ഖത്തര്‍ ഒറ്റപ്പെടുന്നു; വിമാന സര്‍വീസുകള്‍ റദ്ദാക്കിയതോടെ പ്രവാസി മലയാളികളും ആശങ്കയില്‍

single-img
5 June 2017

ഗള്‍ഫ്-അറബ് രാജ്യങ്ങള്‍ക്കിടയില്‍ ഉടലെടുത്ത ആഭ്യന്തര കലഹം ഖത്തറിനെ പൂര്‍ണമായും ഒറ്റപ്പെടുത്തുന്ന പുതിയ തലത്തിലേക്ക് നീങ്ങുന്നു. നയതന്ത്ര ബന്ധം വിച്ഛേദിച്ചതോടെ സൗദി, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിമാന കമ്പനികള്‍ ഖത്തറിലേക്കുള്ള സര്‍വീസുകളും നിര്‍ത്തിവെക്കാന്‍ ഒരുങ്ങുകയാണ്. എമിറേറ്റ്‌സ് എയര്‍വെയ്‌സ്, ഇത്തിഹാദ്, സൗദിയ, ഗള്‍ഫ് എയര്‍, ഈജിപ്ത് എയര്‍ എന്നീ വിമാന കമ്പനികള്‍ ഇനി ഖത്തറിലേക്ക് സര്‍വീസ് നടത്തില്ല. അതേസമയം ഖത്തറിലെ തീര്‍ത്ഥാടകരെ എത്തിക്കുന്നതില്‍ സൗദി അറേബ്യ വിലക്കേര്‍പ്പെടുത്തിയിട്ടില്ല.

അബുദാബി കേന്ദ്രീകരിച്ച എത്തിഹാദ് എയര്‍വെയ്‌സ് നാളെ മുതല്‍ സര്‍വീസ് നടത്തില്ലെന്ന് അറിയിച്ചു. ദോഹയിലേക്കും തിരിച്ചും വിമാനസര്‍വീസ് ഉണ്ടായിരിക്കില്ല. നാളെ പ്രാദേശിക സമയം 2.45നായിരിക്കും ദോഹയിലേക്കുള്ള അവസാന വിമാനമെന്ന് എത്തിഹാദ് വക്താവ് അറിയിച്ചു. ദുബായില്‍നിന്ന് ദോഹയിലേക്കു സര്‍വീസ് നടത്തുന്ന ഫ്‌ലൈ ദുബായിയും സര്‍വീസ് നിര്‍ത്തി.

അതേസമയം അറബ് ലോകത്തെ എന്ത് പ്രതിസന്ധിയും രൂക്ഷമായി ബാധിക്കുക മലയാളികളെയാണ്. ലക്ഷക്കണക്കിന് മലയാളികളാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നത്. കേരളത്തിന്റെ സമ്പദ്ഘടനയില്‍ ഗള്‍ഫ് പണത്തിനുള്ള സ്വാധീനം വലുതാണ്. ഖത്തര്‍ ജിസിസി രാജ്യങ്ങളില്‍ ഒറ്റപ്പെട്ട സ്ഥിതിയാണ് ഇപ്പോള്‍. ഒരുപക്ഷേ ജിസിസിയില്‍ നിന്ന് ഖത്തറിനെ പുറത്താക്കിയേക്കാം എന്ന് പോലും അഭ്യൂഹങ്ങളുണ്ട്. മലയാളികള്‍ ഏറെ ജോലി ചെയ്യുന്ന അറബ് രാജ്യങ്ങളില്‍ ഒന്നാണ് ഖത്തര്‍. ഒരു രാജ്യം എന്ന നിലയ്ക്ക് ഗള്‍ഫ് മേഖലയില്‍ ഖത്തറിന് ഒറ്റയ്ക്ക് പിടിച്ചുനില്‍ക്കുക സാധ്യമല്ല. കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന രാജ്യം എങ്ങനെ ഈ പ്രതിസന്ധി മറികടക്കും എന്നത് നിര്‍ണായകമാണ്. ഖത്തറിലേക്കുള്ള വിമാന സര്‍വീസുകള്‍ ഈ രാജ്യങ്ങള്‍ നിര്‍ത്തിവെച്ചതോടെ സ്വദേശികള്‍ക്കൊപ്പം മലയാളികളടക്കമുള്ള പ്രവാസികളും പ്രതിസന്ധിയിലാകും.

