വരൂ പോകാം കൂര്‍ഗ്ഗിലേക്ക്

single-img
5 June 2017

ഏകാന്തതയില്‍ തനിച്ചിരുന്നപ്പോള്‍ മനസ്സില്‍ ഒരു ചോദ്യം ഉണര്‍ന്നു എങ്ങോട്ടെങ്കിലും യാത്ര ചെയ്താലോ. അപ്പോഴാണ് മനസ്സിന്റെ ഫ്രെയിമിലേക്ക് കൂര്‍ഗ്ഗിന്റെ ചിത്രം ഓടി എത്തിയത്. എങ്കില്‍ അങ്ങോട്ട് തന്നെ ആയേക്കാം യാത്ര എന്നു തീരുമാനിച്ച് ബാഗുമായി പുറത്തിറങ്ങി. പുറത്ത് നല്ല മഴ പെയ്യുന്നുണ്ട്. മെല്ലെ ഗ്രാമവീഥിയിലൂടെ കണ്ണുകള്‍ ആകാശത്തേക്കെറിഞ്ഞ് മനസ്സില്‍ ഉയര്‍ന്നുവന്ന മൂളിപ്പാട്ടും മെല്ലെ മൂളി ഞാന്‍ ബസ്സ് സ്‌റ്റോപ്പിലേക്ക് നടന്നുനീങ്ങി. ബസ്സില്‍ ഇടം നന്നേ കുറവാണ് ഒടുവില്‍ തിക്കിയും തിരക്കിയും ഞാന്‍ പതിയെ സൈഡ് സീറ്റില്‍ ഇടം പിടിച്ചു.

രാവിലെ ആയതുകൊണ്ട് ട്രാഫിക് നന്നേ കുറവാണ്. പുറത്ത് ചിണുങ്ങിയും പിണുങ്ങിയും ചാറ്റല്‍ മഴ ആരോടൊക്കെയോ കുശലം പറയുന്നുണ്ട്. സമയം മെല്ലെ നീങ്ങി തുടങ്ങി. ഏകദേശം രണ്ടേ മുക്കാല്‍ മണികൂറുകൊണ്ട് ബസ്സ് കോഴിക്കോട് എത്തി. ബൈപാസ്സിലുള്ള ഹോട്ടലില്‍ നിന്ന് നല്ല ചൂട് പത്തിരിയും കുറുമയും മധൂരം കൂട്ടി കടുപ്പത്തില്‍ ഒരു കട്ടന്‍ കാപ്പിയും അകത്താക്കി ഇരിക്കുമ്പോള്‍ ഒരു ആലോചന യാത്ര നിലമ്പൂര്‍ വഴി ആക്കിയോലോ. അങ്ങനെ യാത്ര അങ്ങോട്ട് തിരിച്ചു വിട്ടു. തികച്ചും സുഖമുളള യാത്ര. നഗരങ്ങള്‍ ഉണരുന്നതേയുള്ളൂ. പ്രഭാത കിരണങ്ങള്‍ തേക്കിന്‍ തോട്ടങ്ങളില്‍ തട്ടി തെറിച്ചങ്ങനെ പച്ചപ്പിനെ നമുക്ക് മുന്നില്‍ വരച്ചു കാട്ടുന്നു. മെല്ലെ…നാടുകാണി ചുരം… ചൂടിനെ വകഞ്ഞു മാറ്റി നല്ല സുഖമുള്ള തണുത്ത കാറ്റ്. കാഴ്ചകള്‍ ആസ്വദിച്ചു അങ്ങനെ യാത്ര തുടര്‍ന്നു.

