നിങ്ങള്‍ എന്തിന് ചോറും നെയ്യും പഞ്ചസാരയും ഒഴിവാക്കണം? ഇന്ത്യന്‍ ഭക്ഷണത്തിന്റ പ്രാധാന്യം വിവരിച്ച് ന്യൂട്രീഷനിസ്റ്റ് റുജ്ത ദിവാകര്‍

single-img
3 June 2017

നമ്മള്‍ ഡയറ്റു ചെയ്യുകയാണെന്നു കരുതി എന്തിന് നമുക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നതില്‍ നിന്നും പിന്തിരിയണമെന്നാണ് അനില്‍ അംബാനിയുടെ ഫിറ്റ്‌നസ് ട്രയിനറായി സേവനമനുഷ്ഠിച്ച ഇന്ത്യയിലെ പ്രശസ്ത സെലിബ്രിറ്റി ന്യൂട്രീഷനിസ്റ്റും എഴുത്തുകാരിയുമായ റുജ്ത ദീവാകറിന്റെ ചോദ്യം. കരീന കപൂര്‍ ഖാന്‍, ആലിയ ഭട്ട്, വരുണ്‍ ധവാന്‍ തുടങ്ങിയ താരങ്ങളുടെയടക്കം നിരവധി പേരുടെ ന്യൂട്രീഷനിസ്റ്റായി പ്രവര്‍ത്തിച്ച റുജ്ത തന്റെ പുതുതായി ഇറങ്ങിയ ‘ഇന്ത്യന്‍ സൂപ്പര്‍ ഫുഡ്‌സ്’ എന്ന പുസ്തകത്തിലാണ് ഡയറ്റിനെക്കുറിച്ചും ഇന്ത്യന്‍ ഭക്ഷണങ്ങളെക്കുറിച്ചുമുള്ള വ്യത്യസ്തമായ ചില നിരീക്ഷണങ്ങള്‍ കൊണ്ടുവരുന്നത്.

ആരോഗ്യത്തിന് ഹാനികരം അല്ലെങ്കില്‍ അമിത വണ്ണത്തിനു കാരണമാകുന്നു എന്ന ഭയത്തില്‍ ചോറ്,നെയ്യ്, ഷുഗര്‍ തുടങ്ങിയവ നമ്മുടെ ഭക്ഷണത്തില്‍ നിന്നും ഒഴിച്ചു നിര്‍ത്തേണ്ടതില്ലെന്നാണ് റുജ്തയുടെ പക്ഷം. അതിന്റെ ഓരോന്നിന്റെയും വൈവിധ്യം തന്നെയാണ് അത് കഴിക്കേണ്ടുന്നതിന്റെ പ്രാധാന്യം അല്ലെങ്കില്‍ ആവശ്യകത എന്നും അവര്‍ പറയുന്നു.

മഹാരാഷ്ട്രയിലെ സൊനാവെയിലുള്ള തന്റെ മുത്തച്ഛന്റെ കൃഷിയിടം സന്ദര്‍ശിച്ചതില്‍ നിന്നാണ് തന്നില്‍ ഇത്തരമൊരു ചിന്ത ഉടലെടുക്കാന്‍ സഹായകരമായതെന്ന് അവര്‍ പറയുന്നു. ‘എന്റെ എല്ലാ അവധിക്കാലവും ചിലവഴിച്ചിരുന്നത് അവിടെയായിരുന്നു. ഞാനും എന്റെ കസിന്‍സും മുത്തച്ഛനെ കൃഷിയില്‍ സഹായിക്കുമായിരുന്നു. അത് ഒരേ സമയം നേരമ്പോക്കും കാര്യങ്ങള്‍ പഠിച്ചെടുക്കാനുമുള്ള പ്രവര്‍ത്തിയുമായിരുന്നുവെന്ന്’ അവര്‍ ഓര്‍ത്തെടുക്കുന്നു.

