കേരളത്തില്‍ ഗോഹത്യാ വിരുദ്ധ മുന്നേറ്റത്തിന് സമയം അതിക്രമിച്ചെന്ന് കെ സുരേന്ദ്രന്‍

single-img
1 June 2017

കൊച്ചി: കേരളത്തില്‍ ഗോഹത്യാ വിരുദ്ധമുന്നേറ്റത്തിന് സമയം അതിക്രമിച്ചുവെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. പൊതുസ്ഥലത്ത് കാലിയെ കഴുത്തറുത്ത് കൊന്നതിന് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി ഉള്‍പ്പെടെ എട്ടു പേരെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടുള്ള പ്രതികരണത്തിലാണ് കേരളത്തില്‍ ഗോഹത്യാ വിരുദ്ധ മുന്നേറ്റത്തിനുള്ള സമയം അതിക്രമിച്ചതായുള്ള പ്രസ്താവന കെ. സുരേന്ദ്രന്‍ നടത്തിയിരിക്കുന്നത്. റിജില്‍ മാക്കുറ്റിയെ അറസ്റ്റ് ചെയ്തതോടെ പൊതുസ്ഥലത്ത് കാലികളെ കൊല്ലുന്നത് നിയമവിരുദ്ധമാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നും ഇത്തരത്തില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് കാലികളെ കശാപ്പ് ചെയ്യുന്നതിലൂടെ കേരളത്തിലാകെ നടക്കുന്നതെന്നും കെ. സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

രണ്ടായിരത്തോളം കാലികളാണ് കേരളത്തിലേക്ക് ഓരോ ദിവസവും എത്തിക്കൊണ്ടിരിക്കുന്നതെന്നും ഇതില്‍ 500 എണ്ണത്തോളം പശുക്കളാണൈന്നും കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നതായി സുരേന്ദ്രന്‍ പറയുന്നു. സിപി.എം ഭരിക്കുന്ന കണ്ണൂര്‍ കോര്‍പ്പറേഷനില്‍ പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ക്കൊന്നും ലൈസന്‍സില്ലെന്നും ഇതെല്ലാം അടച്ചു പൂട്ടാന്‍ ഇപ്പോള്‍ ഉത്തരവിട്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു.

ഏതാനും വര്‍ഷം മുന്‍പ് സംഘം ഗോഗ്രാമയാത്രകള്‍ സംഘടിപ്പിച്ചപ്പോള്‍ വലിയ പ്രതികരണമാണ് ലഭിച്ചതെന്നും ബാലഗോകുലം വീടിന് ഗോവ്, നാടിന് കാവ് എന്ന ക്യാംപയിന്‍ സംഘടിപ്പിച്ചപ്പോഴും വലിയ പിന്‍തുണ ലഭിച്ചതായും അദ്ദേഹം പോസ്റ്റില്‍ അഭിപ്രായപ്പെടുന്നു. മുസ്ലീം സമുദായത്തിലെ വലിയൊരു വിഭാഗം ഇക്കാര്യത്തില്‍ അനുകൂലമായി ചിന്തിക്കുമ്പോഴും പ്രശ്‌നം വഷളാക്കുന്നത് സിപിഎമ്മിന്റെ ദുഷ്ടബുദ്ധി മാത്രമാണെന്നും അദ്ദേഹം പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു.