പൃഥ്വിരാജ്-മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ 2018 മെയില്‍ തീയേറ്ററുകളിലെത്തും

single-img
5 June 2017

കൊച്ചി: പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനാകുന്ന ലൂസിഫര്‍ 2018 മെയില്‍ തീയറ്ററുകളിലെത്തും. സിനിമയുടെ തിരക്കഥാകൃത്തായ മുരളീ ഗോപിയാണ് ഇക്കാര്യം അറിയിച്ചത്. സിനിമ ഇപ്പോളും എഴുതിത്തുടങ്ങിയിട്ടില്ല. ഇപ്പോള്‍ താന്‍ രണ്ട് സിനിമകളില്‍ അഭിനയിക്കുകയാണ്, അത് കഴിഞ്ഞ് എഴുത്ത് തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. കഥ ധാരണയായിട്ടുണ്ട്, അത് പേപ്പറിലാക്കുന്ന ജോലിയാണ് ബാക്കിയുള്ളത്. സിനിമ പൂര്‍ണമായും ഒരു എന്റര്‍ടൈനറായിരിക്കുമെന്നും അദ്ദേഹം പറയുന്നു.

മലയാളം കണ്ട എക്കാലത്തെയും മികച്ച സൂപ്പര്‍താരമാണ് മോഹന്‍ലാല്‍. അതിനാല്‍ തന്നെ വലിയ സമ്മര്‍ദമുണ്ട് തന്റെ മേല്‍. ഫാന്‍ പ്രഷര്‍ വല്ലാതെയുണ്ട്. ദിവസവും ഫെയ്‌സ്ബുക്കില്‍ ലൂസിഫറിനെക്കുറിച്ച് അന്വേഷിക്കുന്ന 1025 മെസേജുണ്ടാകും. സിനിമ എങ്ങനെയായി, എങ്ങിനെയുള്ള സിനിമയാകും എന്നെല്ലാമാണ് അവര്‍ക്ക് അറിയേണ്ടത്. അതിനാല്‍ തന്നെ വലിയ ചുമതലയാണ് തന്റെ ചുമലിലുള്ളതെന്നും അദ്ദേഹം പറയുന്നു. എന്റര്‍ടൈന്‍മെന്റും കണ്ടന്റും തമ്മിലൊരു പാലമിടാനാണ് താനെന്നും ആഗ്രഹിക്കുന്നത്. ഇവിടെ വലിയ വെല്ലുവിളിയാണ് തനിക്ക് മുന്നിലുള്ളത്. ലാലെന്ന നടനെയും താരത്തെയും തൃപ്തിപ്പെടുത്തണം. അതോടൊപ്പം കണ്ടന്റിനെ കോംപ്രമൈസ് ചെയ്യുകയുമരുത്. ഇതൊരു വലിയ വെല്ലുവിളിയാണെന്നും മുരളീഗോപി വ്യക്തമാക്കി.