ബുക്ക് ചെയ്ത സീറ്റില്‍ മറ്റൊരാള്‍ക്ക് യാത്ര അനുവദിച്ച സംഭവം; യാത്രക്കാരന് റെയില്‍വേ 75,000 രൂപ നല്‍കാന്‍ വിധി

single-img
4 June 2017

ന്യൂഡല്‍ഹി: മുന്‍കൂട്ടി ബുക്ക് ചെയ്ത സീറ്റില്‍ മറ്റൊരാള്‍ യാത്ര ചെയ്ത സംഭവത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരനുണ്ടായ ബുദ്ധിമുട്ടില്‍ റെയില്‍വേക്ക് പിഴ. റെയില്‍വേയോട് 75,000 രൂപ നല്‍കാന്‍ ഡല്‍ഹി ഉപഭോകൃത തര്‍ക്ക പരിഹാര കമ്മിഷനാണ് ഉത്തരവിട്ടിരിക്കുന്നത്.

ഈ തുകയുടെ മൂന്നിലൊന്ന് ഡ്യൂട്ടി സമയത്ത് ഉണ്ടായിരുന്ന ടിടിയുടെ ശമ്പളത്തില്‍ നിന്നും ഈടാക്കണമെന്നും ഉത്തരവില്‍ പറയുന്നു. റിസര്‍വ് ചെയ്ത ആള്‍ക്ക് തന്നെ സീറ്റ് ലഭ്യമാക്കാത്തിനാണ് ടിടിയില്‍ നിന്നും പിഴ ഈടാക്കാന്‍ വിധിച്ചിരിക്കുന്നത്. 2013 മാര്‍ച്ച് 30 ന് ഉണ്ടായ സംഭവത്തിലാണ് ഇപ്പോള്‍ ഇത്തരമൊരു വിധി വന്നിരിക്കുന്നത്. വി. വിജയകുമാര്‍ എന്ന യാത്രക്കാരന്റെ പരാതി പ്രകാരമാണ് നടപടി. ദക്ഷിണ്‍ എക്‌സ്പ്രസില്‍ വിശാഖപട്ടണത്തു നിന്നും ന്യൂഡല്‍ഹിയിലേയ്ക്കാണ് ഇദ്ദേഹം ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. കാല്‍മുട്ട് വേദനയെ തുടര്‍ന്ന് താഴത്തെ ബര്‍ത്താണ് ബുക്ക് ചെയ്തിരുന്നത്.

എന്നാല്‍, ട്രെയിന്‍ മധ്യപ്രദേശിലെ ബിന സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഒരുസംഘം ആളുകള്‍ കോച്ചില്‍ കയറുകയും വിജയകുമാര്‍ ബുക്ക് ചെയ്ത സീറ്റ് കൈവശപ്പെടുത്തുകയുമായിരുന്നു. പരാതിപ്പെടാന്‍ ടിടിഇയെ അന്വേഷിച്ചുവെങ്കിലും ഉത്തരവാദപ്പെട്ട ആരെയും കണ്ടില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.