അര്‍ണബിനെതിരെ രണ്ട് കോടിയുടെ മാനനഷ്ട കേസുമായി തരൂര്‍, റിപ്പബ്ലിക് ചാനല്‍ വ്യക്തിഹത്യ നടത്തി

single-img
27 May 2017

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് ചാനല്‍ വ്യക്തിഹത്യ നടത്തിയെന്നൊരോപിച്ച് ചാനല്‍ സ്ഥാപകനും ചീഫ് എഡിറ്ററുമായ അര്‍ണബ് ഗോസ്വാമിക്കെതിരെ കോണ്‍ഗ്രസ് എംപി ശശി തരൂര്‍ അപകീര്‍ത്തിക് കേസ് നല്‍കി. ഡല്‍ഹി ഹൈക്കോടതിയിലാണ് കേസ് നല്‍കിയിരിക്കുന്നത്. തിങ്കളാഴ്ച്ച കോടതി കേസ് പരിഗണിക്കും.

സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ ചാനല്‍ ചര്‍ച്ചകള്‍ക്കിടയില്‍ വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള പ്രസ്താവനകള്‍ അര്‍ണബില്‍ നിന്നുമുണ്ടായെന്നും സംപ്രേക്ഷണം ചെയ്ത വാര്‍ത്ത അപകീര്‍ത്തികരമാണെന്നും ചൂണ്ടിക്കാട്ടിയാണ് കേസ്. സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തെ ഇത്തരത്തിലുള്ള വാര്‍ത്താ സംപ്രേക്ഷണം ദോഷകരമായി ബാധിക്കുമെന്നും പൊതുസമൂഹത്തിന് മുമ്പില്‍ കനത്ത മാനഹാനിക്ക് ഇത് ഇടയാക്കിയെന്നും ഹര്‍ജിയില്‍ സൂചിപ്പിക്കുന്നു.

രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. അര്‍ണബിനും റിപബ്ലിക്ക് ചാനലിന്റെ ഉടമസ്ഥ സ്ഥാപനമായ അര്‍ഗ് ഔട്ട്‌ലിയര്‍ മീഡിയ ഏഷ്യാനെറ്റ് ന്യൂസ് പ്രൈവറ്റ് ലിമിറ്റഡിനുമെതിരെയാണ് കേസ്. അര്‍ണബിന്റെ നേതൃത്വത്തിലുള്ള റിപബ്ലിക്ക് ചാനല്‍ സംപ്രേക്ഷണം ആരംഭിച്ച ആഴ്ച്ച തന്നെ സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ശശി തരൂരിന് പങ്കുണ്ടെന്ന് ആരോപിച്ചിരുന്നു.

ശശിതരൂരിന് വേണ്ടി അഭിഭാഷകരായ മുഹമ്മദ് അലി ഖാന്‍, ഗൗരവ് ഗുപ്ത എന്നിവരാണ് ഹാജരായത്. പ്രേഷകരെ പ്രീതിപ്പെടുത്തുന്നതിനായി മാത്രം ഇല്ലാത്ത വിവാദം സൃഷ്ടിച്ച് തന്നെ പൊതു സമൂഹത്തിന് മുന്നില്‍ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലാണ് ചാനല്‍ ചര്‍ച്ച സംപ്രേക്ഷണം ചെയ്തത് എന്ന് തരൂര്‍ ആരോപിക്കുന്നു.