പാരലൽ കോളേജ് അടക്കമുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള യാത്രാസൗജന്യം കെഎസ്ആര്‍ടിസി നിർത്തി;കണ്‍സഷന്‍ കാര്‍ഡുകളുടെ വിലയും വർദ്ധിപ്പിച്ചു

single-img
6 June 2017

സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ സൗജന്യം കെഎസ്ആര്‍ടിസി നിര്‍ത്തലാക്കി. ഇനി മുതല്‍ എയ്ഡഡ് കലാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് മാത്രമേ യാത്രാ സൗജന്യം ലഭ്യമാകൂ. സ്വാശ്രയ, പാരലല്‍ കോളേജുകകളിലെ വിദ്യാര്‍ഥികള്‍ക്ക് ചീഫ് ഓഫീസില്‍ നിന്നുള്ള പ്രത്യേക ഉത്തരവുണ്ടെങ്കില്‍ മാത്രമേ കണ്‍സെഷന്‍ അനുവദിക്കേണ്ടതുള്ളൂവെന്നാണ് പുതിയ നിര്‍ദേശം . ഇതുസംബന്ധിച്ച ഉത്തരവ് ഡി.ടി.ഒ ഓഫീസുകളിലെത്തി. കെഎസ്ആര്‍ടിസിയുടെ നഷ്ടം കുറച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടിയെന്നാണു കെഎസ്ആര്‍ടിസി നൽകുന്ന വിശദീകരണം.

കെഎസ്ആര്‍ടിസിയുടെ തീരുമാനം ട്രാന്‍സ്‌പോര്‍ട്ട് ബ്സ്സുകളെ മാത്രം ആശ്രയിക്കുന്ന വയനാടുപോലുള്ള ജില്ലകളിലെ വിദ്യാര്‍ഥികളെ കൂടുതല്‍ ദുരിതത്തിലാഴ്ത്തുമെന്നാണ് കരുതപ്പെടുന്നത്. മറ്റു ജില്ലകളെ ആപേക്ഷിച്ച് സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങള്‍ വയനാട്ടില്‍ കുറവാണെന്നിരിക്കെ വിദ്യാര്‍ഥികള്‍ക്കുള്ള യാത്രാ സൗകര്യം നിര്‍ത്തലാക്കാന്‍ സ്വകാര്യ ബസ്സുടമകള്‍ തുനിയുമോയെന്നൊരു ആശങ്കയും വിദ്യാര്‍ഥികള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്.