അനധികൃതമായി പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ അടച്ചുപൂട്ടണമെന്ന് കെ സുരേന്ദ്രന്റെ മുന്നറിയിപ്പ്

single-img
27 May 2017

കൊച്ചി: കേരളത്തില്‍ ഗോവധം അനധികൃതമായി നടത്തുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി കെ സുരേന്ദ്രന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. കേന്ദ്ര ഉത്തരവ് മാനിക്കാതെ നിരവധി കശാപ്പു ശാലകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പുതിയ ഉത്തരവിനെ മാനിച്ച് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന അറവുശലാകള്‍ അടച്ചു പൂട്ടണമെന്നും സുരേന്ദ്രന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ പറയുന്നു. പോസ്റ്റിന്റെ യഥാര്‍ത്ഥ രൂപം ഇങ്ങനെ .

ലൈസന്‍സില്ലാതെ ആയിരത്തോളം അറവുശാലകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും പാരിസ്ഥിതിക പ്രശ്‌നങ്ങളുമാണ് ഇതുണ്ടാക്കുന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്നും മാരകമായ രോഗങ്ങള്‍ ബാധിച്ച കന്നുകാലികളെ ഒരു വൈദ്യപരിശോധനയും നടത്താതെ ചെക്ക് പോസ്റ്റുകളില്‍ കൈക്കൂലി നല്‍കി ഇങ്ങോട്ടു കടത്തുകയാണ്. ഒട്ടും ഹൈജീനിക് അല്ലാത്ത പരിസരങ്ങളിലാണ് ഇവയെ അറുത്തു വില്‍ക്കുന്നത്. പത്തും ഇരുപതും കാലികളെ കൂട്ടിക്കെട്ടി ലോറികളില്‍ കടത്തുന്നവര്‍ക്കെതിരെ ഒരു നടപടിയും കേരളത്തില്‍ കൈക്കൊള്ളുന്നില്ല. മൃഗങ്ങളെ പീഡിപ്പിക്കാതെയും വേദനയില്ലാതെയുമാണ് ഗള്‍ഫ് രാജ്യങ്ങളിലും പാശ്ചാത്യരാജ്യങ്ങളിലും കശാപ്പ് ചെയ്യുന്നത്. ഇവിടെ ആര്‍ക്കും ഒരു നിയമവും ബാധകമല്ല.

എന്‍ജിടിയുടേയും സുപ്രീം കോടതിയുടേയും ഉത്തരവുകള്‍ക്ക് ഇവിടെ പുല്ലുവിലയാണ്. ഇത് അധികകാലം തുടരാന്‍ കഴിയില്ല. അറവുശാലകള്‍ ആധുനികവല്‍ക്കരിക്കണം. ജന്തുപീഡന നിരോധനനിയമം പാലിച്ചും ആരോഗ്യപരിസ്ഥിതി നിബന്ധനകള്‍ അനുസരിച്ചും പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ക്ക് ലൈസന്‍സ് പുതുക്കി കൊടുക്കണം. അല്ലാത്തവ അടച്ചുപൂട്ടണം. ഇതിനെ രാഷ്ട്രീയമുതലെടുപ്പിന് ഉപയോഗിക്കുന്നവര്‍ക്ക് തിരിച്ചടിയായിരിക്കും വരാന്‍ പോകുന്നത്. ക്യാന്‍സറും ഹൃദ്രോഗങ്ങളും പ്രമേഹവുമുള്‍പ്പെടെ കേരളത്തില്‍ പടരുന്നതിനെതിരെ ചിന്തിക്കുന്ന വലിയൊരു വിഭാഗം ജനങ്ങള്‍ മതന്യൂനപക്ഷങ്ങളിലടക്കം ഉണ്ടെന്ന വസ്തുത എല്ലാവരും ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.