അവിടെ നിന്നും സ്വദേശികളെക്കാള്‍ ‘വരുത്തന്‍’മാരുടെ കേന്ദ്രമെന്നറിയപ്പെടുന്ന സുല്‍ത്താന്‍ ബത്തേരിയിലേക്ക്… , മയക്കത്തില്‍ എപ്പോഴോ വാതില്‍ പഴുതിലൂടെ എന്ന മനോഹരഗാനം എഫ്എമ്മിലൂടെ ചെവിയില്‍ ഒഴുകിയെത്തി. വണ്ടി മെല്ലെ മാനന്തവാടിയെ ലക്ഷ്യം വെച്ച് നീങ്ങി. തണുപ്പ് തീരെ അറിയാത്ത നട്ടുച്ച. മാനന്തവാടിയില്‍ നിന്നു സൗത്ത് കൂര്‍ഗിലേക്ക് 28കിലോമീറ്റര്‍ ബോര്‍ഡ് തെളിഞ്ഞു.

കാടിനെയും നാടിനെയും വേര്‍തിരിച്ചു കൊണ്ട് നീണ്ടു നിവര്‍ന്നു റോഡ് കാണാം. റോഡിനു ഇരുവശത്തും വലിയ മരങ്ങള്‍. ആനയെ കാണണേ എന്ന പ്രാര്‍ത്ഥനയോടെ വനത്തിനുള്ളിലേക്ക്. ചുറ്റും കണ്ണുകള്‍ കൊണ്ട് പരതി പോവുമ്പോള്‍ മുമ്പേപോയവരുടെ വണ്ടികള്‍ നിര്‍ത്തുന്നു.. ഫാമിലി മൊത്തമായി മാനുകള്‍ റോഡ് സൈഡില്‍. ക്യാമറ മെല്ലെയെടുത്ത് ഞാന്‍ നിരനിരയായി യാത്ര തുടരുന്ന മാനുകളുടെ ചിത്രം മെല്ലെ പകര്‍ത്തി. ഇപ്പോള്‍ ആരോ വരച്ചിട്ട പോലെയുള്ള വിശാലമായ റോഡും കാടും മാത്രം കുറേ ദൂരം അങ്ങനെ സഞ്ചരിച്ചു.

കുറച്ചു ദൂരം പോയപ്പോള്‍ ബസ്സ് മെല്ലെ ബ്രേക്കിട്ടുു. ദിക്കലേക്ക് നോക്കിയപ്പോള്‍ കാട്ടുപോത്തിന്റെ കൂട്ടം. യാതൊരു ഭാവ മാറ്റവുമില്ലാതെ പുല്ലു തിന്നുകയാണു. മുകളില്‍ കാട്ടുതീയാണ് അതാണ് ഇവര്‍ ഇവിടെ പുല്ലു തിന്നാന്‍ എത്തിയിരിക്കുന്നത്. ജീപ്പില്‍ ബസ്സിനെ മറികടന്നു പോകുന്ന നാട്ടുക്കാര്‍.. കുട്ട 8 കിലോമീറ്റര്‍ തോല്‍പ്പെട്ടി 3 കിലോമീറ്റര്‍ ഇങ്ങനെ മൈല്‍ കുറ്റികള്‍.

കുട്ട മുതല്‍ പിന്നീട് അങ്ങോട്ട് കാപ്പി തോട്ടങ്ങളാണ്. വെള്ള പൂക്കള്‍ പരവതാനി വിടര്‍ത്തിയ കാപ്പി തോട്ടങ്ങള്‍. കുട്ടയില്‍ നിന്നു 86 കിലോമീറ്റര്‍ ആണ് മടിക്കേരിയിലേക്ക്, 12കിലോമീറ്റര്‍ ഇരുപ്പ് വെള്ളച്ചാട്ടത്തിലേക്ക്, 30കിലോമീറ്റര്‍ നാഗര്‍ഹോളെയിലേക്ക്. തണുപ്പ് തുടങ്ങി. ചൂട് കാപ്പിക്ക് വേണ്ടി അന്വേഷണം തുടങ്ങി. പിന്നീട് കണ്ട ഓല മേഞ്ഞ ചായ കടയിലേക്ക്. ഒരു കട്ടന്‍ കാപ്പി നുണഞ്ഞു. പിന്നെയും യാത്ര, ഇരുപ്പ് വെള്ളച്ചാട്ടം ആയിരുന്നു ലക്ഷ്യം. പരമ ശിവന്റെ അമ്പലത്തോടടുത്തു തന്നെയാണ് വെള്ളച്ചാട്ടം. 50രൂപാ ടിക്കറ്റ് എടുത്തു മുമ്പോട്ട്. ട്രെക്കിംഗ് സമയത്ത് സംസാരം ഒഴിവാക്കിയാല്‍ കിളികളുടെ ശബ്ദം ആസ്വദിക്കാമെന്ന് ബോര്‍ഡ്. നിശബ്ദതയില്‍ കാടിന്റെ വന്യത നമ്മളെ ശരിക്കും പേടിപ്പിക്കും അതും നമ്മള്‍ ഒറ്റയ്ക്കാണെങ്കില്‍. 750മീറ്റര്‍ നടന്നാല്‍ ഇരുപ്പ് വെള്ളച്ചാട്ടമായി. ഉള്ളിലെവിടെയോ തണുത്ത മഴപെയ്യുന്ന പോലെ തോന്നി.

