മാണിയെ മുഖ്യമന്ത്രിയാക്കാന്‍ എല്‍ഡിഎഫ് തയ്യാറായിരുന്നെന്ന് ജി. സുധാകരന്‍;അന്നത് കേട്ടിരുന്നെങ്കില്‍ സ്വപ്‌നം കാണാനാകാത്ത പദവിയില്‍ മാണി എത്തിയേനേ

single-img
30 May 2017


തൊടുപുഴ: കേരള കോണ്‍ഗ്രസ് (എം) നേതാവ് കെ.എം. മാണിയെ മുഖ്യമന്ത്രിയാക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചിരുന്നെന്ന് മന്ത്രി ജി. സുധാകരന്‍. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായിരുന്നു ഇത്. എല്‍ഡിഎഫ് പറഞ്ഞത് കേട്ടിരുന്നെങ്കില്‍ കെ.എം. മാണിക്ക് സ്വപ്നം കാണാനാകാത്ത പദവിയിലെത്താനാകുമായിരുന്നുവെന്നും നെടുങ്കണ്ടത്തിന് സമീപം കല്ലാര്‍ പാലം ഉദ്ഘാടനത്തിനിടെ മന്ത്രി ജി. സുധാകരന്‍ വ്യക്തമാക്കി.

2012 ല്‍ ഞാന്‍ നിയമസഭയില്‍ പ്രസംഗിച്ചിരുന്നു. അന്നത് കേട്ടിരുന്നെങ്കില്‍ മാണിസാറിന് ഈ ദു:ഖങ്ങളൊന്നുമുണ്ടാകുമായിരുന്നില്ല. യുഡിഎഫുമാര്‍ സ്വര്‍ണം കൊണ്ട് കെട്ടിയിട്ടാലും സാരമില്ല അങ്ങേക്ക് അത് ബന്ധനം തന്നെയാണ്. ഇടക്കാലത്തേക്ക് കിട്ടുന്ന ഒരു പോസ്റ്റായിരുന്നെങ്കിലും അത് ചിന്തിക്കാന്‍ കഴിയുന്നതിനും അപ്പുറത്തായിരുന്നു. എങ്കിലും ഞങ്ങളുടെ കൂടെ വരാന്‍ ക്ഷണിച്ചിട്ടില്ല എന്നും സുധാകരന്‍ പറഞ്ഞു.

സര്‍ക്കാരിനെതിരെ മാധ്യമങ്ങള്‍ സംഘടിത നീക്കം നടത്തുകയാണ്. വികസനകാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയം കലര്‍ത്തുന്നില്ല. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് കത്തുകള്‍ക്ക് പോലും മറുപടി കിട്ടിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കെ.എം മാണിയെ മുഖ്യമന്ത്രിയാക്കി യു.ഡി.എഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സി.പി.എം ശ്രമിച്ചിരുന്നുവെന്ന് ജനപക്ഷം പാര്‍ട്ടി നേതാവ് പി.സി ജോര്‍ജ് എം.എല്‍.എ മുന്‍പ് പല തവണ ആരോപിച്ചിരുന്നു. സി.പി.എമ്മിലെ ഉന്നതര്‍ കെ.എം മാണിയുമായി ചര്‍ച്ച നടത്തിയിരുന്നുവെന്നും പിസി ജോർജ്ജ് പറഞ്ഞിരുന്നു.