്ത്യ പക്ഷം പിടിക്കില്ലെന്നും വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് വ്യക്തമാക്കി.ഗര്‍ഫിലെ സംഭവവികാസങ്ങള്‍ വിദേശ ഇന്ത്യക്കാരെ ബാധിച്ചാല്‍ ഇടപെടുമെന്നും വിദേശാകാര്യമന്ത്രി വ്യക്തമാക്കി.