ഹാദിയ കേസ്, പ്രശ്നം മതസ്വാതന്ത്ര്യം മാത്രമോ?

single-img
27 May 2017

നാസർ കുന്നുമ്പുറത്ത്

നമ്മുടെ പ്രിയപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകര്‍, ഫെമിനിസ്റ്റുകള്‍, അനാര്‍ക്കികള്‍ എല്ലാവരും ഒരുപോലെ ഹാദിയ എന്ന അഖിലയുടെ മതസ്വാതന്ത്ര്യം ഹൈക്കോടതി എടുത്തു കളഞ്ഞു കരുതുന്നു. ചില മുസ്ലിം സംഘടനകള്‍ ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്താന്‍ ഒരുങ്ങുന്നു. മുസ്ലിം സംഘടനാ നേതാക്കള്‍ ഇപ്പോള്‍ എന്തോ ബോധോദയം പോലെ പ്രായപൂര്‍ത്തിയായ ഒരു പെണ്‍കുട്ടിക്ക് തനിക്ക് ഇഷ്ടമുള്ള ആളുടെ കൂടെ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി ശബ്ദിക്കുന്നു എന്നത് ചെറിയൊരു കാര്യമല്ല.
അഖില, സേലത്ത് BHMS ഇന് പഠിക്കുന്ന വൈക്കം സ്വദേശിനി, ഈഴവ സമുദായത്തില്‍ പെട്ട അശോകന്‍, പൊന്നമ്മ ദമ്പതികളുടെ ഏക മകള്‍. അശോകന്‍ അവിശ്വാസിയാണ് അവളുടെ മാതാവ് പൊന്നമ്മ മത വിശ്വാസങ്ങളും ആചാരങ്ങളും പിന്തുടരുന്നു.

ഹാദിയയായി മതം മാറിയ അഖില

സേലത്തെ ഹോസ്റ്റലിലെ ഭക്ഷണം മോശമായതിനാല്‍ അഖില പുറത്ത് മറ്റൊരു വീട്ടില്‍ കൂടെ പഠിക്കുന്ന നാല് കൂട്ടുകാരുടെ കൂടെ താമസം തുടങ്ങുന്നു. അതില്‍ ജസീന, ഫസീന എന്ന പെരിന്തല്‍മണ്ണ സ്വദേശികളായ കൂട്ടുകാരികളുമായിട്ടായിരുന്നു അഖിലക്ക് കൂടുതല്‍ അടുപ്പം. അവരുടെ കൃത്യ സമയത്തുള്ള പ്രാര്‍ത്ഥനകള്‍, വിശ്വാസത്തോടുള്ള കൂറ് എന്നിവ അഖിലയെ സ്വാധീനിക്കാന്‍ തുടങി. അതിനാല്‍ തന്നെ അവരോടു ഇസ്ലാം മതത്തെ കുറിച്ച് ചോദിക്കുന്ന പതിവ് അഖിലയും ആരംഭിച്ചു. ഏതൊരു മുസ്ലിമിനോടും (കൃസ്ത്യാനിയോടും) മതത്തെ കുറിച്ച് ചോദിച്ചാല്‍ പിന്നെ നിങ്ങളെ അതങ്ങ് പഠിപ്പിച്ച ശേഷമേ അവര്‍ ഉണ്ണാന്‍ പോലും പോവൂ (ആര്‍ക്കും പരീക്ഷിച്ചു നോക്കാവുന്നതാണ്).

