കോടതിവിധി എതിരായതിന്റെ പേരില്‍ ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തലും വിധി പറഞ്ഞ ജഡ്ജിമാരെ അസഭ്യം പറയലും ശുദ്ധ തെമ്മാടിത്തരം; ഹാദിയ കേസില്‍ എസ്ഡിപിഐയുടെ നടപടികളെ രൂക്ഷമായി വിമര്‍ശിച്ച് പികെ ഫിറോസ്

single-img
30 May 2017

കൊച്ചി: ഹാദിയ കേസുമായി ബന്ധപ്പെട്ട് എസ്ഡിപിഐയുടെ നേതൃത്വത്തിലുള്ള മുസ്ലീം ഐക്യവേദിയെ ശക്തമായി വിമര്‍ശിച്ച് യൂത്ത് ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പി.കെ ഫിറോസ്. കോടതിവിധി എതിരായതിന്റെ പേരില്‍ ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തലും വിധി പറഞ്ഞ ജഡ്ജിമാരെ അസഭ്യം പറയലും ശുദ്ധ തെമ്മാടിത്തരമാണെന്ന് പികെ ഫിറോസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു. നിങ്ങള്‍ ഹര്‍ത്താലും മാര്‍ച്ചും സംഘടിപ്പിക്കുമ്പോള്‍ മുസ്ലിം ഏകോപനസമിതി എന്ന് പറയാതെ എസ്ഡിപിഐ എന്ന് പറഞ്ഞാല്‍ പോരേയെന്നാണ് ഫിറോസിന്റെ ചോദ്യം. ആരൊക്കെയാണ് ഈ ഐക്യവേദിയിലെ സംഘടനകളെന്നും ഫിറോസ് ചോദിക്കുന്നു.

ഇന്നലെ മുസ്ലീം ഐക്യവേദി ഹൈക്കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിനെയും, ഇന്ന് നടക്കുന്ന ഹര്‍ത്താലിനെയും ശക്തമായ ഭാഷയിലാണ് ഫിറോസ് വിമര്‍ശിച്ചത്. ഹാദിയക്കനുകൂലമായി വികാരം കൊള്ളുന്ന പലരും, തങ്ങളുടെ മതത്തില്‍പെട്ട ഒരു പെണ്‍കുട്ടി മതം മാറിയാല്‍ അവളെ ‘ശപിക്കാനും ‘ ശകാരവര്‍ഷം കൊണ്ട് പൊതിയാനും ചാടിപ്പുറപ്പെടുന്നവരാണെന്നും ഫിറോസ് പറഞ്ഞുവെക്കുന്നു. ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാം, ഇഷ്ടമുള്ള വ്യക്തിയോടൊപ്പം ജീവിക്കാം എന്നതൊക്കെ ഇന്ത്യന്‍ ഭരണഘടന പൗരന്‍മാര്‍ക്ക് നല്‍കുന്ന ഉറപ്പാണ്. അതാണ് കേരള ഹൈക്കോടതി വിധിയിലൂടെ ചോദ്യം ചെയ്യപ്പെട്ടിട്ടുള്ളത്.

അതുകൊണ്ടു തന്നെ കോടതി വിധി എതിരായാല്‍ നിയമപരവും വിവേകപൂര്‍വ്വവുമായ നടപടികളാണ് ആരായേണ്ടത്,മേല്‍ക്കോടതിയെ സമീപിക്കുന്നതടക്കമുള്ള മാര്‍ഗ്ഗങ്ങളാണ് സ്വീകരിക്കേണ്ടത് .ഇന്ത്യന്‍ ഭരണഘടനയെ വിശ്വസിക്കുന്നവര്‍ അതാണ് ചെയ്യേണ്ടതെന്നും ഫിറോസ് പറഞ്ഞു. അല്ലാതെ തിളച്ചുമറിയുന്ന വികാരപ്രകടനവുമായി ഇവിടം മലിനമാക്കാന്‍ വന്നാല്‍ മതേതര കേരളം ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പ്പിക്കുക തന്നെ ചെയ്യുമെന്നും ഫിറോസ് പറഞ്ഞു.

വിഷയത്തില്‍ മുതലെടുപ്പ് നടത്താനിറങ്ങുന്ന ആര്‍എസ്എസിനെതിരെയും മറ്റു ചിലര്‍ക്കെതിരെയും ശക്തമായ വിമര്‍ശനങ്ങളുണ്ട് ഫിറോസിന്റെ പോസ്റ്റില്‍. ആര്‍എസ്എസും എസ്ഡിപിഐയും മാത്രമല്ല, ഈ ബോധം കൊണ്ടു നടക്കുന്ന പലരും ഇത്തരം ധ്രുവീകരണ മെസേജുകള്‍ മത്സരിച്ച് ഷെയര്‍ ചെയ്യുകയാണെന്നും ഫിറോസ് പറഞ്ഞു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം താഴെ,

http://<iframe src=”https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FPkFiros%2Fposts%2F1182506411850632&width=500″ width=”500″ height=”338″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowTransparency=”true”></iframe>