കേരളത്തിലെ ഭക്ഷണക്രമം ഡല്‍ഹിയില്‍ നിന്നോ നാഗ്പൂരില്‍ നിന്നോ തീരുമാനിക്കേണ്ടെന്ന് പിണറായി

single-img
28 May 2017

ആലപ്പുഴ: കന്നുകാലി കശാപ്പിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ നിലപാടുമായി സംസ്ഥാന സര്‍ക്കാര്‍. കേന്ദ്രവിജ്ഞാപനം മറികടക്കുന്നതിന് നിയമനിര്‍മാണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ തീരുമാനിക്കാന്‍ സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിക്കും. ഇതു സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളാന്‍ മന്ത്രി കെ. രാജുവുമായി കൂടികാഴ്ച നടത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കശാപ്പിനുവേണ്ടിയുള്ള കന്നുകാലി വില്‍പനയ്ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം തുടരുകയാണ്.

കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നും വിമര്‍ശിച്ചു. ജനങ്ങള്‍ക്ക് ഇഷ്ടമുള്ളത് കഴിക്കാന്‍ സര്‍ക്കാര്‍ സൗകര്യമൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ ഭക്ഷണക്രമം ഡല്‍ഹിയില്‍ നിന്നോ നാഗ്പൂരില്‍ നിന്നോ തീരുമാനിക്കേണ്ടെന്നും ആരുവിചാരിച്ചാലും അത് മാറ്റാനാകില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

അതേസമയം പ്രശ്‌നത്തില്‍ നിയമനിര്‍മാണം അടക്കമുള്ള നടപടികള്‍ പരിഗണിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. ജനങ്ങള്‍ക്ക് ഗുണകരമാകുന്ന എല്ലാ നിയമ സഹായങ്ങളും സംസ്ഥാന സര്‍ക്കാര്‍ ചെയ്യും. മാട്ടിറച്ചി അടക്കമുള്ള ഭക്ഷ്യവസ്തുക്കള്‍ കഴിക്കുന്നവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നിലകൊളളുമെന്നും കോടിയേരി അറിയിച്ചു. ആര്‍.എസ്.എസ് ഒളിഅജണ്ട നടപ്പാക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.