കോളേജില്‍ നിന്നും തിരിച്ചു വരുന്ന സമയത്ത് അഖില ജസീന-ഫസീന സഹോദരിമാരുടെ വീട്ടില്‍ പോവുന്നത് പതിവാക്കി. വീട്ടില്‍ വച്ച് തന്‍റെ ഇസ്ലാം മതത്തോടുള്ള ആകര്‍ഷണം പങ്കു വച്ചതോടെ ജസീനയുടെ പിതാവ് അബൂബക്കര്‍ അഖിലയ്ക്ക് ഇസ്ലാം മതത്തെ കുറിച്ച് പഠിക്കാനുള്ള സൌകര്യങ്ങള്‍ ഒരുക്കി കൊടുത്തു.
അവസാന വര്‍ഷ BHMS വിദ്യാര്‍ഥിനിയായ അഖില ഇസ്ലാമിക വിശ്വാസം മനസ്സ് കൊണ്ട് സ്വീകരിച്ചതിനാല്‍ തന്നെ ഒരിക്കല്‍ വൈക്കത്തുള്ള അവളുടെ വീട്ടില്‍ വച്ച് ഇസ്ലാമിക മുറ പ്രകാരം നമസ്കാരം നിര്‍വഹിച്ചിരുന്നു. അന്ന് അശോകന്‍ മകളെ ശകാരിക്കുകയും, ഇത് തീവ്രവാദ മതം ആണ് എന്ന് പറയുകയും ചെയ്തിരുന്നു. ഇസ്ലാമിനെ കുറിച്ച് കൂടുതല്‍ പഠിച്ച അഖില പിന്നീട് പെരിന്തല്‍മണ്ണയില്‍ നിന്നും സേലത്തെ കോളെജിലേക്ക് പോയപ്പോള്‍ ഇസ്ലാമിക രീതി പ്രകരം തല തട്ടം ഇട്ടു പൂര്‍ണ്ണമായും മറച്ചു. ഇത് കണ്ട അഖിലയുടെ ഹിന്ദുക്കള്‍ ആയ കൂട്ടുകാരികളില്‍ ഒരാള്‍ അശോകനെ വിളിച്ചു വിവരം പറഞ്ഞു. അന്ന് രാത്രി അഖിലയുടെ അമ്മ അവളെ വിളിക്കുകയും അച്ഛന്‍ ഒരു അപകടത്തില്‍ പെട്ട് ആശുപത്രിയില്‍ ആണ് എന്നും, ഉടന്‍ വരണം എന്നും പറഞ്ഞു. എന്നാല്‍ അത് വിശ്വസിക്കാന്‍ കൂട്ടാക്കാതിരുന്ന അഖില നേരെ പെരിന്തല്‍മണ്ണയിലെ കൂട്ടുകാരുടെ വീട്ടിലേക്കാണ് പോയത്.

വീട്ടിലേക്ക് വരികയോ ബന്ധപ്പെടുകയോ ചെയ്യാത്ത അവസരത്തില്‍ മകളെ കാണാനില്ല എന്ന് പറഞ്ഞു അശോകന്‍ ജനുവരി 6, 2016 ഇല്‍ പെരിന്തല്‍മണ്ണ പോലീസില്‍ പരാതി നല്‍കി. പരാതി പ്രകാരം ജസീനയുടെ പിതാവ് അബൂബക്കറിനെ പോലീസ് അറസ്റ്റ് ചെയ്തു. പക്ഷെ അഖിലയെ കണ്ടു കിട്ടാത്തത് കാരണം പിതാവ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹർജി ഫയല്‍ ചെയ്തു. 14 ആം തിയതി അഖിലയെ കണ്ടെത്താന്‍ കോടതി ഉത്തരവിടുകയും ചെയ്തു.
അഖിലയെ മതം പഠിപ്പിക്കാന്‍ അബൂബക്കര്‍ തര്ബിയതുല്‍ ഇസ്ലാം സഭയില്‍ കൊണ്ട് പോയി എങ്കിലും പെണ്‍കുട്ടി ആയതിനാല്‍ അവരുടെ മാതാപിതാക്കളുടെ അനുമതി വേണം എന്ന് പറഞ്ഞു അവര്‍ മടക്കി.

