ഇനി കുടുംബിനി, ലണ്ടനിലേക്ക് പറക്കാനൊരുങ്ങി സിന്ധു ജോയ്

single-img
28 May 2017

കൊച്ചി: പുത്തന്‍ പ്രതീക്ഷകളുമായ് വൈവാഹിക ജീവിതത്തിലേക്ക് കാലെടുത്തുവെച്ചിരിക്കുകയാണ് എസ്എഫ്‌ഐയുടെ പഴയ ചുണക്കുട്ടി സിന്ധു ജോയി. ആത്മീയ പ്രഭാഷകനും ലണ്ടനില്‍ ബിസിനസുകാരനുമായ അടിമാലി മാന്‍കുളം സ്വദേശി ശാന്തിമോന്‍ ആണ് സിന്ധു ജോയിയുടെ കഴുത്തില്‍ ഇന്നലെ മിന്നു കെട്ടിയത്. എറണാകുളം മറൈന്‍ഡ്രൈവ് സെന്റ് മേരീസ് ബസിലിക്കയില്‍ വൈകുന്നേരം നാലരയോടെയായിരുന്നു ലളിതമായ ചടങ്ങുകള്‍. തനത് ക്രിസ്ത്യന്‍ വിവാഹ വസ്ത്രമായ വെളുത്ത നിറത്തിലുള്ള ഗൗണ്‍ അണിഞ്ഞാണ് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം നിറഞ്ഞ വിവാഹ വേദിയിലേക്ക് വധു എത്തിയത്. ക്രീം നിറത്തിലുള്ള സ്യൂട്ട് ധരിച്ച് ശാന്തിമോനും. വലിയ ഗൗണ്‍ അണിഞ്ഞ് വളരെ പാടുപെട്ടാണ് സിന്ധു വിവാഹ വേദിയിലേക്ക് എത്തിയത്. നാണവും, പുഞ്ചിരിയും ഇടയ്ക്കിടെ പഴയ പോരാളിയുടെ മുഖത്ത് മിന്നി മറയുണ്ടായിരുന്നു.

വിവാഹശേഷം ലണ്ടനിലേക്ക് പോകാനൊരുങ്ങുകയാണ് സിന്ധു ജോയ്. ‘ശരിക്കും കേരളം വിട്ടു പോകാന്‍ പോലും ആഗ്രഹിക്കാത്ത ആളായിരുന്നു ഞാന്‍. പക്ഷെ ജീവിതത്തില്‍ കുറെ അഡ്ജസ്റ്റ്‌മെന്റൊക്കെ വേണമല്ലോ. ഇപ്പോള്‍ തന്നെ കുറച്ച് ലേറ്റ് മാരേജാണ്. ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലൂടെ കടന്നുപോകാന്‍ എനിക്കും ആഗ്രഹമുണ്ട്. അതുകൊണ്ട് ഞാനും അദ്ദേഹത്തോടൊപ്പം പോകും. പക്ഷെ വിവാഹ സര്‍ട്ടിഫിക്കറ്റൊക്കെ ലഭിച്ച് വിസ റെഡിയാകാനൊക്കെ കുറച്ച് സമയമെടുക്കുമെന്നും സിന്ധു വ്യക്തമാക്കി. ഏകാന്തത അനുഭവിക്കുന്ന രണ്ടുപേര്‍ ഒന്നിക്കാന്‍ തീരുമാനിക്കുന്നതാണ് ഈ വിവാഹമെന്നാണ് സിന്ധുവിന്റെ അഭിപ്രായം.

താന്‍ വളരെ എക്‌സൈറ്റഡ് ആണെന്നും മെയ് എട്ടിന് വിവാഹനിശ്ചയം കഴിഞ്ഞശേഷം താന്‍ ആകെ ത്രില്ലിലാണെന്നും സിന്ധു നേരത്തെ വ്യക്തമാക്കിയിരുന്നു. നമ്മളെ മനസ്സിലാക്കുന്ന ആള് വേണമെന്ന ആഗ്രഹം സാഫല്യത്തിലെത്തുന്നതിന്റെ സന്തോഷവും തനിക്കുണ്ടെന്ന് അവര്‍ പറഞ്ഞു. വിവാഹത്തിലൂടെ ആഗ്രഹിക്കുന്നത് ഒരു നല്ല സൗഹൃദമാണ്. അതെനിക്കു ലഭിച്ചിട്ടുണ്ട്. എന്റെ അനിയനും അനിയത്തിക്കുമൊക്കെ ഞാന്‍ വിവാഹിതയാകാത്തതില്‍ വളരെ വിഷമമുണ്ടായിരുന്നു. പക്ഷെ ഈ വിവാഹ ആലോചന പെട്ടെന്ന് വന്നതാണ്. അദ്ദേഹത്തിന്റെ സത്യസന്ധതയാണ് എനിക്ക് ഏറെയിഷ്ടമായതെന്നും സിന്ധു പറഞ്ഞു.

അദ്ദേഹം നേരത്തെ വിവാഹിതനായിരുന്നു. പക്ഷേ പെട്ടെന്നൊരു നാള്‍ ഭാര്യ പള്ളിയില്‍ വച്ചു കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. അതോടെ അദ്ദേഹം ആകെ തകര്‍ന്നു, ആ വിഷമത്തില്‍ ”മിനി, ഒരു സക്രാരിയുടെ ഓര്‍മ” എന്ന പേരില്‍ ഒരു പുസ്തകമൊക്കെ എഴുതിയിരുന്നു. ആ പുസ്തകം വായിച്ചതോടെ എനിക്ക് എന്തോ ഒരു പ്രത്യേക അടുപ്പം തോന്നി. ഇതേസമയത്ത് ഞാന്‍ എന്റെ അമ്മയെക്കുറിച്ചെഴുതിയ ഒരു അനുസ്മരണക്കുറിപ്പ് അദ്ദേഹവും വായിച്ചിരുന്നു. അങ്ങനെയാണ് നഷ്ടങ്ങളില്‍ വേദനിക്കുന്ന രണ്ടുപേര്‍ ഒന്നിച്ചാലോ എന്ന് അദ്ദേഹം ആലോചിക്കുന്നത്. ഈ അടുപ്പം വിവാഹത്തിലേക്കെത്തുകയും ചെയ്തു.

മൂന്നുമാസം മുമ്പാണ് ഇത്തരമൊരു പ്രൊപ്പോസല്‍ വന്നതെന്ന് സിന്ധു വ്യക്തമാക്കുന്നു. അപ്പോള്‍ എനിക്കു തോന്നി ഒരുവര്‍ഷമായി എനിക്കറിയാവുന്ന ആ നല്ല സുഹൃത്തിനെ ജീവിത പങ്കാളിയാക്കാമെന്ന്. പിന്നീട് വീട്ടുകാരോടും സഭാനേതൃത്വത്തോടുമൊക്കെ ആലോചിച്ചാണ് വിവാഹം എന്ന തീരുമാനത്തിലേക്കെത്തുന്നത്.