ഖത്തര്‍ പ്രവാസികള്‍ക്കൊപ്പം യുഎഇ, സൗദി അറേബ്യ, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസികളെയും ഇത് ബാധിക്കും. ഖത്തറിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലുമായി വ്യാപാര സ്ഥാപനങ്ങള്‍ നടത്തുന്ന അനേകം മലയാളികളാണുള്ളത്. ഇവര്‍ക്ക് ഖത്തറിലേക്കും അവിടേ നിന്ന് നയതന്ത്രം വിച്ഛേദിച്ച രാജ്യങ്ങളിലേക്കും കടക്കണമെങ്കില്‍ മറ്റു രാജ്യങ്ങളിലെ വിമാന കമ്പനികളെ ആശ്രയിക്കേണ്ടി വരും. ലോകകപ്പ് ഫുട്‌ബോള്‍ മാമാങ്കത്തിന് ആതിഥേയരാകാന്‍ ഒരുങ്ങി നില്‍ക്കുകയാണ് ഖത്തര്‍. ഗള്‍ഫിലെ പ്രധാനികളായ സൗദിക്കും യുഎഇയ്ക്കും സാധിക്കാനാവത്ത നേട്ടം. ഈ സാഹചര്യത്തില്‍ ലോകകപ്പ് ഫുട്‌ബോള്‍ പോലും പ്രതിസന്ധിയിലാകുന്ന ഒരു ഘട്ടം വന്നാല്‍ ഖത്തറിനു വഴങ്ങേണ്ടി വരും. കാരണം ലോകകപ്പിനായി ശതകോടികളാണ് ഖത്തര്‍ ചെലവഴിച്ചിട്ടുള്ളത്. ഇതില്‍ നിന്ന് വമ്പന്‍ ലാഭവും പ്രതീക്ഷിക്കുന്നു. സൗദിയും കൂട്ടരും വിലക്ക് ഏര്‍പ്പെടുത്തുന്നത് അമേരിക്കയുടെ ആശിര്‍വാദത്തോടെയാണ്. ഇറാനെ തളയ്ക്കാന്‍ ഖത്തറിനെ ഒതുക്കുകയാണ് അമേരിക്കന്‍ താല്‍പ്പര്യം. ഇതിന് വേണ്ടിയാണ് പ്രസിഡന്റായി തെരഞ്ഞെടുത്ത ശേഷം ഡൊണാള്‍ ട്രംപ് ആദ്യ വിദേശ സന്ദര്‍ശനത്തിന് സൗദിയില്‍ എത്തിയത്. അറബ് ഉച്ചകോടിയിലും പങ്കെടുത്തു. ഇതിനിടെ ഉണ്ടായ ചില സംഭവങ്ങളും ഖത്തറിനെ ഒറ്റപ്പെടുത്താന്‍ കാരണമായിട്ടുണ്ട്.

അതേസമയം ഗള്‍ഫ് രാജ്യങ്ങളുടെ ഉപരോധനീക്കത്തെ തള്ളി ഖത്തര്‍ രംഗത്തെത്തി. ഉപരോധം ഏര്‍പ്പെടുത്തിയ സൗദി അടക്കമുള്ള രാജ്യങ്ങളുടെ നടപടി നിരാശാജനകമാണെന്ന് ഖത്തര്‍ അറിയിച്ചു. ഉപരോധം ഖത്തറിനെ ബാധിക്കില്ലെന്നും, ഗള്‍ഫ് രാജ്യങ്ങളുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും ഖത്തര്‍ അറിയിച്ചു. പിന്നാലെ സൗദി യുഎഇ പൗരന്മാരോട് രാജ്യം വിടാനും ഖത്തര്‍ നിര്‍ദേശം നല്‍കി. യുഎഇ, ബഹ്‌റൈന്‍, സൗദി, യുഎഇ എന്നീ രാഷട്രങ്ങള്‍ ഖത്തറി പൗരന്മാരോട് രണ്ടാഴ്ചയ്ക്കുള്ളില്‍ രാജ്യം വിടാന്‍ നിര്‍ദേശിച്ചതിന് പിന്നാലെയാണ് ഖത്തറിന്റെ തിരിച്ചടി.