തുടര്‍ന്ന് മഞ്ചേരിയില്‍ SDPI നടത്തുന്ന സത്യസരണി എന്ന മത പഠന കേന്ദ്രത്തില്‍ അഖിലയെ കൊണ്ട് ചെന്നു എങ്കിലും ആരുടെ പ്രേരണയോ, നിര്‍ബന്ധമോ ഇല്ലാതെ മതം മാറി എന്ന് തെളിയിക്കുന്ന നോട്ടറി അറ്റസ്റ്റ് ചെയ്ത സത്യവാങ്ങ്മൂലം വേണം എന്ന് പറഞ്ഞു അവര്‍ മടക്കി. തുടര്‍ന്ന് ഈ രേഖ സംഘടിപ്പിച്ചു അഖില സത്യസരണിയില്‍ ചേര്‍ന്നു. സത്യസരണിക്കാര്‍ അഖിലയെ സംരക്ഷിക്കാന്‍ സൈനബ എന്ന യുവതിയെ ഏല്പിച്ചു.
തന്നെ പോലീസ് ഹരാസ് ചെയ്യുന്നു എന്ന് പറഞ്ഞു കോടതിയില്‍ റിട്ട് ഹരജി കൊടുക്കാന്‍ 19.1.2016 എത്തിയപ്പോള്‍ ആണ് തന്നെ തേടി ഹേബിയസ് കോര്‍പ്പസ് കോടതിയില്‍ ഉണ്ട് എന്ന് അഖില അറിയുന്നത്. കേസിന്‍റെ ഇമ്പ്ലീടിംഗ് പെറ്റിഷനില്‍ താന്‍ കൂട്ടുകാരികളുടെ മതാചാരം കണ്ടു ആകൃഷ്ടയായി മതം മാറിയതാണ് എന്നും, താനിപ്പോള്‍ മുസ്ലിം ആണ് എന്നും അവള്‍ സത്യവാങ്ങ്മൂലം നല്‍കി. ജനുവരി 25 ഇന് അശോകന്‍റെ ഹരജി ഡിസ്പോസ് ചെയ്തു കൊണ്ട് പ്രായപൂര്‍ത്തിയായ മകള്‍ക്ക് അവളുടെ വിശ്വാസവും താമസ സ്ഥലവും തിരഞ്ഞെടുക്കാന്‍ അവസരം ഉണ്ട് എന്ന് വിധി പ്രസ്താവിച്ചു. സത്യസരണിയില്‍ പോവാന്‍ ഉള്ള അനുമതിയും കോടതി നല്‍കി. അതോടൊപ്പം മാതാവിനും പിതാവിനും അവളെ സന്ദര്‍ശിക്കാന്‍ ഉള്ള അനുമതി കോടതി നല്‍കുകയുണ്ടായി.

തുടര്‍ന്നു 16.8.2016 ഇല്‍ അഖിലയുടെ പിതാവ് തന്‍റെ മകളെ വിദേശത്തേക്ക് കടത്താന്‍ സാധ്യതയുണ്ട് എന്ന് പറഞ്ഞു ഒരു റിട്ട് പെറ്റീഷന്‍ നല്‍കുകയും കോടതി തത്സംന്ധമായി നിരീഷണത്തിന് ഉത്തരവിടുകയും ചെയ്തു. 22 ആം തിയതി കേസ് വിളിച്ചപ്പോള്‍ അന്വേഷണോദ്യോഗസ്തന്‍ അഖിലയെ എങ്ങോട്ടോ മാറ്റി എന്ന് കോടതിയെ ബോധിപ്പിച്ചു. കേസ് 25 ആം തിയതിയിലേക്ക് മാറ്റി വച്ചു. അന്നേ ദിവസം സൈനബയുമൊത്ത് കോടതിയില്‍ വന്ന അഖിലക്ക് വേണ്ടി അഡ്വ. പി സഞ്ജയ്‌ ആണ് ഹാജരായത്.

കോടതി എല്ലാവരോടും സംസാരിച്ച ശേഷം അഖിലയോട് മാതാപിതാക്കളുടെ കൂടെ പോകാന്‍ പറഞ്ഞു എങ്കിലും അവള്‍ തയ്യാറായില്ല. സൈനബിന്റെ കൂടെ പോകാന്‍ ആണ് അവള്‍ താല്പര്യം പ്രകടിപ്പിച്ചത്. എന്നാല്‍ സൈനബിന്റെ കൂടെ ഒരുമാസം മിസ്സിംഗ്‌ ആയിരുന്നു എന്ന കാരണത്താല്‍ കോടതി അത് അനുവദിച്ചില്ല. തുടര്‍ ഉത്തരവുകള്‍ വരുന്നത് വരെ പിതാവിന്‍റെ ചിലവില്‍ അവളെ ഹോസ്റ്റലില്‍ പ്രവേശിപ്പിക്കാന്‍ കോടതി താല്‍ക്കാലിക ഉത്തരവിട്ടു.
29.9.2016 ഇന് കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ കഴിഞ ഒരുമാസത്തില്‍ അധികമായി താന്‍ കോടതിയുടെ തടവില്‍ ആയിരുന്നു എന്നും മാതാപിതാക്കളുടെ കൂടെ പോകാന്‍ തയ്യാറല്ല എന്നും അഖില പറഞ്ഞതോടെ SDPI ക്കാര്‍ നേരെത്തെ ഏര്‍പ്പെടുത്തി കൊടുത്ത സൈനബയുടെ കൂടെ പോകാന്‍ കോടതി ഉത്തരവിട്ടു. താഴെ പറയുന്നതാണ് വിധി.

