വിശപ്പിനും മീതെയല്ലല്ലോ ഇടിയും മഴയും, ഇതരസംസ്ഥാന തൊഴിലാളികളോടുള്ള പരസ്യമായ നിയമലംഘനത്തിന്റെ നേര്‍ക്കാഴ്ച

single-img
29 May 2017

 

 

തിരുവനന്തപുരം: ഇതര സംസ്ഥാന തൊഴിലാളികളോട് നമ്മള്‍ മലയാളികളുടെ മനോഭാവത്തില്‍ ഇനിയും മാറ്റം വന്നിട്ടില്ല എന്നതിന്റെ നേര്‍ക്കാഴ്ചയാണ്‌ ഈ ദൃശ്യങ്ങള്‍. ഇവര്‍ക്ക് ചോദിക്കാനും പറയാനും ആരുമില്ല. വെയിലാണെങ്കിലും മഴയാണെങ്കിലും പണിയെടുത്തോളണം. അതാണ് കോണ്‍ട്രാക്റ്റ് ഏമാന്റെ ചട്ടം. മഴയാണെന്ന് പറഞ്ഞ് ഈ കൂറ്റന്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് ഇറങ്ങിയാല്‍ അടുത്ത ട്രെയിനിനു നാടു വിട്ടേക്കണം എന്ന ഭീഷണി വരുമെന്ന് ഇവര്‍ക്കറിയാം. അതുകൊണ്ടുതന്നെ കോരിച്ചൊരിയുന്ന മഴക്കും ശക്തമായ ഇടിമിന്നലിനും ഇവരുടെ മനസ്സിളക്കാനാകില്ല.

 

കഴക്കൂട്ടം പെട്രോള്‍ പമ്പിന് സമീപമാണ് ഏവരെയും അമ്പരിപ്പിക്കുന്ന ഈ കാഴ്ച. വീട്ടുകാരെയും കൂടപ്പിറപ്പുകളെയും ഓര്‍ത്ത് അടുപ്പില്‍ തീപുകക്കാനുള്ള ഇവരുടെ പെടാപ്പാടില്‍ നടക്കുന്നത് പരസ്യമായ ചട്ടലംഘനമാണ് എന്നതാണ് വസ്തുത. ചട്ടങ്ങളും അധികാരികളും നോക്കുകുത്തിയാണ്. വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലാതെയാണ് ഇവരുടെ ജോലി എന്ന് ഈ ദൃശ്യങ്ങളില്‍ നിന്നും വ്യക്തം. ഇടിമിന്നലുള്ള സമയത്ത് ഇരുമ്പുകമ്പികളില്‍ സ്പര്‍ശിക്കാതെ നില്‍ക്കണമെന്നാണ്. പക്ഷേ ഇവര്‍ ഇരിക്കുന്നതാകട്ടെ ഇരുമ്പു കമ്പികള്‍ക്കു മുകളിലും. കെട്ടിട നിര്‍മ്മാണത്തിനു അനുമതി കൊടുത്ത അധികാരികള്‍ കൈപ്പിടിയും വാങ്ങി ഇതൊന്നും കണ്ടില്ല എന്ന മട്ടിലാണ്. ഇത് കഴക്കൂട്ടത്തെ മാത്രം പ്രശ്‌നമല്ല കേരളത്തിന്റെ മുക്കിലും മൂലയിലും നടക്കുന്ന പരസ്യമായ നിയലംഘനത്തിന്റെ ഒരു നേര്‍ക്കാഴ്ച മാത്രം.