കശാപ്പ് നിയന്ത്രണത്തില്‍ കേന്ദ്രത്തെ അനുകൂലിച്ച് കേരള ഹൈക്കോടതി; ‘കഴിക്കരുതെന്നോ കൊല്ലരുതെന്നോ നിയമത്തില്‍ പറഞ്ഞിട്ടില്ല’

single-img
31 May 2017

കന്നുകാലി കശാപ്പ് നിരോധിച്ചുള്ള കേന്ദ്ര വിജ്ഞാപനത്തെ അനുകൂലിച്ച് കേരള ഹൈക്കോടതി. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഇത്തരത്തില്‍ ഒരു നിരീക്ഷണം നടത്തിയത്. കന്നുകാലികളുടെ കശാപ്പോ വില്‍പ്പനയോ നിരോധിച്ചിട്ടില്ലെന്നും ചട്ടങ്ങള്‍ പൂര്‍ണാര്‍ത്ഥത്തില്‍ വായിച്ചുനോക്കാതെയാണ് പ്രതിഷേധവുമായി ഇറങ്ങുന്നതെന്നും ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

കന്നുകാലികളെ അറുക്കാനായി ചന്തയില്‍ വില്‍ക്കരുതെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനം. കഴിക്കരുതെന്നോ കൊല്ലരുതെന്നോ വില്‍ക്കരുതെന്നോ ഒരു നിയമത്തിലും പറഞ്ഞിട്ടില്ല. കേന്ദ്രത്തിന്റെ ഉത്തരവില്‍ മൗലികാവകാശങ്ങളുടെ ലംഘനമില്ല. ഇതുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹര്‍ജി നിലനില്‍ക്കില്ലെന്നും കോടതി വിലയിരുത്തി. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പിന്‍വലിച്ചു.

ഇന്നലെ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് നാല് ആഴ്ചത്തേക്ക് സ്റ്റേ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേരള ഹൈക്കോടതിയുടെ നിരീക്ഷണം. മൃഗങ്ങളോടുള്ള ക്രൂരത തടയണമെന്ന നിയമം ഉപയോഗിച്ചാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം രാജ്യത്ത് കന്നുകാലികളെ കശാപ്പിന് വേണ്ടി വില്‍ക്കുന്നത് നിരോധിച്ചത്.