പൈലറ്റ് വാഹനം ആപകടത്തില്‍പ്പെട്ടു, പരിക്കേറ്റവര്‍ക്കൊപ്പം ആശുപത്രിയിലെത്തി ചികിത്സക്ക് ഏര്‍പ്പാടുകള്‍ ചെയ്ത് മന്ത്രി എം എം മണി

single-img
30 May 2017
തൃശൂര്‍: സാധാരണ പൈലറ്റ് വാഹനം അപകടത്തില്‍പ്പെട്ടാല്‍ മന്ത്രിമാര്‍ അവരെ ആശുപത്രിയില്‍ എത്തിക്കാനുള്ള സഹായം ചെയ്യുമെന്നതൊഴിച്ചാല്‍ മറ്റൊന്നും ചെയ്യാറില്ല. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി മന്ത്രിമാര്‍ക്ക് ഒരു മാതൃകയാവുകയാണ്  ഇടുക്കിയില്‍ നിന്നുളള എംഎല്‍എ യും മന്ത്രിയുമായ എം എം മണി.മന്ത്രിയുടെ പൈലറ്റ് വാഹനം അപകടത്തില്‍പ്പെട്ടപ്പോള്‍ പോലീസുകാര്‍ക്കൊപ്പം ആശുപത്രിയിലെത്തി ചികിത്സക്കുള്ള ഏര്‍പ്പാടുകള്‍ നല്‍കാന്‍ മുമ്പില്‍ നിന്നുവെന്നതാണ്  മന്ത്രിയെ വ്യത്യസ്തനാക്കിയത്.
  മന്ത്രിക്ക് അകമ്പടി പോയ പൈലറ്റ് വാഹനം പുഴക്കലില്‍ പെട്രോള്‍ പമ്പിന് സമീപ നിയന്ത്രണം വിട്ട് മറിഞ്ഞ് അഡീഷണല്‍ എസ്‌ഐയ്ക്കും രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേല്‍കുകയായിരുന്നു. മന്ത്രിയുടെ വാഹനത്തിന് എസ്‌കോര്‍ട്ടായി വന്നിരുന്ന കുന്നംകുളം പൊലീസിന്റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
പുഴക്കലില്‍ സിഗ്‌നല്‍ കഴിഞ്ഞ് പെട്രോള്‍ പമ്പിന് സമീപമുള്ള യു ടേണിലായിരുന്നു സംഭവം നടന്നത്. ഇടത് ഭാഗത്ത് കൂടി പെട്ടെന്ന് കയറിയ കാറിനെ കണ്ട് ബ്രേക്ക് ചെയ്ത പൊലീസ് വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെ നിയന്ത്രണം ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു.. പരിക്കേറ്റ പൊലീസുകാരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
ഇവര്‍ക്കൊപ്പം മന്ത്രി എംഎം മണിയും ആശുപത്രിയിലെത്തി.
വാഹനാപകടത്തില്‍ പരിക്കേറ്റവരെ എത്തിക്കുന്നുവെന്ന വിവരത്തെത്തുടര്‍ന്ന് ആശുപത്രി അധികൃതരും എല്ലാ സൗകര്യമൊരുക്കി കാത്തിരുന്നു.
എന്നാല്‍ പരിക്കേറ്റവര്‍ക്കൊപ്പം മന്ത്രിയെത്തിയത് കണ്ട് ആശുപത്രി അധികൃതര്‍ അമ്പരക്കുകയായിരുന്നു.  അതേസമയം  പരിക്കേറ്റവര്‍ക്കുള്ള ചികിത്സാ കാര്യങ്ങളിലായിരുന്നു മന്ത്രിയുടെ ചോദ്യങ്ങളും ഇടപെടലുകളും. പിന്നീട്  പ്രാഥമിക ചികിത്സ കഴിഞ്ഞ് പൊലീസുകാര്‍ക്കൊപ്പം അല്‍പ സമയം ചെലവിട്ടാണ് പിന്നീട് മന്ത്രി മടങ്ങിയത്.