മുഖ്യമന്ത്രിയെ കാണണോ ? എങ്കില്‍ പെര്‍ഫ്യൂം അടിച്ച് ദുര്‍ഗന്ധം മാറ്റിയിട്ട് വരൂവെന്ന് ദളിതരോട് ഉത്തര്‍പ്രദേശ് അധികാരികള്‍

single-img
26 May 2017

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദര്‍ശിക്കാന്‍ ദളിതര്‍ക്ക് പ്രത്യേക നിബന്ധനകളുമായി അധികാരികള്‍. സോപ്പും ഷാംപുവും പെര്‍ഫ്യൂമും ഉപയോഗിച്ച് ‘ദുര്‍ഗന്ധം’ മാറ്റിയതിന് ശേഷം മാത്രമേ മുഖ്യമന്ത്രിയെ കാണാന്‍ പാടുള്ളൂ എന്നാണ് ദളിതര്‍ക്ക് ജില്ലാ അധികൃതര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. മുഷാര്‍ ജനവിഭാഗം തിങ്ങിപാര്‍ക്കുന്ന ചേരിപ്രദേശമായ മുഷാര്‍ ബസ്തിയില്‍ കഴിഞ്ഞ ദിവസം യോഗി ആദിത്യനാഥ് സന്ദര്‍ശനത്തിനെത്തിയപ്പോഴായിരുന്നു സംഭവം. മുഖ്യമന്ത്രിയെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച ദളിത് വിഭാഗത്തിനാണ് ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയത്.

 

യുപിയില്‍ ഇപ്പോഴും തൊട്ടുകൂടായ്മ അനുഭവിക്കുന്ന ദളിത് വിഭാഗമാണ് മുഷാറുകള്‍. ഇവര്‍ എലി പിടിത്തക്കാര്‍ എന്നുകൂടി അറിയപ്പെടുന്നു. കാലങ്ങളായി അധികൃതര്‍ തിരിഞ്ഞു നോക്കാതെ കിടന്നിരുന്ന ചേരിയില്‍ രണ്ട് ദിവസത്തിനുള്ളില്‍ റോഡ് ശരിയാക്കുകയും ലൈറ്റുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. പുതിയ ശൗചാലയങ്ങളും നിര്‍മ്മിച്ചു. ഗ്രാമവാസികളെ അമ്പരിപ്പിക്കുന്നതായിരുന്നു അധികൃതരുടെ വികസനങ്ങള്‍ എന്ന് മുഷാര്‍ ബസ്തി നിവാസി പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന് മുമ്പായുള്ള ഒരുക്കങ്ങളാണെന്ന് പിന്നീടാണ് ഗ്രാമീണര്‍ തിരിച്ചറിഞ്ഞത്. വീടുകള്‍ വൃത്തിയാക്കി ഇടണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു. സോപ്പും ഷാംപൂവും പെര്‍ഫ്യൂമും തന്ന ശേഷം മുഖ്യമന്ത്രിയെ കാണുന്നതിന് മുമ്പ് ഇവയെല്ലാം ഉപയോഗിച്ചിരിക്കണമെന്ന് നിര്‍ദ്ദേശിച്ചതായും ഗ്രമാവാസികള്‍ പറഞ്ഞു.

 

നേരത്തെ ജമ്മു കശ്മീരില്‍ കൊല്ലപ്പെട്ട ബിഎസ്എഫ് ജവാന്റെ വീട് യോഗി ആദിത്യനാഥ് സന്ദര്‍ശിച്ചതും വലിയ വിവാദമായിരുന്നു. യോഗിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി അധികൃതര്‍ റോഡുകളും ലൈറ്റുകളും സ്ഥാപിച്ചതും ജവാന്റെ വീട്ടില്‍ എസി സ്ഥാപിച്ച അധികൃതര്‍ യോഗി പോയ ഉടന്‍ തന്നെ മാറ്റിയതും വിവാദമായിരുന്നു. ജവാന്റെ കുടുംബത്തെ അധിക്ഷേപിച്ചെന്നാരോപിച്ച് രൂക്ഷവിമര്‍ശനങ്ങളാണ് ബിജെപി മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്നത്.