കതിരൂര്‍ കേസ് പ്രതികളെ കയ്യാമം വച്ചതിന് 16 പോലീസുകാര്‍ക്കെതിരെ നടപടി, 24 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണം

single-img
31 May 2017

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസിലെ പ്രതികളെ കയ്യാമം വെച്ച് കോടതിയിലെത്തിച്ചതിനു 16 പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി. സി പി എം പ്രവര്‍ത്തകരായ പ്രതികളെ എറണാകുളം സബ്ജയിലില്‍ നിന്ന് സിബിഐ കോടതിയിലേക്ക് കൊണ്ടുപോയ കൊച്ചി സിറ്റി എആര്‍ ക്യാംപിലെ 15 പോലീസുകാര്‍ക്കും ഇവരെ ഡ്യൂട്ടിക്ക് നിയോഗിച്ച ഗ്രേഡ് എസ്ഐക്കുമെതിരെയാണ് നടപടി. സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് എആര്‍ ക്യാംപ് കമാന്‍ഡന്റ് ഇവര്‍ക്കു മെമ്മോ നല്‍കി. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നതന്‍ സമ്മര്‍ദം ചെലുത്തിയതിനെ തുടര്‍ന്നാണ് നടപടി എന്നാണ് സൂചന.

പ്രതികള്‍ രക്ഷപ്പെടാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ നിര്‍ബന്ധമായും കയ്യാമം വച്ചിരിക്കണമെന്നാണു ചട്ടം അനുശാസിക്കുന്നത്. ഈ നിയമം നടപ്പാക്കിയതിനാണ് 16 പോലീസുകാര്‍ക്കെതിരെ ആഭ്യന്തരവകുപ്പിന്റെ നടപടി വന്നിരിക്കുന്നത്. മനുഷ്യാവകാശ ലംഘനത്തിന്റെ സാധ്യതകള്‍ ഉണ്ടാകാതിരിക്കത്തക്കവിധം വേണമായിരുന്നു പ്രതികളെ കോടതിയിലെത്തിക്കാനെന്നും ഇക്കാര്യത്തില്‍ ഗുരുതര വീഴ്ച ഉണ്ടായെന്നും ആരോപിച്ചാണ് മെമ്മോ. 24 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഐടി നിയമപ്രകാരം പ്രതികളായ മാധ്യമ പ്രവര്‍ത്തകരെ പോലും പോലീസ് ആസ്ഥാനത്ത് നിന്നുള്ള നിര്‍ദേശ പ്രകാരം വിലങ്ങു വെച്ചാണ് കോടതിയിലെത്തിച്ചത് എന്നിരിക്കെയാണ് രാഷ്ട്രീയ കൊലപാതകക്കേസിലെ പ്രതികളായ സിപിഎമ്മുകാര്‍ക്ക് ആഭ്യന്തരവകുപ്പ് സൗജന്യം ഏര്‍പ്പെടുത്തുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷ ദിനത്തിലായിരുന്നു സംഭവം നടന്നത്.

പോലീസുകാര്‍ പ്രതികളെ കോടതിയിലേക്ക് കൊണ്ടുപോയയുടന്‍ തന്നെ, കയ്യാമം വച്ച വിവരം ഉന്നതങ്ങളില്‍ അറിഞ്ഞിരുന്നു. കോടതിയില്‍ നിന്നു തിരികെ ജയിലിലേക്ക് എത്തിക്കുന്നതിനിടെ പോലീസുകാര്‍ക്ക് പ്രതികളുടെ കയ്യാമം അഴിച്ചു മാറ്റാനുള്ള ഉന്നത ഉദ്യോഗസ്ഥന്റെ നിര്‍ദേശം ഫോണിലെത്തി. അപ്പോള്‍ തന്നെ വാഹനം റോഡരികില്‍ നിര്‍ത്തി പോലീസുകാര്‍ പ്രതികളുടെ കയ്യാമം അഴിച്ചു മാറ്റുകയായിരുന്നു. തുടര്‍ന്ന് എറുണാകുളം സബ്ജയില്‍ സൂപ്രണ്ടിന് പ്രതികള്‍ പരാതി നല്‍കി. ഇതിനു പിന്നാലെയാണ് പ്രതികള്‍ക്ക് അകമ്പടിപോയ പോലീസുകാര്‍ക്കെതിരെ നടപടിക്ക് മുഖ്യമന്ത്രിയിലെ ഓഫിസിലെ ഉന്നതന്‍ സമ്മര്‍ദം ചെലുത്തിയത്.