കടുത്ത വേനലില്‍ സ്വയം പ്രധിരോധിച്ചു നൂല് പോലെ കുറച്ചു വെള്ളം.. ദീര്‍ഘ നിശ്വാസത്തോടെ തിരിച്ച് ഇറങ്ങി. കിളികളുടെ ശബ്ദവും വലിയ മരങ്ങളില്‍ കാറ്റുചൂളം വിളിയും കേട്ട് മെല്ലെ നാഗര്‍ഹോളെയിലേക്ക്… 9കിലോമീറ്റര്‍ ചെന്നാല്‍ ചെക്ക് പോസ്റ്റ് കാണാം.. വണ്ടികള്‍ക്ക് അങ്ങോട്ട് പ്രവേശനം ഇല്ല. 1300 രൂപയാണ് ജീപ്പില്‍ ഒരാള്‍ക്ക്, ബസും ഉണ്ട് ഒരാള്‍ക്ക് 300 രൂപാ. പക്ഷേ ബസുകള്‍ 3 മണിക്ക് ശേഷം മാത്രം. കാടിനെ അറിഞ്ഞു ഒരു യാത്ര. കത്തുന്ന ചൂടില്‍ ആശ്വാസമായി കൂര്‍ഗ്. കാട്ടുുതീ പല കാട്ടുയാത്രകള്‍ക്കും തടസമായി കണ്ടു..

ഉണങ്ങി കരിഞ്ഞ ഇലകളും, പുല്‍മേടുകള്‍ ഇടയ്ക്കു കാണാം. കാഴ്ച്ചകള്‍ ദൂരെ ആകാശ നീലിമയില്‍ ചിറകു വിടര്‍ത്തി ഉല്ലസിക്കുന്ന പറവകളിലേക്ക് നീണ്ടു. പിന്നീട് കാടിന് അരഞ്ഞാണമായി ഒഴുകുന്ന കൂര്‍ഗിലെ കാട്ടരുവിയും പതിയെ മുന്നില്‍ തെളിഞ്ഞു വന്നു. അപ്പോഴേക്കും കൂര്‍ഗ്ഗിന്റെ മനോഹാരിത ക്യാമറയില്‍ പകര്‍ത്താനുള്ള തിരക്കിലായിരുന്നു ഞാന്‍. ഒടുവില്‍ കൂര്‍ഗിലൂടെയുള്ള കറക്കം മതിയാക്കി ബാഗുമായി തിരിക്കുമ്പോള്‍ ഫ്രെയിമില്‍ മഴ പെയ്തു കൊണ്ടേയിരുന്നു പിന്നെ കാട്ടു ചീവിടുകളുടെ ശബ്ദവും.. ദേശാടന കിളികള്‍ കരയാറില്ല എന്ന സിനിമ ടൈറ്റില്‍ മെല്ലെ മനസ്സില്‍ ഉരുവിട്ട് ഞാന്‍ ബസ്സിലേക്കു നടന്നടുത്തു.