“After hearing learned counsel on both sides, we are of the opinion that in the light of the finding entered by this court in the earlier round of litigation that this Court cannot compel the petitioner’s daughter to go and reside with her parents and that she is not in the illegal custody of anyone, this court cannot any longer direct that the petitioner’s daughter should continue to reside at Santhinikethan Hostel, Pachalam. When we asked the petitioner’s daughter as to whether she is willing to appear on another day, she submitted that she will appear on the next hearing date. Learned counsel for the detenue also submitted that the detenue will be present in person on the next hearing date. We accordingly permit the detenue to reside at a place of her choice. We also record the statement of Ms.Akhila that she proposes to reside with the seventh respondent, Smt.A.S.Sainaba, whose address is mentioned in the instant writ petition. Sri.P.K.Ibrahim, learned counsel appearing for the seventh respondent submitted that the seventh respondent will cause production of the petitioner’s daughter on the next hearing date…”

തുടര്‍ന്ന് 14.11.2016 ഇന് കേസ് വീണ്ടും പരിഗണനയില്‍ വന്നപ്പോള്‍ അഖിലക്ക് വേണ്ടി ഹാജരായ അഡ്വ. എസ് ശ്രീകുമാര്‍, അഖിലയുടെ ഹൌസ് സര്‍ജന്‍സി പഠനം പൂര്‍ത്തിയായിട്ടില്ല എന്നും അതിനാല്‍ തന്നെ അവളുടെ ഭാവി അവതാളത്തിലാണ് എന്നും ചൂണ്ടി കാണിക്കുകയുണ്ടായി. അവള്‍ക്ക് മതിയായ വരുമാനം ഉണ്ട് എന്ന് പറഞ്ഞതോടെ സംഘടനയുടെ സഹായം ഉണ്ട് എന്ന് കോടതിക്ക് സംശയം ഉണര്‍ന്നു. തുടര്‍ന്ന് സൈനബയുടെ വരുമാനം തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. തുടര്‍ന്നു അശോകന്‍ തന്‍റെ മകളുടെ പഠനം തുടരാന്‍ ആവശ്യമായ ചിലവ് വഹിക്കാം എന്ന് പറഞ്ഞതോടെ സൈനബയില്‍ പ്രകടമായ അവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് 19.12.2016 ഇന് കോടതി അഡ്വ. എസ് ശ്രീകുമാര്‍ ഉള്‍പ്പടെ കൂടെ പോയി അഖിലയെ കോളേജില്‍ കൊണ്ട് ചെന്നു ചേര്‍ക്കാന്‍ ഉത്തരവിട്ടു. തുടര്‍ന്ന് കേസ് 21 ആം തിയതിയിലേക്ക് തുടര്‍ വാദങ്ങല്‍ക്കായി മാറ്റി വച്ചു.

ശഹീനും ഹാദിയയും

എന്നാല്‍ 21.12.2016 ഇന് അഖില ഹാജരായത് വേറെ ഒരാളുടെ കൂടെയാണ്. അതാരാണ് എന്ന് ചോദിച്ചപ്പോള്‍ അഡ്വ. ശ്രീകുമാര്‍ അഖിലയുടെ ഭര്‍ത്താവാണ് എന്നും പേര് ഷഫിന്‍ ജഹാന്‍ ആണ് എന്നും ബോധിപ്പിച്ചു, അഖില വിവാഹിതയായി എന്നും കോടതിയെ അറിയിച്ചു. പുത്തൂര്‍ ജമാ മസ്ജിദ് ഖാളിയാണ് വിവാഹം നടത്തി നല്‍കിയത് എന്നും, 19.12.2016 നായിരുന്നു വിവാഹം എന്നും അഖിലയുടെ അഭിഭാഷകന്‍ വ്യക്തമാക്കി. അഖിലയുടെയും, ഭര്‍ത്താവ് ശഫീന്‍ ജനാന്റെയും ബന്ധുക്കള്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു എന്നും അഭിഭാഷകന്‍ കോടതിയെ ബോധിപ്പിക്കുകയുണ്ടായി. വിവാഹം തെളിയിക്കുന്ന രേഖകള്‍ കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടു.

