എസ്.എ.ടി ആശുപത്രിയിൽ ജീവനക്കാരുടെ ഗുരുതരമായ അനാസ്ഥ; രണ്ട് കുട്ടികള്‍ക്ക് രക്തം മാറിനല്‍കി

single-img
4 June 2017

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് എസ്.എ.ടി ആശുപത്രിയില്‍ ജീവനക്കാരുടെ അനാസ്ഥ മൂലം കുഞ്ഞുങ്ങള്‍ക്ക് രക്തം മാറി നല്‍കിയെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. എസ്.എ.ടി. ആശുപത്രിയിലെ ഒ.ബി.എന്നില്‍ ചികിത്സയില്‍ കഴിയുന്ന രണ്ട് കുട്ടികള്‍ക്കാണ് രക്തം മാറി നല്‍കിയത്. കഴിഞ്ഞ ദിവസം നടന്ന സംഭവം വിവാദമായതോടെ അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണിപ്പോള്‍.

ഗുരുതരമായ വീഴ്ചയാണ് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. സംഭവത്തില്‍ അന്വേഷിച്ച് ഉടന്‍ തന്നെ കര്‍ശന നടപടിയെടുക്കുമെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ അറിയിച്ചു. എസ്.എ.ടി. ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ വിവിധ വിഭാഗം മേധാവികളെ ഉള്‍ക്കൊള്ളിച്ച് അന്വേഷണ കമ്മീഷന്‍ രൂപീകരിച്ചിട്ടുണ്ട്.

അതേ സമയം ഇരു കുട്ടികളുടേയും ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.