മന്ത്രിസ്ഥാനം വൈകിപ്പിച്ചത് ഉഴവൂര്‍ വിജയനെന്ന് തോമസ് ചാണ്ടി; എന്‍സിപിയില്‍ തമ്മിലടി

single-img
3 June 2017

എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയനെതിരെ ഗതാഗത മന്ത്രി തോമസ് ചാണ്ടി. താന്‍ മന്ത്രിയാകുന്നത് തടയാന്‍ ഉഴവൂര്‍ വിജയന്‍ ശ്രമിച്ചുവെന്നാണ് തോമസ് ചാണ്ടിയുടെ ആരോപണം. കുവൈത്തില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു തോമസ് ചാണ്ടി. എന്‍.സി.പി സംസ്ഥാന ഘടകത്തിലുണ്ടായിരിക്കുന്ന അഭിപ്രായഭിന്നത രൂക്ഷമാക്കുന്നതാണ് മന്ത്രിയുടെ ആരോപണം.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടാണ് സത്യപ്രതിജ്ഞ നടത്തിയതെന്നും തോമസ് ചാണ്ടി പറഞ്ഞു. സത്യപ്രതിജ്ഞ തൊട്ടടുത്ത ദിവസം നടത്തണമെന്ന് പിണറായി നിര്‍ദ്ദേശിക്കുകയായിരുന്നു. എന്നാല്‍ പാര്‍ട്ടി വിഷയത്തില്‍ പരസ്യപ്രതികരണത്തിനില്ലെന്ന് ഉഴവൂര്‍ വിജയന്‍ പറഞ്ഞു. തോമസ് ചാണ്ടിയുടെ പ്രതികരണം തന്നെ അത്ഭുതപ്പെടുത്തി. അവസരം വരുമ്പോള്‍ കൂടുതല്‍ പ്രതികരണം നടത്താമെന്നും ഉഴവൂര്‍ വിജയന്‍ പറഞ്ഞു

കഴിഞ്ഞ ദിവസം എന്‍.സി.പി സംസ്ഥാന ട്രഷറര്‍ മാണി സി.കാപ്പന്‍ പ്രസിഡണ്ട് തീരുമാനങ്ങള്‍ പാര്‍ട്ടി ഘടകത്തെ അറിയിക്കാതെയാണ് തീരുമാനിക്കുന്നതെന്നും, അതിനാല്‍ പ്രസിഡണ്ടിനെ മാറ്റണമെന്നും ചൂണ്ടിക്കാട്ടി ദേശീയ നേത്യത്വത്തിന് കത്തയക്കുകയും ചെയ്തിരുന്നു. സംസ്ഥാന ട്രഷററും മന്ത്രിയും പ്രസിഡണ്ടിനെതിരെ പരസ്യ നിലപാട് സ്വീകരിച്ചിരിച്ചതോടെ പാര്‍ട്ടി അതീവ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.