കോടതി ഇതിനെ കുറിച്ച് ഇങ്ങനെയാണ് പറയുന്നത് :

This Court was seriously perturbed and concerned at the subterfuge practiced. The turn of events was contrary to all the submissions made by the learned Senior Counsel on the previous posting date.

കാര്യം നേടാന്‍ വേണ്ടി ഉണ്ടാക്കിയ തട്ടിപ്പ് പരിപാടിയില്‍ കോടതി അത്ഭുതപ്പെട്ടു എന്നാണു നിരീക്ഷണം. അഖിലയുടെ വക്കീല്‍ ശ്രീകുമാറിനോട് അഖിലയെ കോളേജില്‍ ചേര്‍ക്കാം എന്നു കോടതി ഉത്തരവ് ചെയ്ത അതേ ദിവസം ആണ് ഈ വിവാഹം നടന്നത് എന്നതാണ് അത്ഭുതം. കോടതി കസ്റ്റഡിയില്‍ ഏല്‍പ്പിച്ച ആളുടെ വിവാഹം കോടതി അറിയാതെ നടത്തി എന്ന് സാരം.
അതായത് രേഖകള്‍ വഴി ഉണ്ടാക്കിയ ഒരു വിവാഹം മാത്രമാണ് ഇതെന്ന് ഒറ്റയടിക്ക് തന്ന തെളിഞ്ഞു. കാരണം അഖിലയുടെ കേസില്‍ വാദം നടന്നു, ഉത്തരവ് വന്ന ദിവസം ആണ് വിവാഹം എന്നായിരുന്നു അഖിലയുടെ വാദം.

കോടതി ഇതിനെ ഇങ്ങനെ നിരീക്ഷിക്കുന്നു:

This Court noted in the said order that not even an indication of the marriage was given to us at the time of passing the order dated 19.12.2016, though the alleged marriage was also on the same day. We also expressed our dissatisfaction at the conduct of the detenue.
(19.12.2016 ഇലെ ഉത്തരവ് പാസാക്കുമ്പോള്‍ വിവാഹത്തെക്കുറിച്ച് ഒരു സൂചന പോലും കോടതിക്ക് നല്‍കിയില്ല എന്നത് കോടതിയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. കോടതി ഇതില്‍ ശക്തമായ നീരസം പ്രകടിപ്പിക്കുന്നു)

അത് വരെ നടത്തിയ എല്ലാ വാദങ്ങള്‍ക്കും വിരുദ്ധമായ ഒരു പുതിയ സംഗതി ഉരുത്തിരിഞ്ഞതോടെ കോടതിയുടെ നിലപാട് മാറി. ഈ സംഭവങ്ങളുടെ മുന്‍ കാര്യങ്ങള്‍ അന്വേഷിക്കാന്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പി ക്ക് നിര്‍ദേശം നല്‍കിയ കോടതി, അഖിലയുടെ പിതാവ് അശോകന്‍റെ വാദങ്ങള്‍ മുഖ വിലയ്ക്ക് എടുക്കാന്‍ തീരുമാനിച്ചു. തന്‍റെ മകളെ നിരോധിത സംഘടനകള്‍ വിദേശത്തേക്ക് കടത്താന്‍ ശ്രമിക്കുന്നു എന്ന ആരോപണത്തെ കോടതി പരിഗണിച്ചു. അതിനാല്‍ തന്നെ ഈ വിഷയത്തില്‍ തുടര്‍ ഉത്തരവ് ഉണ്ടാകുന്നത് വരെ അഖിലയെ എറണാകുളം എസ്എന്‍വി സദനത്തില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ സംരക്ഷിക്കാനും, അവളുമായി ആരും ബന്ധപ്പെടുകയോ, മൊബൈല്‍ ഫോണ്‍ നല്‍കുകയോ ചെയ്യാന്‍ പാടില്ല എന്നും ഉത്തരവിട്ടു.

