സച്ചിന്‍ എ ബില്ല്യണ്‍ ഡ്രീംസ് കരയിച്ചുവെന്ന് കോച്ച് അച്ചരേക്കര്‍

single-img
27 May 2017

ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ ജീവിതം പറഞ്ഞ സച്ചിന്‍ എ ബില്ല്യണ്‍ ഡ്രീംസ് എന്ന ചിത്രത്തിലെ ഒരു രംഗം കണ്ട് കോച്ച് വികാരാധീനനായി. സച്ചിനെ ആദ്യകാലത്ത് പരിശീലിപ്പിച്ച കോച്ച് അച്രേക്കറാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ ദൈവത്തിന്റെ ജീവിതകഥ വെള്ളിത്തിരയില്‍ ആവിഷ്‌കരിച്ചപ്പോള്‍ ചിത്രത്തിലെ ഒരു രംഗം കണ്ട് അത്യന്തം വികാരാധീനനായത്. ചിത്രത്തിന്റെ പ്രീമിയര്‍ കാണാന്‍ മകളുമൊപ്പം മുംബൈയില്‍ എത്തിയതായിരുന്നു അച്ചരേക്കര്‍.

ചിത്രത്തിലെ ‘എന്‍ഡുല്‍ക്കര്‍’ സീന്‍ ആണ് അച്രേക്കറെ കരയിച്ചത്. കഥ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല എന്ന കാരണത്താല്‍ എന്താണ് എന്‍ഡുല്‍ക്കര്‍ സീന്‍ എന്ന് അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിട്ടില്ല. ‘അച്ഛന് സംസാരിക്കാന്‍ കഴിയില്ല. പക്ഷേ, അദ്ദേഹത്തിന്റെ മുഖഭാവങ്ങളില്‍ നിന്നു തന്നെ ആ മനസ്സറിയാന്‍ കഴിയുമെന്നും അച്രേക്കറിന് ചിത്രം ഒരുപാട് ഇഷ്ടമായെന്നും മകള്‍ പറഞ്ഞു.

സച്ചിനൊപ്പമിരുന്നാണ് അച്രേക്കര്‍ സിനിമ കണ്ടത്. ഒരുമിച്ചിരുന്നു കാണാനായതില്‍ അച്ഛനും സച്ചിനും ഒരുപോലെ സന്തോഷവാന്‍മാരാണെന്നും മാധ്യമങ്ങളെ കാണുന്നതിനു മുന്‍പേ സച്ചിന്‍ അച്ഛന്റെ കാല്‍ തൊട്ടു വണങ്ങിയിരുന്നുവെന്നും മകള്‍ വിശാഖ ദാല്‍വി പറഞ്ഞു. ഇപ്പോഴും തന്റെ കുട്ടിക്കാലത്തെ കോച്ചിനെ സച്ചിന്‍ മറന്നിട്ടില്ലെന്ന് വിശാഖ ദാല്‍വി പറയുന്നു. അച്ഛന്റെ സുഖവിവരങ്ങള്‍ സച്ചിന്‍ എപ്പോഴും അന്വേഷിക്കാറുണ്ടെന്നും വിശാഖ പറഞ്ഞു.