നോയിഡയിൽ യുവതിയെ അജ്ഞാതൻ വെടിവെച്ചുകൊന്നു: കാമുകനെന്നു സംശയം

single-img
31 May 2017

ഡൽഹി: സോഫ്ട്വെയർ എഞ്ചിനീയറായ യുവതിയെ അജ്ഞാതൻ വെടിവെച്ചുകൊന്നു. ഈസ്റ്റ് ഡൽഹിയിലെ  നോയിഡ സെക്ടർ 62-യിലുള്ള ശതാബ്ദി റെയിൽ വിഹാർ സൊസൈറ്റി അപ്പാർട്ട്മെന്റിന്റെ പാർക്കിംഗ് ഏരിയായിൽ വെച്ചാണു 23-കാരിയായ അഞ്ജലി റാഠോറിനെ അജ്ഞാതൻ വെടിവെച്ചുകൊന്നത്. യുവതിയുടെ കാമുകനാണു കൊലയ്ക്ക് പിന്നിലെന്നു പോലീസ് സംശയിക്കുന്നു.

അഞ്ജലി റാഠോർ

ഹരിയാനയിലെ യമുന നഗർ  സ്വദേശിയാണു കൊല്ലപ്പെട്ട യുവതി. ലവ്ലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം പൂർത്തിയാക്കിയ അഞ്ജലി സെക്ടർ 63-യിലുള്ള ലാവ കമ്പനിയിൽ എഞ്ചിനീയർ ആയി ജോലി ചെയ്തുവരികയായിരുന്നു.

അപ്പാർട്ട്മെന്റിന്റെ നാലാം നിലയിൽ മറ്റു ആറു പെൺകുട്ടികളോടൊപ്പം താമസിച്ചുവരികയായിരുന്നു അഞ്ജലി. രാവിലെ ആരോ യുവതിയുടെ ഫോണിൽ വിളിക്കുകയും അവർ താഴെ പാർക്കിംഗ് ഏരിയായിലേയ്ക്ക് പോകുകയും ചെയ്തു. എന്നാൽ പിന്നീട് ഇവരുടെ ഒരു റൂം മേറ്റ് ട്യൂഷനു പോകാൻ വേണ്ടി താഴെയെത്തിയപ്പോൾ ഇവരെ വെടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

ഉടൻ തന്നെ മറ്റുള്ളവർ ചേർന്ന് ഫോർട്ടിസ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ഡൊക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.

യുവതിയെ വെടിവെച്ചുകൊല്ലുന്ന ദൃശ്യങ്ങൾ അപ്പാർട്ട്മെന്റിലെ സി സി ടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. പോലീസും ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്. പ്രാഥമിക അന്വേഷണം നടന്നുവരികയാണെന്നും പ്രതി യുവതിയുടെ കാമുകനാണെന്നു സംശയിക്കുന്നതായും പോലീസ് അറിയിച്ചു.