അഖിലയെ സംരക്ഷിക്കും എന്ന് കരുതി കോടതി ഏല്‍പ്പിച്ച സൈനബയുടെ വീട്ടില്‍ വച്ചാണ് ഈ വിവാഹം നടന്നത് എന്നത് കോടതിയെ ശരിക്കും ഞെട്ടിച്ചു.
വൈക്കം സ്വദേശിയായ അഖില കോട്ടക്കല്‍ സ്വദേശിയായ സൈനബയുടെ വീട്ടില്‍ താമസിച്ചു കൊല്ലം സ്വദേശിയായ ശഫീന്‍ ജഹാനെ വിവാഹം ചെയ്യുന്നു. അതും പെട്ടന്നാണ് സംഭവങ്ങള്‍ക്ക് ഇങ്ങനെ ഒരു ഷിഫ്റ്റ്‌ വരുന്നത്. ഈ ലിങ്കുകള്‍ മൊത്തം കോടതി പരിശോധിച്ചു.
ഷഫീന്‍ ആരാണ് എന്നും കോടതി അന്വേഷിച്ചു.

ശഫീനെ കുറിച്ച് കോടതിയുടെ നിരീക്ഷണം ഇതാണ്:

Government Pleader that, though the marriage is alleged to have taken place on 19.12.2016, the fact remains that Sri.Shefin Jahan, who is very active on face book had not disclosed the same in his face book page. He is a person who has posted on the face book, even minor details of his everyday life.

ഫെസ്ബൂക്കില്‍ വളരെ സജീവമായ ശഫീന്‍ പക്ഷേ തന്‍റെ ജീവിതത്തിലെ പ്രധാന സംഭവമായ വിവാഹത്തെ കുറിച്ച് ഒന്നും മുഖപുസ്തകത്തില്‍ നല്‍കിയിരുന്നില്ല. ഈ വിവാഹത്തെക്കുറിച്ച് കോടതി വിധി വന്നപ്പോള്‍ ആണ് വിവാഹ പോസ്റ്റ്‌ പൊടുന്നനെ പ്രത്യേക്ഷപ്പെട്ടത്.

He is an active member of the political party, Social Democratic Party of India (SDPI). However, the
Ext.R8(j). Sri.Shafin Jahan has admitted the fact that he was an active member of a party, Social Democratic Party of India, SDPI. He is also one of the administrators of whatsup group ‘SDPI Kerlam’ which is a whatsup group formed for the functioning of the political party. He is an accused in Crime No.2100 of 2013 registered alleging offences under Sections 143, 147, 341, 323, 294(b) read with Section 149

ക്രിമിനല്‍ കേസില്‍ പ്രതിയായ ഷഫീന്‍ ജഹാന്‍ SDPI യുടെ ഒരു സജീവ പ്രവര്‍ത്തകന്‍ ആണ്. SDPI കേരളം എന്ന WhatsApp ഗ്രൂപ്പിന്‍റെ അഡ്മിനും ആണ് ഇദ്ധേഹം. നേരത്തെ ബാങ്ങലൂരില്‍ നിന്നും ഐഎസ് ബന്ധത്തിന്‍റെ പേരില്‍ അറസ്റ്റ് ചെയ്യപ്പട്ട വ്യക്തി ഉള്‍പ്പെട്ട മറ്റൊരു ഗ്രൂപ്പിലും ശഫീന്‍ അംഗമാണ് എന്ന് കോടതി മറ്റൊരു സ്ഥലത്ത് നിരീക്ഷിക്കുന്നു. IPC 143, 147, 341, 323, 294(b) , 149 എന്നിവ പ്രകാരമുള്ള ചാര്‍ജുകള്‍ അദേഹത്തിന് എതിരെയുണ്ട്.

കോടതിയുടെ മറ്റൊരു നിരീക്ഷണം ശഫീന് ജോലിയൊന്നും ഇല്ല എന്നാണു. (പക്ഷെ എങ്ങിനെ ഇതിനൊക്കെ പണം കിട്ടുന്നു എന്ന ചോദ്യം സംഘടനാ ബന്ധങ്ങളിലെക്ക് വിരല്‍ ചൂണ്ടുന്നതായി കോടതി മറ്റൊരു സ്ഥലത്ത് പറയുന്നുണ്ട്)

Senior Government Pleader, Sri.Shefin Jahan was in some Gulf country. He is jobless at present having left the Gulf on an exit visa. Though he claims that he has obtained a job at a place called Asiba, Oman, he is present in court on all the posting dates of this case after the date of alleged marriage.
Therefore, it is contended that he is still jobless.

