കെയു അരുണന്‍ മാസ്റ്റര്‍ക്ക് പരസ്യ ശാസന; പൊതുപരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ ജാഗ്രത വേണമെന്ന് സിപിഎം ജില്ലാ കമ്മിറ്റി

single-img
3 June 2017

ഇരിങ്ങാലക്കുട: ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത സിപിഎം ഇരിങ്ങാലക്കുട എംഎല്‍എ കെയു അരുണന് പരസ്യ ശാസന. തൃശൂര്‍ ജില്ലാ സെക്രട്ടറിയേറ്റാണ് ശിക്ഷാ നടപടി സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്. സംഭവത്തില്‍ അരുണന് ജാഗ്രത കുറവുണ്ടായതായി സെക്രട്ടറിയേറ്റ് വിലയിരുത്തി. ആര്‍എസ്എസ് പരിപാടിയാണെന്ന് അറിയാതെയാണ് താന്‍ പങ്കെടുത്തതെന്നായിരുന്നു അരുണന്‍ നല്‍കിയ വിശദീകരണം. എന്നാല്‍ വിശദീകരണം തൃപ്തികരമല്ലെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി.

കഴിഞ്ഞദിവസം സി.പി.എം സംസ്ഥാന സമിതി യോഗം ചേര്‍ന്ന് അരുണനെതിരെ നടപടി തീരുമാനിക്കാന്‍ അടിയന്തിര യോഗം ചേരാന്‍ ജില്ല കമ്മിറ്റിക്ക് നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം, സംഭവത്തില്‍ അരുണന്‍ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടെന്നും ഇനി ഇത്തരം സാഹചര്യങ്ങളില്‍ ജാഗ്രത പാലിക്കണമെന്നും ജില്ല സെക്രട്ടേറിയറ്റ് വിലയിരുത്തി. ആര്‍എസ്എസിന്റെ തൃശൂര്‍ ഊരകം ശാഖ തിങ്കളാഴ്ച സംഘടിപ്പിച്ച പുസ്തക വിതരണത്തില്‍ ഉദ്ഘാടകനായിട്ടാണ് അരുണന്‍ എത്തിയത്. ആര്‍എസ്എസ് പരിപാടിയില്‍ സിപിഎം എംഎല്‍എ പങ്കെടുത്തത് ഏറെ വിവാദമായിരുന്നു. ഇതോടെയാണ് പാര്‍ട്ടി നടപടി സ്വീകരിച്ചത്.