മുത്തച്ഛന്റെ ഫാമില്‍ നിന്നുള്ള അനുഭവങ്ങളാണ് അവരെ സുസ്ഥിരമായൊരു ജീവിത രീതിയെക്കുറിച്ച് ചിന്തിപ്പിച്ചത്. ‘ ഇന്ന് നമ്മള്‍ ഒരു പ്രത്യേക ഭക്ഷണത്തെക്കുറിച്ച് പറയും ഇതാണ് ശരീരഭാരം കുറയുന്നതിന് ഏറ്റവും നല്ല വസ്തുവെന്ന്. നാളെ ഇതേ സാധനം തന്നെ തിരിച്ചു വില്ലനാവുകയും ചെയ്യും. അതുകൊണ്ടു തന്നെ എങ്ങനെയാണ് നിങ്ങള്‍ക്ക് ഇടയ്ക്കിടക്ക് ജീവിത ശൈലിയില്‍ മാറ്റം വരുത്താനാവുന്നത് എന്നാണ് ദീവാകറിന്റെ ചോദ്യം.

കൂടാതെ നമ്മള്‍ നമ്മുടെ പാരമ്പര്യമായ അറിവുകള്‍ പിന്തുടരണമെന്നും ദീവാകര്‍ നിര്‍ദേശിക്കുന്നു. നമ്മള്‍ മറ്റു പല രാജ്യക്കാരുടെയും ആഹാര രീതിയാണിന്ന് പിന്തുടര്‍ന്നുകൊണ്ടിരിക്കുന്നത്. ഇന്നത് ഒരു ട്രെന്റായി മാറിയിരിക്കുകയാണ്. ഓരോ രാജ്യത്തിനും അവരുടേതായ സവിശേഷമായ ചില ധാന്യങ്ങളും പഴവര്‍ഗ്ഗങ്ങളും ഭക്ഷണ രീതികളുമുണ്ട്. അപ്പോള്‍ പിന്നെ നമുക്ക് അന്യമായ ഭക്ഷണങ്ങള്‍ കഴിച്ചുകൊണ്ടുള്ള ന്യൂട്രീഷന്‍ എങ്ങനെയാണ് ശരിയാവുന്നത്? എപ്പോള്‍ മുതലാണ് നമ്മള്‍ നെയ്യ്‌
മാറ്റി നിര്‍ത്തി ഒലീവ് ഓയില്‍ ഉപയോഗിക്കുന്നവരായി മാറിയത്? എന്നും അവര്‍ ചോദിക്കുന്നു.

കാര്‍ബോ ഹ്രൈഡേറ്റുകളും പ്രോട്ടീനും ഫാറ്റുമെല്ലാം ജനങ്ങളെ ശരിയായ തീരുമാനം എടുക്കുന്നതിലേക്കാണ് നയിക്കുന്നത്. പക്ഷേ അതിപ്പോള്‍ ജനങ്ങളെ കണ്‍ഫ്യൂഷനാക്കുകയാണ് ചെയ്യുന്നത്. ഫാറ്റ് ഫ്രീ, ഷുഗര്‍ ഫ്രീ എന്ന പേരില്‍ ഭക്ഷണ സാധനങ്ങള്‍ വില്‍ക്കപ്പെടുന്നത് ഇന്നൊരു ആദായകരമായ ബിസിനസ് ആണ്. ഇതില്‍ ലാഭം കിട്ടുന്നത് കച്ചവടക്കാര്‍ക്കും തടി കുറക്കല്‍ ബിസിനസ് നടത്തുന്നവര്‍ക്കും മാത്രമാണെന്നും ഇവര്‍ പറയുന്നു.