അഖില ആദ്യം സമര്‍പ്പിച്ച അഫിഡവിറ്റ് അനുസരിച്ച് അവളുടെ പേര്‍ ആസ്യ എന്നായിരുന്നു, പിന്നെ വേറെ അഫിഡവിറ്റ് നല്‍കിയപ്പോള്‍ ആദിയ എന്നായി, അവസാനം അഫിഡവിറ്റ് നല്‍കിയ അവസരത്തില്‍ ഹാദിയ എന്നായി ഉറപ്പിച്ചു.

In her affidavit, which is notarized, she states that she was living her life according to the Islamic ethics without anybody’s compulsion and that she had chosen a Muslim name, ‘Aasiya’. The CD also contains the statement of Smt.Sherin Shahana, aged 20
However, there is no explanation as to how Ms. Akhila became ‘Adhiya’. In the present writ petition, in her affidavit dated 4.9.2016 as well as in her affidavit filed on subsequent dates, she describes herself as ‘Akhila Asokan @ Hadiya’. There is no explanation forthcoming as to how her name has undergone a further change. If the statement of Smt. Sherin Shahana referred to earlier is to be believed, Ms.Akhila had chosen the name ‘Aasiya’ from a list of names suggested to her.

അതിനാല്‍ സ്വന്തം പേര് തന്നെ എന്താണ് എന്ന് ഉറപ്പിക്കാത്ത ഒരാള്‍ക്ക് തീരുമാനങ്ങള്‍ എടുക്കാന്‍ ഉള്ള കപ്പാസിറ്റി ഉണ്ടാവുമോ എന്ന് തന്നെ കോടതി സംശയം പ്രകടിപ്പിക്കുന്നു. പിതൃ തുല്യമായ ഉത്തരവാദിത്തം കോടതി സ്വയം ഏറ്റെടുത്ത് (Parens Patriae jurisdiction) കോടതി നല്‍കിയ വിധിയാണ് ഇത്.

നേരത്തെ ചെര്‍പ്പുളശേരിയില്‍ മതം മാറിയ ആതിരയുടെ കേസില്‍ ഹാജരായ അഡ്വ. പി കെ ഇബ്രാഹിം തന്നെ ഈ കേസിലും സഹായിക്ക് വേണ്ടി വാദിക്കാന്‍ വന്നു എന്നത് കേവലം ഒരു യാദൃശ്ചികതയായി കോടതിക്ക് തോന്നിയിട്ടില്ല. കേസില്‍ വേണ്ട തരത്തില്‍ അന്വേഷണം നടത്താത പെരിന്തല്‍മണ്ണ DySP ക്ക് എതിരെ വകുപ്പ് തല നടപടികള്‍ക്കും കോടതി ഉത്തരവില്‍ തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇവരുമായി സംസാരിച്ച ജഡ്ജിമാർക്ക് ഇവര്‍ സാധാരണ ബുദ്ധിശക്തി മാത്രം ഉള്ള ഒരു കുട്ടിയായിട്ടാണ് തോന്നിയത്. അറബിയില്‍ കാണാതെ പഠിച്ച കുറെ ആയത്തുകള്‍ ഉരുവിടുന്നു എന്നാണു കോടതി ഉത്തരവിലെ നിരീക്ഷണം.

Our interaction with the detenue when she was brought before us, gives us an impression that, she is only an ordinary girl of moderate intellectual capacity. She appeared to be repeating verses and quotations in Arabic that she has apparently memorized.

രണ്ടു മതത്തില്‍ പെട്ടവര്‍ പരസപരം ഇഷ്ടപ്പെട്ടു ഒരാള്‍ മറ്റൊരാളുടെ മതം സ്വീകരിക്കുന്നതല്ല ഇവിടെ നടന്നത്. ആദ്യമേ മതം മാറിയ ഒരാളുടെ arranged marriage ആണ്. പക്ഷെ അതിന്‍റെതായ ഒരു ലക്ഷണവും കോടതി കണ്ടതുമില്ല.

