ഹണിട്രാപ്പില്‍ പൂട്ടിട്ട് കോടതി, ശശീന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്

single-img
29 May 2017

തിരുവനന്തപുരം, ഫോണ്‍ കെണി വിവാദത്തില്‍ മുന്‍മന്ത്രി എ.കെ.ശശീന്ദ്രനെതിരെ കേസെടുത്തു. തിരുവനന്തപുരം സി.ജെ.എം കോടതിയാണ് സ്വമേധയാ കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. ജൂലൈ 28ന് ശശീന്ദ്രന്‍ നേരിട്ടു ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു. സംഭവത്തില്‍ ചാനല്‍ ജീവനക്കാരിയടക്കം മൂന്നു പേരുടെ മൊഴി കോടതി നേരത്തേ രേഖപ്പെടുത്തിയിരുന്നു. മന്ത്രി ചാനല്‍ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്നായിരുന്നു ഇവര്‍ മൊഴി നല്‍കിയത്.

അതേസമയം, കോടതിയുടേത് സ്വാഭാവിക നടപടി മാത്രമാണെന്ന് എ.കെ. ശശീന്ദ്രന്‍ പ്രതികരിച്ചു. തനിക്ക് പറയാനുള്ളത് കേള്‍ക്കാന്‍ കോടതി അവസരം തന്നിരുന്നു. ഏത് അന്വേഷണത്തോടും സഹകരിക്കും. കേസിലെ അന്വേഷണം താന്‍ തന്നെ ആവശ്യപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

ലൈംഗികാരോപണ വാര്‍ത്ത സ്വകാര്യ ചാനല്‍ പുറത്തുവിട്ടതിനെ തുടര്‍ന്ന് എകെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. കേസില്‍ ചാനല്‍ മേധാവിക്കും ജീവനക്കാര്‍ക്കുമെതിരായി ക്രൈംബ്രാഞ്ചും ഹെടെക് സെല്ലും അന്വേഷണം നടത്തിവരികയാണ്.