അധ്യാപകര്‍ക്ക് ഇഎസ്‌ഐ ആനുകൂല്യം നിഷേധിച്ച് പ്രൈവറ്റ്, എയ്ഡഡ്‌ മാനേജ്‌മെന്റ് സ്‌കൂളുകള്‍; നിയമലംഘനത്തിന് സര്‍ക്കാരിന്റെ ഒത്താശ

single-img
3 June 2017

ഇ വാര്‍ത്ത എക്‌സ്‌ക്ലൂസീവ്‌

തിരുവനന്തപുരം: കേരളത്തിലെ പ്രൈവറ്റ്, എയ്ഡഡ്‌ മാനേജ്‌മെന്റ് സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന ബഹുഭൂരിപക്ഷം അധ്യാപകരും മറ്റ് ജീവനക്കാരും ഇഎസ്‌ഐ ആനൂകൂല്യങ്ങള്‍ക്ക് പുറത്ത്. 20 ആളുകളില്‍ കൂടുതല്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ ഇഎസ്‌ഐ നിര്‍ബന്ധമാണെന്ന കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കെയാണ് ഇത് കാറ്റില്‍ പറത്തിക്കൊണ്ട് പരസ്യമായ നിയലംഘനം നടക്കുന്നത്.

വര്‍ഷങ്ങളായി തുടര്‍ന്നു പോകുന്ന ഈ നിയലംഘനം കണ്ടില്ലെന്ന് നടിച്ചിരിക്കുകയാണ് ഇഎസ്‌ഐ ഡിപ്പാര്‍ട്ട്‌മെന്റും. ആരെങ്കിലും പരാതിപ്പെട്ടാല്‍ മാത്രം സ്‌കൂളുകളില്‍ പരിശോധനക്ക് എത്തുകയും കൈപ്പിടി വാങ്ങി നിയമലംഘകര്‍ക്ക് ഓശാന പാടുകയുമാണ് ഇഎസ്‌ഐ അധികാരികള്‍ ചെയ്യുന്നത്. ഇതുമൂലം പ്രൈവറ്റ്, എയ്ഡഡ്‌ മാനേജ്‌മെന്റ് സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ജീവനക്കാരുടെ ഇഎസ്‌ഐ ആനുകൂല്യമാണ് നിഷേധിക്കപ്പെടുന്നത്. ഒപ്പം സര്‍ക്കാരിന് ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപയുടെ വരുമാനവും നഷ്ടപ്പെടുന്നു.

21000 രൂപയില്‍ താഴെ ശമ്പളമുള്ള എല്ലാ ജീവനക്കാര്‍ക്കും ഇഎസ്‌ഐ ആനുകൂല്യം ലഭിക്കണം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്. വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്കായി പ്രത്യേകം സര്‍ക്കുലറും സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. എന്നാല്‍ ഇതൊന്നും വകവെക്കാതെയാണ് പ്രൈവറ്റ്, എയ്ഡഡഡ്‌ മാനേജ്‌മെന്റ് സ്‌കൂളുകളുടെ പ്രവര്‍ത്തനം. ജീവനക്കാര്‍ക്ക് ഇഎസ്‌ഐ ഏര്‍പ്പെടുത്തിയാല്‍ 4.7 ശതമാനം തുക സര്‍ക്കാരിന് അടക്കേണ്ടി വരും എന്നതിനാലാണ് പല സ്‌കൂളുകളും ഇഎസ്‌ഐ ഏര്‍പ്പെടുത്താത്തതിനു
കാരണം. ഒരു അധ്യാപിക 12850രൂപ ശമ്പളം വാങ്ങുന്നുവെങ്കില്‍ 225 രൂപയാണ് ഇഎസ്‌ഐ വിഹിതമായി നല്‍കേണ്ടത്. 611 രൂപ സ്‌കൂള്‍ മാനേജ്‌മെന്റും അടക്കണം. ഇത് മാനേജ്‌മെന്റുകള്‍ക്ക് വന്‍ നഷ്ടം വരുത്തും എന്ന് പറഞ്ഞാണ് അധ്യാപകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും അര്‍ഹതപ്പെട്ട ആനുകൂല്യം നിഷേധിക്കുന്നത്. ചുരുക്കി പറഞ്ഞാല്‍ സ്‌കൂളുകളില്‍ ജോലി നോക്കുന്ന ആയമാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വരെ ലഭിക്കേണ്ട ആനുകൂല്യമാണ് ഇല്ലാതാക്കിയിരിക്കുന്നത്.

മാനേജ്‌മെന്റ് സ്ഥാപനങ്ങള്‍ക്ക് ഇതേക്കുറിച്ച് വ്യക്തമായി അറിയാമെങ്കിലും അധികാരികളെ സ്വാധീനിച്ച് നിയമലംഘനം തുടരുകയാണ്. പല മാനേജ്‌മെന്റുകള്‍ക്കും സ്വന്തമായി ആശുപത്രികള്‍ ഉണ്ടെങ്കിലും അവിടെ പോലും തങ്ങളുടെ സ്‌കൂളുകളിലെ ജീവനക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ പോലും ചികിത്സ നല്‍കാന്‍ ഇവര്‍ തയ്യാറല്ല.

തങ്ങള്‍ക്ക് നിയമ പ്രകാരം ലഭ്യമാക്കേണ്ട ഇഎസ്‌ഐ ആനൂകൂല്യത്തെ കുറിച്ച് പല അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും അറിയില്ല എന്നതാണ് മറ്റൊരു വസ്തുത. പല സ്‌കൂളുകളിലും 5000 മുതല്‍ 10000 രൂപ വരെ മാത്രം തുച്ഛമായ ശമ്പളം വാങ്ങുന്നവരാണ് പകുതിയിലധികം അധ്യാപകരും. ഏതൊരു അസുഖത്തിനും വീട്ടുകാര്‍ക്ക് ഉള്‍പ്പടെ ഇഎസ്‌ഐ വഴി സൗജന്യചികിത്സ ഉണ്ടെന്നിരിക്കെ ഇതറിയാതെ സ്വാകാര്യ ആശുപത്രികളെ ആശ്രയിക്കുകയാണ് ഇവര്‍.

നാഷ്ണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസ് കമ്മീഷന്‍ ഈ വിഷയം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ശക്തമായി രംഗത്ത് എത്തിയിട്ടുണ്ട്. വിഷയത്തില്‍ സ്റ്റേറ്റ് മെഡിക്കല്‍ കമ്മീഷ്ണര്‍ക്കും കേന്ദ്രതൊഴില്‍ മന്ത്രാലയത്തിനും പരാതി നല്‍കുമെന്നും, ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുമെന്നും നാഷ്ണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസ് കമ്മീഷന്‍ ചെയര്‍മാന്‍ റോണി വിപി പറഞ്ഞു.

ജൂണ്‍ ജൂലൈ മാസം മുതല്‍ കൃത്യമായി ഇതുസംബന്ധിച്ച് സ്‌കൂളുകളില്‍ പരിശോധന നടത്തുമെന്ന് ഇഎസ്‌ഐ കമ്മീഷ്ണര്‍ അറിയിച്ചതായും റോണി പറഞ്ഞു. ലക്ഷക്കണക്കിന് ജീവനക്കാരുടെ അവകാശമാണ് ലംഘിക്കപ്പെടുന്നത് എന്നും സര്‍ക്കാരിന് കിട്ടേണ്ട വരുമാനമാണ് നഷ്ടമാവുന്നത് എന്നും ഇക്കാര്യത്തില്‍ അടിയന്തര നടപടി ഉണ്ടാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.