The plea that Ms.Akhila has contracted a marriage. This is not a case of a girl falling in love with a boy of a different religion and wanting to get married to him. Such situations are common and we are familiar with them. In all such cases, this Court has been consistent in accepting choice of the girl. However, the case here is different. It is an admitted case that this is an arranged marriage.

അതായത് പച്ച കള്ളം പറഞ്ഞു കോടതിയെ പറ്റിക്കാന്‍ നോക്കിയത് കൊണ്ടാണ് ഈ വിധി.
അഖിലയുടെ മാതാ പിതാക്കള്‍ വിവാഹത്തില്‍ പങ്കെടുത്തു എന്ന നുണ പറഞ്ഞു, വിവാഹം ചെയ്‌താല്‍ പിന്നെ ഹേബിയസ് കോര്‍പ്പസ് നില നില്‍ക്കില്ല എന്നും കൂടെ കൊണ്ട് പോകാം എന്നും കരുതി കോടതിയില്‍ കേസ് നടക്കുന്ന സമയത്ത് ഒരു കടലാസ് കല്യാണം നടത്തി പുതിയ തന്ത്രം പരീക്ഷിച്ചു നോക്കിയതാണ്.
അഖിലയ്ക്ക് കിട്ടിയ സംഘടനാ പിന്തുണ, വിവിധ അഫിഡവിറ്റുകളില്‍ അഖില ഉപയോഗിച്ച വിവിധ പേരുകള്‍, ഐഎസ് ബന്ധത്തിന്‍റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട ആളും ഷഫിന്‍ ജഹാനും സജീവ അംഗം സോഷ്യല്‍ മീഡിയ ഗ്രൂപ്പ് എന്നിവയൊക്കെ വിധിയില്‍ നിര്‍ണ്ണായകമായി.

പിന്‍ കുറിപ്പ് :-

കോടതി വിധി പൂര്‍ണ്ണമായും കാണും മുന്‍പ് വലിയ്യിനെ നിശ്ചയിച്ച പ്രശ്നം ആണോ വിധിക്ക് കാരണം എന്ന് സംശയിച്ചിരുന്നു. എന്നാല്‍ വിധിയില്‍ ഇസ്ലാമിക ഗ്രന്ഥങ്ങള്‍ തന്നെ പരിഗണിച്ചിട്ടില്ല. പച്ചക്ക് തട്ടിപ്പ് നടന്ന വിഷയത്തില്‍ പിന്നെ വേറെ കാര്യങ്ങള്‍ ഒന്നും നോക്കേണ്ട കാര്യം ഇല്ല എന്ന് കോടതി കരുതികാണും. അല്ലെങ്കില്‍ വാലി മുജ്ബിര്‍ ولي مجبر‎‎)
പോലെ പലതും കോടതിയില്‍ പരിഗണിക്കപ്പെട്ടെനെ..

അപ്പീല്‍ സാധ്യതകള്‍

അപ്പീലിന് നല്ല സാധ്യതയുണ്ട്. ഇതൊന്നും സമുദായ പ്രശ്നം ആക്കി എതിരാളികള്‍ക്ക് വടി കൊടുക്കാന്‍ നില്‍ക്കരുത്. ഇതില്‍ ഇസ്ലാം ഒരു കഥാപാത്രമോ കക്ഷിയോ അല്ല. സുടാപ്പികള്‍ ആണ് കഥാ പാത്രങ്ങൾ.
ഭരണഘടനാ അവകാശങ്ങള്‍ പറഞ്ഞു സുപ്രീംകോടതിയില്‍ പോയാല്‍ അനുകൂല വിധി ഉണ്ടാവാം. ഉഡായിപ്പിനു പകരം ഞങ്ങള്‍ പ്രണയത്തില്‍ ആണ്, ഒന്നിച്ചു ജീവിക്കണം എന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ അനുകൂല വിധി ലഭിക്കാന്‍ സാധ്യതയുണ്ട്. അതിനിടെ അഖിലയുടെ വീട്ടില്‍ വച്ച് ശരിയായ ഇസ്ലാം എന്താണ് എന്ന് അവര്‍ മനസ്സിലാക്കിയാല്‍ കേസിന് പോകേണ്ട ആവശ്യം വരില്ല.