ജീവിതത്തെ സമഗ്രമായി കാണുന്നതിന്റെ ഭാഗമായി ഭാരം കുറക്കലിന് ഉപരിയായി നിരവധി പ്രവര്‍ത്തനങ്ങള്‍ക്കും ഈ വര്‍ഷാദ്യം മുതല്‍ ദീവാകര്‍ തുടക്കം കുറിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി എല്ലാ മാസവും തന്റെ ഓഫിസില്‍ ഒരു ക്ലാസ് സംഘടിപ്പിച്ച് വരുന്നു. കൂടാതെ അത് ഫേസ്ബുക്കില്‍ ലൈവായും പ്രദര്‍ശിപ്പിക്കുന്നു.

കുട്ടികളിലെ അമിത വണ്ണത്തെക്കുറിച്ചുള്ള ഒരു പുസ്തകത്തിന്റെ രചനയിലാണ് ദീവാക്കറിപ്പോള്‍. ഇന്ത്യന്‍ ഭക്ഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതിനായി മുംബൈയിലെ ജനങ്ങള്‍ക്കിടയില്‍ അവരുടേതായ ഭക്ഷണശീലം വളര്‍ത്തിയെടുക്കുന്നതിനായുള്ള സൊനാവെ കമ്മ്യൂണിറ്റി ഫാമിങ് പ്രൊജക്ടിന്റെ പ്രധാന പ്രവര്‍കത്തക കൂടിയാണിവര്‍. ഭക്ഷണം കഴിച്ചുകൊണ്ട് നല്ല രീതിയില്‍ ജീവിതം മുന്നോട്ടു പോകാനുള്ള സാഹചര്യം ഉണ്ടെന്നിരിക്കെ ജിമ്മില്‍ പോയും പട്ടിണി കിടന്നും എന്തിന് നിങ്ങള്‍ നിങ്ങളെത്തന്നെ ഇങ്ങനെ കൊല്ലുന്നതെന്നാണ് ദീവാകര്‍ ചോദിക്കുന്നത്.

എസ്എന്‍ഡിടി കോളേജില്‍ നിന്നും സ്‌പോര്‍ട്‌സ് സയന്‍സ് ആന്റ് ന്യൂട്രീഷന്‍ എന്ന കോഴ്‌സ് പൂര്‍ത്തിയാക്കിയതിനു ശേഷം 1999 ലാണ് ദിവാകര്‍ തന്റെ പ്രാക്്റ്റീസ് ആരംഭിക്കുന്നത്. അവരുടെ ആദ്യത്തെ കസ്റ്റമേര്‍സ് ഫിറ്റ്‌നസില്‍ ശ്രദ്ധിക്കുന്ന കുറച്ച് അഭിനേതാക്കളും വ്യവസായികളുമായിരുന്നു.

നിരവധി പ്രശസ്തരുടെ ന്യൂട്രീഷനിസ്റ്റായി പ്രവര്‍ത്തിച്ച റുജുത ദീവാകര്‍ ഈ മേഖലയിലുള്ള ആദ്യകാല ബ്ലോഗര്‍മാരില്‍ ഒരാള്‍ കൂടിയാണ്. ‘റുജുതാസ് ജ്ഞാന്‍’ എന്ന പേരില്‍ 2008 ലാണ് ഇവര്‍ ബ്ലോഗ് തുടങ്ങുന്നത്. ആരോഗ്യം,ഭക്ഷണം, പോഷകം തുടങ്ങിയവയെ സംബന്ധിക്കുന്ന അവരുടെ അഭിപ്രായങ്ങളും അറിവുകളും അവര്‍ ബ്ലോഗിലൂടെ പങ്കുവെക്കുകയുണ്ടായി. ഡോന്റ് ലോസ് യുവര്‍ മൈന്‍ഡ്, ലോസ് യുവര്‍ വെയ്റ്റ്(2009), വിമന്‍ ആന്റ് ദ വെയിറ്റ് ലോസ് തമാശ(2010) എന്നിങ്ങനെയുള്ള പുസ്തകങ്ങളും ഇവരുടേതായി പുറത്തിറങ്ങിയിട്ടുണ്ട്.

കടപ്പാട്: ഹിന്ദുസ്താന്‍ ടൈംസ്‌